കെ.പി.സി.സി ഭാരവാഹിപ്പട്ടിക കലാപമില്ലാത്ത ആശ്വാസത്തില്‍ നേതൃത്വം; അതൃപ്തി ഉള്ളിലൊതുക്കി ഗ്രൂപ്പുകള്‍
ഇ.പി മുഹമ്മദ്
കോഴിക്കോട്: കെ.പി.സി.സി ഭാരവാഹിപ്പട്ടികയെ ചൊല്ലി കാര്യമായ എതിര്‍പ്പുയരാത്ത ആശ്വാസത്തില്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വം. അതൃപ്തിയുണ്ടെങ്കിലും പുറമേയ്ക്കു പ്രകടിപ്പിക്കാതെ ജാഗ്രതയോടെ നീങ്ങുകയാണ് ഗ്രൂപ്പ് നേതാക്കള്‍. പട്ടിക പ്രഖ്യാപിക്കുന്നതിനു മുമ്പ് വേണ്ടത്ര ചര്‍ച്ച നടന്നില്ലെന്ന കെ. മുരളീധരന്റെ വിമര്‍ശനത്തെ നേതൃത്വം ഗൗരവമായി കാണുന്നില്ല.
ഡി.സി.സി പ്രസിഡന്റുമാരെ പ്രഖ്യാപിച്ചപ്പോള്‍ ഉണ്ടായ പൊട്ടിത്തെറി ഇത്തവണ ഇല്ലെങ്കിലും ഗ്രൂപ്പുകള്‍ക്ക് പൂര്‍ണമായും സ്വീകാര്യമായ പട്ടികയല്ല പ്രഖ്യാപിച്ചത്. കെ.സുധാകരന്റയും കെ.സി വേണുഗോപാലിന്റെയും ഇഷ്ടക്കാരായവരാണ് ഭാരവാഹികളായി വന്നവരില്‍ ഭൂരിഭാഗം പേരുമെന്നാണ് ഗ്രൂപ്പുകളുടെ വിമര്‍ശനം.
ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും നല്‍കിയ പേരുകള്‍ ഭാഗികമായെങ്കിലും പരിഗണിച്ചതിനാല്‍ പരസ്യമായ എതിര്‍പ്പ് വേണ്ടെന്നാണ് ഗ്രൂപ്പ് നേതാക്കളുടെ തീരുമാനം. ഇരുഗ്രൂപ്പുകളുടെയും ഭാഗമായിനിന്ന പലരും ഭാരവാഹികളായതോടെ ഇനിയെന്ത് നിലപാട് സ്വീകരിക്കുമെന്നും ഗ്രൂപ്പ് നേതൃത്വം ഉറ്റുനോക്കുന്നു.
സെമി കേഡര്‍ സംവിധാനത്തിലൂടെ പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള പുതുനേതൃത്വത്തിന്റെ നീക്കത്തിന് വലിയ സ്വീകാര്യത ലഭിച്ചതിനാല്‍ എതിര്‍പ്പുകള്‍ തിരിച്ചടിക്കുമെന്ന ഭയവും ഗ്രൂപ്പ് നേതാക്കള്‍ക്കുണ്ട്.
ഗ്രൂപ്പ്, വനിത, സാമുദായിക, ജില്ലാ പ്രാതിനിധ്യം പരമാവധി പാലിച്ചുവെന്ന് നേതൃത്വം പറയുമ്പോഴും വൈസ് പ്രസിഡന്റുമാരില്‍ വനിതയില്ലെന്നത് പരാതിയായി അവശേഷിക്കുന്നു. പട്ടികയില്‍ ഉള്‍പെട്ട ചിലരെ ചൊല്ലിയും അസംതൃപ്തിയുണ്ട്. മൂന്ന് വര്‍ഷം മുമ്പ് കെ.പി.സി.സി സെക്രട്ടറി സ്ഥാനം രാജിവച്ച് രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍നിന്ന് വിട്ടുനിന്ന കെ. ജയന്തിനെ ജനറല്‍ സെക്രട്ടറിയാക്കിയതില്‍ അമര്‍ഷം പുകയുന്നുണ്ട്.
തീവ്രഗ്രൂപ്പുകാരെയും കണ്ടുമടുത്ത മുഖങ്ങളെയും ഒഴിവാക്കി പട്ടിക 56 ല്‍ ഒതുക്കാന്‍ നേതൃത്വം കാണിച്ച ധൈര്യം പൊതുവെ അഭിനന്ദിക്കപ്പെടുന്നുണ്ട്. ഭാരവാഹികളായവരില്‍ പലരും പതിറ്റാണ്ടുകളായി നേതൃരംഗത്തുള്ളവരാണെന്നും ഇവര്‍ എങ്ങനെ പുതിയ മുഖങ്ങള്‍ ആവുമെന്നും വിമര്‍ശനമുണ്ട്.
എന്നാല്‍ ഇവര്‍ കെ.പി.സി.സി ഭാരവാഹികളായി പ്രവര്‍ത്തിച്ചിട്ടില്ലെന്നും ആ നിലയില്‍ പുതുമുഖങ്ങളാണെന്നും നേതൃത്വം പറയുന്നു.
വിമതശബ്ദം ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ പട്ടിക പ്രഖ്യാപിച്ച ഉടനെ ചില വിശദീകരണങ്ങള്‍ നല്‍കിയത്. അവസാന നിമിഷം വരെ പരിഗണിച്ച ചിലരെ ഒഴിവാക്കിയത് നേരത്തെയുണ്ടായ വിമത നീക്കങ്ങള്‍ കണക്കിലെടുത്താണെന്ന് നേതൃത്വം വ്യക്തമാക്കുന്നു.
തെരഞ്ഞെടുപ്പ് സമയത്തും ഡി.സി.സി പ്രസിഡന്റുമാരെ പ്രഖ്യാപിച്ചപ്പോഴും വിമതശബ്ദം ഉയര്‍ത്തിയവരെ ഒഴിവാക്കിയത് മറ്റുള്ളവര്‍ക്കുള്ള സന്ദേശം കൂടിയാണ്. അച്ചടക്കം ലംഘിച്ചാല്‍ പാര്‍ട്ടിയില്‍ സ്ഥാനങ്ങള്‍ ഉണ്ടാകില്ലെന്നതാണ് നേതൃത്വം പറയാതെ പറയുന്നത്.
പാര്‍ട്ടിക്കുള്ളില്‍ അതൃപ്തിയുടെ വിങ്ങല്‍ പ്രകടമാണെങ്കിലും അത് പരസ്യമായ വിഴുപ്പലക്കലിലേക്ക് നീങ്ങാതിരിക്കാന്‍ കരുതലോടെയാണ് കെ.സുധാകരന്റെയും വി.ഡി സതീശന്റെയും നീക്കം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."