അനുപമയുടെ പിതാവിനെതിരേ പാര്‍ട്ടി നടപടി ; ലോക്കല്‍ കമ്മിറ്റിയില്‍നിന്ന് നീക്കി, പാര്‍ട്ടി പരിപാടികളില്‍ വിലക്ക്
തിരുവനന്തപുരം: നിയമവിരുദ്ധമായി കുഞ്ഞിനെ ദത്തുനല്‍കിയ വിഷയത്തില്‍ അനുപമയുടെ പിതാവ് പി.എസ് ജയചന്ദ്രനെതിരേ സി.പി.എം നടപടി. അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ച് തീരുമാനം വരുന്നതുവരെ പാര്‍ട്ടി പരിപാടികളില്‍നിന്ന് ജയചന്ദ്രനെ മാറ്റിനിര്‍ത്താനും ലോക്കല്‍ കമ്മിറ്റിയില്‍ നിന്ന് നീക്കാനും തീരുമാനമായി. ഇന്നലെ നടന്ന പേരൂര്‍ക്കട ലോക്കല്‍, ഏരിയാ കമ്മിറ്റി യോഗങ്ങളിലാണ് തീരുമാനം. വട്ടപ്പാറ ബിജു, വേലായുധന്‍ നായര്‍, ജയപാല്‍ എന്നിവരടങ്ങിയ കമ്മിഷനാവും അന്വേഷിക്കുകയെന്ന് ഏരിയാ സെക്രട്ടറി രാജലാല്‍ പറഞ്ഞു.
എത്രയുംപെട്ടെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കമ്മിഷന് നിര്‍ദേശം. റിപ്പോര്‍ട്ട് ലഭിച്ച ശേഷം ജില്ലാ കമ്മിറ്റിക്ക് സമര്‍പ്പിക്കും. തുടര്‍ന്ന് കൂടുതല്‍ നടപടി വേണമോയെന്ന് ആലോചിക്കും. അന്തിമനടപടി ജില്ലാകമ്മിറ്റിയാവും പ്രഖ്യാപിക്കുക. ദത്ത് വിഷയം വലിയരീതിയില്‍ വിവാദമാവുകയും സര്‍ക്കാരും പാര്‍ട്ടിയും പ്രതിരോധത്തിലാവുകയും ചെയ്തതോടെയാണ് സംഭവം ചര്‍ച്ചചെയ്യാനായി കമ്മിറ്റികള്‍ ചേര്‍ന്നത്. ഇന്നലെ രാവിലെ ലോക്കല്‍ കമ്മിറ്റി ചേര്‍ന്ന ശേഷം ഉച്ചയ്ക്കാണ് ഏരിയാ കമ്മിറ്റി കൂടിയത്. ജയചന്ദ്രനും യോഗങ്ങളില്‍ പങ്കെടുത്തു. പേരൂര്‍ക്കട ലോക്കല്‍ കമ്മിറ്റി അംഗമായ ജയചന്ദ്രന്റെ നടപടി സി.പി.എമ്മിനും സര്‍ക്കാരിനും അവമതിപ്പ് ഉണ്ടാക്കിയെന്ന് യോഗം വിലയിരുത്തി.
ജയചന്ദ്രനെതിരേ നടപടി വേണമെന്ന നിര്‍ദേശം ജില്ലാ നേതൃത്വം കീഴ്ഘടകങ്ങള്‍ക്ക് നല്‍കിയിരുന്നു.
വിഷയത്തില്‍ ഒളിച്ചുകളി നടത്തിയ ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനും സംഭവം അട്ടിമറിക്കാന്‍ കൂട്ടുനിന്ന ശിശുക്ഷേമസമിതി ജനറല്‍സെക്രട്ടറിയും ഡി.വൈ.എഫ്.ഐ നേതാവുമായ ഷിജുഖാനുമെതിരേയും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. ഏരിയാകമ്മിറ്റി യോഗത്തില്‍ ജില്ലാ നേതാക്കളും പങ്കെടുത്തു. അതേസമയം, പാര്‍ട്ടി നടപടിയില്‍ സന്തോഷമുണ്ടെന്ന് അനുപമ പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."