ജംഇയ്യത്തുല്‍ ഖുത്വബാ മെംബര്‍ഷിപ്പ് കാംപയിന്‍ നാളെ തുടങ്ങും അര്‍ഹതയുള്ളവരെല്ലാം അംഗത്വമെടുക്കണം: ജിഫ്‌രി തങ്ങള്‍
കോഴിക്കോട്: നാളെ മുതല്‍ നവംബര്‍ 30 വരെ നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഖുത്വബാ അംഗത്വവിതരണ മാസാചരണ കാംപയിന്‍ വിജയിപ്പിക്കാന്‍ ഖത്വീബുമാര്‍ രംഗത്തിറങ്ങണമെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍. ഖത്വീബുമാരുടെ വിവിധ മേഖലയിലുള്ള കാലിക പുരോഗതിയും ശാക്തീകരണവും ലക്ഷ്യം വച്ച് പദ്ധതികള്‍ ആവിഷ്‌കരിച്ചു പ്രവര്‍ത്തിക്കുന്ന സംഘടനയില്‍ അര്‍ഹതയുള്ളവരെല്ലാം അംഗത്വമെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
ചേളാരി സമസ്താലയത്തില്‍ ചേര്‍ന്ന സംഗമത്തില്‍ കൊല്ലം വരിഞ്ഞം മഹല്ല് ജമാഅത്ത് ഖത്വീബ് അബ്ദുല്‍ വാഹിദ് ബാഖവിക്ക് അംഗത്വ അപേക്ഷഫോമും കൂപ്പണും നല്‍കി മാസാചരണ കാംപയിന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസബോര്‍ഡ് സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ അധ്യക്ഷനായി. ജംഇയ്യത്തുല്‍ ഖുത്വബാ ജന. സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി, ട്രഷറര്‍ സുലൈമാന്‍ ദാരിമി ഏലംകുളം, വര്‍ക്കിങ് സെക്രട്ടറി ഹംസ റഹ്മാനി കൊണ്ടിപ്പറമ്പ്, എസ്.വൈ.എസ് സെക്രട്ടറിമാരായ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, കെ. മോയിന്‍കുട്ടി മാസ്റ്റര്‍, എ.കെ ആലിപറമ്പ്, ശരീഫ് ദാരിമി കോട്ടയം, ഇസ്മാഈല്‍ ഹുദവി ചെമ്മാട്, അബൂബക്ര്‍ ഫൈസി മലയമ്മ, അബ്ദുസമദ് മുട്ടം സംബന്ധിച്ചു.
കഴിഞ്ഞ പ്രവര്‍ത്തനവര്‍ഷത്തില്‍ അംഗത്വമെടുത്ത മൂവായിരത്തിലധികം വരുന്ന ഖത്വീബുമാരുടെ മെംബര്‍ഷിപ്പ് പുതുക്കുന്നതിനും പുതുതായി മെംബര്‍ഷിപ്പെടുക്കുന്നതിനും വ്യവസ്ഥാപിത രീതിയാണ് കാംപയിന്‍ സമിതി ആവിഷ്‌കരിച്ചത്. മെംബര്‍ഷിപ്പ് നടപടികള്‍പൂര്‍ണമാക്കിയ മൂവായിരത്തോളം ഖത്വീബുമാര്‍ക്ക് തിരിച്ചറിയല്‍ രേഖയായ ക്യൂ.എസ്.ആര്‍.ഐ.ഡി കാര്‍ഡ് ഇതിനകം വിതരണം ചെയ്തു. പുതിയ സംസ്ഥാനകമ്മിറ്റി നിലവില്‍ വന്നാലുടന്‍ ബാക്കിയുള്ളവര്‍ക്ക് കാര്‍ഡ് അംഗീകരിച്ചു നല്‍കും. എസ്.എം.എഫ് അംഗീകൃത മഹല്ലുകളിലെ സേവനത്തിനും സമസ്തയുടെ ഖത്വീബുമാരുമായി ബന്ധപ്പെട്ട വിവിധ ആനുകൂല്യങ്ങള്‍ക്കും തിരിച്ചറിയല്‍കാര്‍ഡ് അനിവാര്യമാണ്. നവമ്പറില്‍ മെമ്പര്‍ഷിപ്പ് വിതരണം പൂര്‍ത്തിയാക്കി ഡിസംബറില്‍ മേഖല, മണ്ഡലം, താലൂക്ക് കമ്മിറ്റികളും ജനുവരിയില്‍ ജില്ലാ കമ്മിറ്റിയും രൂപീകരിക്കും. ഫെബ്രുവരിയില്‍ പുതിയ സംസ്ഥാന കമ്മിറ്റി നിലവില്‍ വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."