എ.ഡി 2030
മൊയ്തു അഴിയൂര്‍
ഫൗണ്ടനില്‍ നിന്ന് വരുന്നതുപോലെ ഇതളുകളായി പെയ്തിറങ്ങുന്ന ഈ മൂത്രം ഒഴിച്ചുതീരാന്‍ തന്നെ ഒരുപാട് സമയംവേണം. മൊബൈലിന്റെ മണിനാദം മുഴങ്ങുന്നത് കുറെ നേരമായി കേള്‍ക്കുന്നു. എന്തു ചെയ്യാനാണ്... ഇതൊന്ന് നിന്നുകിട്ടിയിട്ട് വേണ്ടേ ബാത്ത്‌റൂമില്‍ നിന്നിറങ്ങാന്‍? ഇങ്ങനെയെങ്കിലും സാധിക്കുന്നത്, സുലൈമാന്‍ ഡോക്ടരുടെ 'അല്‍ഫൂ' വിന്റെ ബലത്തിലാണ്.
മണി വീണ്ടും മുഴങ്ങി. പേര് തെളിഞ്ഞു.
അവനാണ്. 'അസ്‌റായീലിന്റെ വിളിയാളം'. ഇനിയും വരാത്ത മൂന്ന് ചങ്ങാതിമാരില്‍ ഒരാള്‍. എണ്‍പതിന്റെ നിറ നിലാവില്‍ ബോണസാണ് ഇപ്പോഴത്തെ ഈ ജീവിതമെന്ന് പറയുന്നവന്‍.
ഏറെ കഷ്ടപ്പെട്ടാണ് അവന്‍ മക്കളെ പഠിപ്പിച്ച് ഉന്നതങ്ങളിലെത്തിച്ചത്.
മീന്‍ മണമുള്ള ദരിദ്രമായൊരു കടലോര ഗ്രാമമാണ് ഞങ്ങളുടേത്. അധികപേരും കടലിനെ ആശ്രയിച്ച് ജീവിക്കുന്ന പാവപ്പെട്ട മനുഷൃര്‍.. ചുങ്കക്കാരുടെ തോണിയിലെ അമരക്കാരനായിരുന്നു, അവന്‍. മീന്‍ പൊലപ്പിന്റെ വരവും കടലിന്റെ പരപ്പുമറിയുന്ന യഥാര്‍ഥ കടലിന്റെ പുത്രന്‍. മറ്റെല്ലാവര്‍ക്കും ഒരംശം കിട്ടുമ്പോള്‍ രണ്ടംശം വേതനം വാങ്ങിയിരുന്ന തോണിയുടെ മുതലാളി.
യാത്ര ചോദിക്കാന്‍ വിളിച്ചതാണെന്നെ. പോകുകയാണവന്‍. നഗരത്തിലെ അതൃാധുനികമായ ജീവിത സൗകര്യങ്ങളെല്ലാമുള്ള, വൃദ്ധജനങ്ങളെ അന്തേവാസികളായി താമസിപ്പിക്കുന്ന സ്‌നേഹസദനത്തിലേക്ക്. കെട്ടിയോളെ ഈയിടെയാണ് മരണം കെട്ടിയെടുത്ത് കൊണ്ടുപോയത്. വേര്‍പാടിന്റെ വിഷാദവീചികളുമായി ഒറ്റയാനായി മൂത്ത മോനോടൊപ്പമാണ് വാസം. പറഞ്ഞുവന്നപ്പോള്‍ ചങ്ങാതിയുടെ ജീവിതത്തിലും വലിയ വില്ലനായി ഭവിച്ചത് മൂത്രമാണത്രേ! ഞങ്ങള്‍ വയസന്മാരും മൂത്രശല്യവും വിട്ടുപിരിയാത്ത കൂട്ടുകാരാണെന്ന് തോന്നുന്നു!. സ്വീകരണമുറിയില്‍ ഈയിടെ വിരിച്ച പുതിയകശ്മീര്‍ പരവതാനിക്ക് നേരിയൊരു ദുര്‍ഗന്ധം. മോന്റെ ഭാര്യ കുറച്ചുനേരം ശ്വാനനെപ്പോലെ മൂക്ക് മണത്ത് നോക്കിനടന്നു. ഒരു വളര്‍ത്തു പൂച്ചയുണ്ട് വീട്ടില്‍. വെളുത്ത നീളന്‍ രോമങ്ങളുള്ള പേര്‍ഷ്യന്‍ ഇനത്തില്‍ പെട്ടത്. ചിലപ്പോള്‍ അതാവാം, അങ്ങനെയൊരു സംശയം അവന്‍ പറഞ്ഞുനോക്കി. പൂച്ച മൂത്രം... മുഴുമിപ്പിക്കാന്‍ അവള്‍ സമ്മതിച്ചില്ല.
'അത് പോട്ടിയിലേ ഒഴിക്കൂ'
'അതായിരിക്കാം ശരി. കുറച്ച് നാളായി ഇങ്ങനെയാണ്. സ്വയമറിയാതെ മൂത്രം ഒഴിച്ച് പോകുന്നുണ്ടെന്ന് തോന്നുന്നു..'. അവളുടെ കണ്ണുകളില്‍ കള്ളനെ കൈയോടെ പിടിച്ച പൊലിസുകാരന്റെ ഭാവചലനങ്ങളുണ്ടായിരുന്നു. ഞങ്ങളുടെ ഗ്രാമത്തിലെ മോഡിയേറെയുള്ള വീടാണ് അവന്റെ മകന്റേത്. സ്വിമ്മിങ്ങ് പൂളുണ്ട്. കാവലിനൊരു ഗൂര്‍ഖയുണ്ട്. മറ്റെല്ലാ സൗകരൃങ്ങളുമുണ്ട്. ദൂരെനിന്ന് നോക്കിയാല്‍ ഷിപ്പാണെന്ന് തോന്നുന്ന സ്ട്രക്ചറാണ് വീടിന്റേത്. അബൂദാബിയില്‍ സ്വന്തമായി കണ്‍സ്ട്രക്ഷന്‍ കമ്പനിയും മറ്റനേകം ബിസിനസ് സ്ഥാപനങ്ങളുമുള്ള കോടീശ്വരനാണ് മകന്‍. മകന്റെ നിലവിലുള്ള നിലക്കും വിലയ്ക്കൂം അനുസരിച്ചുള്ള അതിഗംഭീരമായ ആഡംബരവും സദ്യയും അലങ്കാരവുമൊക്കെയുണ്ട്, ബാപ്പയുടെ യാത്രയയപ്പിന്ന്. ക്ഷണിക്കപ്പെട്ട അതിഥികളില്‍ ആത്മബന്ധം മറ്റാരെക്കാളുമുള്ള ചങ്ങാതിയെന്ന നിലയില്‍ എന്റെ സാനിധ്യം നിര്‍ബന്ധമായും ഉണ്ടാവണമെന്ന് അവന്‍ ആണയിട്ട് പറഞ്ഞിട്ടുണ്ട്. എന്നാലും ഗദ്ഗദത്തോടെ അവന്‍ ഒടുവില്‍ പറഞ്ഞ വാക്കുകള്‍ വല്ലാതെ മനസില്‍ തൊട്ടിരുന്നു.
'ചിലപ്പം ഞമ്മക്കിനി ആഹ്‌റത്ത്ന്നല്ലേ കാണാനാവൂ'.
നിയന്ത്രിക്കാനായില്ല മനസിനെ. വിതുമ്പിപ്പോയി അറിയാതെ. ചാറല്‍മഴയില്‍ ചേമ്പില ചൂടി പൂഴിത്തലയിലെ മാപ്പിള സ്‌കൂളില്‍ ഒന്നാം ക്ലാസില്‍ ചേര്‍ന്ന ദിവസം വെറുതെ ഓര്‍ത്തുപോയി. നഗരത്തിന്റെ അതിരിലെ ഗ്രാമ്യവിശുദ്ധിയിയില്‍ ഏതോ റിയല്‍ എസ്റ്റേറ്റുകാര്‍ സമ്പന്നര്‍ക്ക് മാത്രം കയറിപ്പറ്റാനാവുന്ന വിധത്തില്‍ പണിതുയര്‍ത്തിയ ഫൈവ് സ്റ്റാര്‍ സൗകരൃമുള്ള വൃദ്ധസദനത്തിലേക്കാണ് യാത്ര.
പണ്ടൊക്കെ ജനിച്ചുവളര്‍ന്ന ജീവിത പരിസരങ്ങളില്‍ സ്‌നേഹ ജനങ്ങളുടെ പരിചരണത്തിലും സ്പര്‍ശത്തിലും സ്വന്തം വീട്ടിന്റെ പരിമിതികളിലുള്ള ശിഷ്ടകാലമായിരുന്നു എല്ലാവരും ആഗ്രഹിച്ചിരുന്നതും കൊതിച്ചിരുന്നതും പ്രാര്‍ഥിച്ചതും. എന്നാല്‍ കാലത്തിന്റെ ഭ്രമണത്തില്‍ നാടിന്റെ നടപ്പ് ശീലങ്ങളും സാമ്പ്രദായിക രീതികളും അവസ്ഥകളും ആകെ മാറിപ്പോയി. കൊയ്ത്തുകാലത്തിന്റെ ആമോദത്തോടെ നക്ഷത്രപദവിയുള്ള വൃദ്ധ സദനങ്ങളുടെ പരസ്യപ്രളയമാണ് മീഡിയകളിലാകെ.
ചങ്ങാതി ഫോണിലൂടെ തമാശ പറഞ്ഞതുപോലെ 'ചൊട്ടിയാല്‍ ചോര തെറിക്കുന്ന ചൊങ്കുള്ള ബാല്യക്കാരത്തികളാണത്രെ അവിടെ വയ്ക്കുന്നതും വിളമ്പുന്നതും വാരിത്തരുന്നതുമെല്ലാം'.
തന്റെ ഉള്ളിലും എവിടെയൊക്കെയോ വെറുതെ മോഹത്തിന്റെ ലഡു പൊട്ടുന്നുണ്ടോ!
മകള്‍ വന്നു. വീട്ടുവളപ്പില്‍ തന്നെ വേറെ വീട് വച്ചാണവളുടെ താമസം. എന്നാലും രാവിലെ വാതില്‍ തുറക്കുന്നതിന് മുമ്പെ അവളെത്തും. പേരക്കുട്ടികള്‍ വായിച്ച് പറഞ്ഞുതന്ന ബഷീറിന്റെ കഥയിലെ പാത്തുമ്മാന്റെ ആടിനെപ്പോലെ. എന്നത്തെയും പോലെ അവളുടെ കൈയ്യില്‍ പാത്രമുണ്ട്. പ്രാതലിന്റെ വിഭവങ്ങളാണ്. ചൂടുള്ള പുട്ടും നല്ല ആവി പറക്കുന്ന ചെറുപയര്‍ കറിയും. കൈ പിടിച്ചെഴുന്നേല്‍പ്പിച്ച് തീന്‍ മേശക്കരികിലിരുത്തി. അഭിമുഖമായി അവളുമിരുന്നു. മുടി ചെറുതാക്കുന്നതും, കാല്‍ നഖങ്ങള്‍ വെട്ടി വൃത്തിയാക്കിത്തരുന്നതും നിറംമങ്ങാത്ത വസ്ത്രം ധരിപ്പിക്കുന്നതുമെല്ലാം അവളാണ്. വേറെ ആരെയും അനുവദിക്കാത്ത അവളുടെ മാത്രം കുത്തക അവകാശംപോലെ.
കറിയില്‍ കുഴച്ച പുട്ടിന്റെ ചെറിയ ഉണ്ടകള്‍ തൊണ്ടയില്‍ തടയാതിരിക്കാന്‍ പുറം മെല്ലെ തടവുന്ന മകളോടൊരു തമാശപോലെ ഇങ്ങനെ പറഞ്ഞു.
'എന്റ ചങ്ങായി ഈ തിങ്കളാഴ്ച സദനത്തി പോവ്വാ, എന്നയും ഓന്‍ ബിളിക്ക്ന്ന്ണ്ട്'
'അപ്പൂതി അങ്ങ് മനസില് വച്ചാ മതി. ഈ ദുനിയാവിലെ ഏത് സ്വര്‍ഗം വന്ന് വിളിച്ചാലും ഞാനെന്റെ ഉപ്പയെ ആരിക്കും വിട്ട്‌കൊടുക്കുല്ല'
അലംഘനീയമായൊരു ദൃഢപ്രതിജ്ഞപോലെ മകളുടെ വാക്കുകള്‍ അന്തരീക്ഷത്തില്‍ തേന്‍ മഴയായി പെയ്തിറങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."