രാജ്യസുരക്ഷയും പറഞ്ഞ് രക്ഷപ്പെടുംമുമ്പ്
കെ.എ സലിം
പെഗാസസ് മുതൽ താഹാ ഫസൽ കേസിലെ വിധിവരെ സുപ്രിംകോടതിയിൽ നിന്നുയർന്നത് പ്രതീക്ഷയുടെ പുതുവെളിച്ചമാണ്. ചീഫ് ജസ്റ്റിസായി അധികാരമേറ്റ് ആറു മാസത്തിനുള്ളിൽ എൻ.വി രമണ രാജ്യത്തെ ജുഡീഷ്യറിയിലുള്ള ജനങ്ങളുടെ വിശ്വാസം വീണ്ടെടുത്തുവെന്ന് വിലയിരുത്തിയത് ഒഡിഷ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡോ. എസ്. മുരളീധറാണ്. ജസ്റ്റിസ് മുരളീധറിനെ മറക്കാറായിട്ടില്ല. വടക്കുകിഴക്കൻ ഡൽഹി കലാപക്കാലത്ത് പരുക്കേറ്റവരെ ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും കഴിയാതിരുന്ന ആ അർധരാത്രിയിൽ അപ്പോൾ തന്നെ കോടതി ചേർന്ന് ആംബുലൻസുകൾ അയക്കാൻ നിർദേശം നൽകിയ നീതിമാനായ ജഡ്ജിയാണ് മുരളീധർ. ഇനിയൊരു 1984 താങ്ങാൻ ഡൽഹിക്കു ശേഷിയില്ലെന്ന് സിഖ് കൂട്ടക്കൊലയെ അനുസ്മരിപ്പിച്ച് മുരളീധർ പറയുകയും ചെയ്തു. തൊട്ടുപിന്നാലെ മുരളീധറിനെ മറ്റൊരു കോടതിയിലേക്ക് മാറ്റിയെന്നത് മറ്റൊരു കാര്യം.
നിരവധി സുപ്രിംകോടതി ജഡ്ജിമാരെക്കുറിച്ച് വിവിധങ്ങളായ അഴിമതി ആരോപണങ്ങൾ നേരത്തെ തന്നെ ഉയർന്നതാണ്. എന്നാൽ, അതൊന്നും ജുഡീഷ്യറിയുടെ വിശ്വാസ്യതയെ പൂർണമായും ബാധിച്ചിരുന്നില്ല. രാജ്യത്തെ നീതിന്യായ വ്യവസ്ഥയെക്കുറിച്ച് സംശയം പ്രകടിപ്പിച്ച് സുപ്രിംകോടതിയിലെ നാലു ജഡ്ജിമാർ വാർത്താസമ്മേളനം നടത്തിയതോടെയാണ് രാജ്യത്തെ ജുഡീഷ്യൽ സംവിധാനം സംശയത്തിൻ്റെ ഇരുളിലാകുന്നത്. അമിത്ഷാ പ്രതിയായ ജസ്റ്റിസ് ലോയ കേസ് മുൻഗണനാ ക്രമം മറികടന്ന് അരുൺ മിശ്രയുടെ ബെഞ്ചിൽ ലിസ്റ്റ് ചെയ്തതിനാണ് ജസ്റ്റിസ് ചെലമേശ്വറിന്റെ നേതൃത്വത്തിൽ ചീഫ് ജസ്റ്റിസായിരുന്ന ദീപക് മിശ്രയ്ക്കെതിരേ നാലു ജഡ്ജിമാർ വാർത്താസമ്മേളനം നടത്തിയത്.
നാലു ജഡ്ജിമാർ മാധ്യമങ്ങൾക്കു മുന്നിൽവന്ന് അവിടെ എന്തു നടക്കുന്നുവെന്ന് രാജ്യം അറിയണമെന്നു പറയുന്നത് സുപ്രിംകോടതിയുടെ ചരിത്രത്തിലെ അസാധാരണമായ സംഭവമായിരുന്നു. ഈ നാലു ജഡ്ജിമാരിലൊരാളായ ജസ്റ്റിസ് രഞ്ജൻ ഗൊഗോയി ചീഫ് ജസ്റ്റിസായ കാലത്തു തന്നെ സുപ്രിംകോടതി വിവാദങ്ങളുടെ ശക്തമായ കേന്ദ്രമായി മാറിയെന്നത് മറ്റൊരു വിരോധാഭാസം. വിരമിച്ച ശേഷം ഗൊഗോയിക്ക് ബി.ജെ.പി രാജ്യസഭാംഗത്വം നൽകിയെന്നതും ജുഡീഷ്യറിയെ കൂടുതൽ സംശയത്തിലാക്കി.
എന്നാൽ, പെഗാസസ് കേസിൽ ചീഫ് ജസ്റ്റിസ് രമണയുടെ നേതൃത്വത്തിലുള്ള സുപ്രിംകോടതി ബെഞ്ചിന്റെ വിധിന്യായം ഇന്ത്യൻ ജുഡീഷ്യറിക്ക് പുതുജീവനാണ് നൽകിയത്. റാഫേൽ അഴിമതിക്കേസിലും കശ്മിരിലെ ഇന്റർനെറ്റ് റദ്ദാക്കി പൗരാവകാശങ്ങൾ നിഷേധിച്ച കേസിലും രാജ്യസുരക്ഷയുടെ ന്യായങ്ങൾ പറഞ്ഞ് രക്ഷപ്പെട്ട കേന്ദ്ര സർക്കാരിനെ പക്ഷേ, പെഗാസസ് കേസിൽ രക്ഷപ്പെടാൻ കോടതി സമ്മതിച്ചില്ല.
രാജ്യസുരക്ഷ പറഞ്ഞ് എപ്പോഴും ജുഡീഷ്യറിയുടെ പിടിയിൽനിന്ന് രക്ഷപ്പെടാൻ കഴിയില്ലെന്ന് വിധിന്യായത്തിൽ കേന്ദ്രത്തോട് സുപ്രിംകോടതി പറഞ്ഞു. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കാര്യമായതിനാൽ പെഗാസസ് ഉപയോഗിച്ച് വിവരങ്ങൾ ചോർത്തിയോ, ഇല്ലയോ എന്ന കാര്യം വെളിപ്പെടുത്താൻ പറ്റില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്. രാജ്യസുരക്ഷയെക്കുറിച്ച് സർക്കാർ പറയുന്നതു കൊണ്ട് മാത്രം ജുഡീഷ്യറി നിശബ്ദ കാഴ്ചക്കാരനായിരിക്കില്ലെന്നായിരുന്നു കോടതിയുടെ മറുപടി. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ടതിനാൽ ചോദിക്കുന്ന വിവരങ്ങൾ വെളിപ്പെടുത്താൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാരിനു പറയാം. എന്നാൽ കോടതി തേടുന്ന വിവരങ്ങൾ രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട് രഹസ്യമായി സൂക്ഷിക്കേണ്ടവയാണെന്ന് കേന്ദ്ര സർക്കാർ തെളിയിക്കണമെന്നും കോടതി പറഞ്ഞു.
സ്വന്തമായി അന്വേഷണ സംഘം രൂപീകരിച്ച കോടതി കേന്ദ്ര സർക്കാരിനെയും അതിന്റെ നിയന്ത്രണത്തിലുള്ള ഡിപ്പാർട്ട്മെന്റുകളെയും അന്വേഷണത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തുകയും ചെയ്തു. രാജ്യത്തെ ട്രൈബ്യൂണലുകളിൽ നിയമനം നടത്താതെ ആ വ്യവസ്ഥയെത്തന്നെ ദുർബലമാക്കിയ കേന്ദ്ര സർക്കാരിനെ സുപ്രിംകോടതി ശക്തമായ വിമർശനങ്ങൾ കൊണ്ടാണ് നേരിട്ടത്. ഇതോടെ കേന്ദ്രത്തിനു ട്രൈബ്യൂണലുകളിൽ അംഗങ്ങളെ നിയമിക്കേണ്ടി വന്നു. നിയമനം നടത്തിയില്ലെങ്കിൽ ട്രൈബ്യൂണൽ നിയമം തന്നെ സ്റ്റേ ചെയ്യുമെന്ന് കോടതി മുന്നറിയിപ്പ് നൽകി. ലേഖിംപൂർ സംഭവത്തിൽ ഇടപെട്ട സുപ്രിംകോടതി, അന്വേഷണത്തിലെ പോരായ്മകൾ ചൂണ്ടിക്കാട്ടുക മാത്രമല്ല, തിരുത്തൽ നടപടികൾ നിർദേശിക്കുകയും അതിനായുള്ള ഇടക്കാല ഉത്തരവുകൾ പുറപ്പെടുവിക്കുകയും ചെയ്തു.
രാഷ്ട്രീയക്കാരുൾപ്പെട്ട ക്രിമിനൽക്കേസുകൾ തീർപ്പാക്കുന്നതിന് ആവശ്യത്തിന് പ്രത്യേക കോടതികൾ രൂപീകരിക്കാനും കോടതി നിർദേശിച്ചു. രാജ്യദ്രോഹക്കുറ്റം ദുരുപയോഗം ചെയ്യുന്ന കേന്ദ്ര സർക്കാരിനെതിരേ കടുത്ത വിമർശനമാണ് പലപ്പോഴായി ചീഫ് ജസ്റ്റിസ് ഉന്നയിച്ചത്. കൊളോണിയൽ കാലത്തെ കരിനിയമങ്ങൾ ഇപ്പോഴും തുടരുന്നത് എന്തിനാണെന്ന് അദ്ദേഹം കേന്ദ്ര സർക്കാരിനോട് ചോദിച്ചു. ഹൈക്കോടതികളിലെ ജഡ്ജിമാരുടെ ഒഴിവുകൾ അതിവേഗത്തിൽ നികത്താൻ നിലപാട് സ്വീകരിച്ചു. സുപ്രിംകോടതിയിൽ കൂടുതൽ വനിതാ ജഡ്ജിമാരെ നിയമിച്ചു.
താഹാ ഫസൽ കേസിൽ കോടതിയുടെ നിരീക്ഷണങ്ങൾ കൂടി ചേർത്തുനിർത്തിയാൽ അസാധാരണമായ ഇടപെടലുകൾ കോടതി നടത്തിയെന്നു തന്നെ പറയേണ്ടിവരും. വിചാരണ തുടങ്ങാത്ത കേസിൽ യു.എ.പി.എ നിലനിൽക്കില്ലെന്ന ശ്രദ്ധേയമായ നിരീക്ഷണമായിരുന്നു സുപ്രിംകോടതിയുടേത്. ഭീകര സംഘടനയെ പിന്തുണയ്ക്കുകയോ അതിന്റെ ഭാഗമായിരിക്കുകയോ ചെയ്യുന്നതു കൊണ്ട് മാത്രം യു.
എ.പി.എയുടെ 38, 39 വകുപ്പുകൾ ചുമത്താൻ പറ്റില്ലെന്നു സുപ്രിംകോടതി വ്യക്തമാക്കി. ഭീകരപ്രവർത്തനം നടത്താത്തിടത്തോളം കാലം നിരോധിത സംഘടനയെ പിന്തുണയ്ക്കുന്നതിന്റെ പേരിൽ യു.എ.പി.എ ചുമത്താൻ കഴിയില്ലെന്ന പരാമർശം ഭീമാ കൊറെഗാവ് മുതൽ നിരവധി കേസുകളിൽ തുടർന്ന് ഉപയോഗിക്കാനാണു സാധ്യത.
സുപ്രിംകോടതിയിൽ സമീപകാലത്തുണ്ടായ വിവാദങ്ങളിലെല്ലാം ഒരുവശത്ത് ജസ്റ്റിസ് അരുൺ മിശ്രയുണ്ടായിരുന്നു. ഇന്ത്യൻ ജുഡീഷ്യറിയുടെ ചരിത്രത്തിലില്ലാത്ത ഹീനമായ കേന്ദ്ര സർക്കാർ വിധേയത്വത്തിന്റെ പാതയിലേക്ക് പവിത്രമായ ആ സ്ഥാപനത്തെ നയിച്ചതിൽ ജസ്റ്റിസ് അരുൺ മിശ്രയുടെ പങ്ക് ചെറുതൊന്നുമല്ല. വിധികളുടെ കാര്യത്തിൽ മാത്രമല്ല, 2014 ജൂലൈ ഏഴിലെ സുപ്രിംകോടതിയിലേക്കുള്ള നിയമനം ഉൾപ്പെടെയുള്ള കാര്യങ്ങളിലും മിശ്രയ്ക്ക് സംശയത്തിന്റെ ആനുകൂല്യം പോലും നൽകാത്തവരുണ്ട്.
ലോയയുടെ മരണക്കേസിൽ അരുൺ മിശ്ര കുറ്റവിമുക്തനാക്കിയ പ്രതി പിന്നീട് ആഭ്യന്തര മന്ത്രിയായ അമിത്ഷാ ആയിരുന്നെങ്കിൽ ഹരൻ പാണ്ഡ്യ കേസിൽ നരേന്ദ്ര മോദിയുടെ നേരേയായിരുന്നു പാണ്ഡ്യയുടെ ബന്ധുക്കൾ പോലും വിരൽചൂണ്ടിയിരുന്നത്. 2002ലെ ഗുജറാത്ത് വംശഹത്യയിൽ മോദിയുടെ പങ്ക് അന്വേഷിക്കണമെന്നും വംശഹത്യയ്ക്ക് ഒത്താശ ചെയ്ത മോദിയുടെ നിർദേശങ്ങൾ താനടക്കമുള്ള ഒരു യോഗത്തിലാണ് വന്നതെന്നും കാണിച്ച് സഞ്ജീവ് ഭട്ട് നൽകിയ ഹരജി തള്ളിയ വിധിയെഴുതിയതും മിശ്രയാണ്.
ഹരൻ പാണ്ഡ്യ വധക്കേസ് തന്നെ നോക്കൂ. ഹൈക്കോടതി ഒട്ടും വിശ്വസിക്കാൻ പറ്റാത്തതെന്ന് വിധിയെഴുതിയ അനിൽ യാദ്റാം പട്ടേലെന്ന അഹമ്മദാബാദിലെ നിരക്ഷരനായ തെരുവുകച്ചവടക്കാരന്റെ മൊഴി മാത്രം വിശ്വാസത്തിലെടുത്താണ് അരുൺ മിശ്ര അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ച് 11 മുസ് ലിം യുവാക്കളെ ജീവപര്യന്തം ശിക്ഷിച്ചത്. 2019നു ശേഷം ഇതുവരെയായി അദാനി ഗ്രൂപ്പ് ഉൾപ്പെടുന്ന ആറു കേസുകളിൽ മിശ്ര അദാനിക്ക് അനുകൂലമായാണ് വിധിപറഞ്ഞത്.
അതിൽതന്നെ ചില കേസുകൾ അവധിക്കാല ബെഞ്ചിൽനിന്ന് തന്റെ ബെഞ്ചിലേക്ക് അടിയന്തരമായി വിളിച്ചുവരുത്തി അദാനിക്ക് അനുകൂലമായി തീർപ്പാക്കിക്കൊടുത്തു. ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ച നിയമത്തിൽ സുപ്രിംകോടതിയുടെ തന്നെ രണ്ടു വിധികളിൽ വൈരുധ്യമുണ്ട് എന്നു വന്നപ്പോൾ വിശാല ഭരണഘടനാ ബെഞ്ച് കേൾക്കാൻ തീരുമാനിക്കുകയും അതിൽ സർക്കാരിന് അനുകൂലമായി വിധിയെഴുതിയ മിശ്ര തന്നെ അതിന്റെ അധ്യക്ഷനാവുകയും ചെയ്തു. ഈ വ്യവസ്ഥയിൽനിന്ന് സുപ്രിംകോടതിയെ വിശ്വാസമർപ്പിക്കാവുന്ന കേന്ദ്രമായി തിരിച്ചെത്തിക്കുകയെന്നത് ചെറിയ കാര്യമൊന്നുമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."