കാർ തകർത്ത കേസ്: കോൺഗ്രസ് പ്രവർത്തകൻ്റെ ജാമ്യാപേക്ഷ തള്ളി
ഇന്ധന വിലവർധനവിനെതിരേ ദേശീയപാതയിൽ നടത്തിയ ഉപരോധ സമരത്തിനിടെ നടൻ ജോജു ജോർജിൻ്റെ കാർ തകർത്ത കേസിൽ അറസ്റ്റിലായ കോൺഗ്രസ് പ്രവർത്തകൻ്റെ ജാമ്യാപേക്ഷ കോടതി തള്ളി.
എറണാകുളം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വൈറ്റിലയിലെ കോൺഗ്രസ് പ്രവർത്തകനായ പി. ജി ജോസഫിൻ്റെ ജാമ്യാപേക്ഷ തള്ളിയത്. സ്വകാര്യ സ്വത്തുക്കൾ നശിപ്പിക്കുന്നതിനെതിരായ നിയമത്തിലെ വ്യവസ്ഥകൾ ചുമത്തിയാണ് കാർ തകർത്ത കേസിൽ ജോസഫിനെ അറസ്റ്റ്ചെയ്തത്. മുൻമേയർ ടോണി ചമ്മിണി ഉൾപ്പെടെ എട്ട് പ്രതികളാണുള്ളത്.
കരുതിക്കൂട്ടിയുള്ള ആക്രമണമാണ് ജോജു ജോർജിൻ്റെ കാറിന് നേരെയുണ്ടായതെന്നും പ്രതിഷേധിക്കുന്നവർക്കെതിരേ ആക്രമണം നടത്തുന്നത് അംഗീകരിക്കാനാകില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. കേസിലെ മറ്റു പ്രതികളെല്ലാം ഒളിവിലായതിനാലും ജാമ്യം നൽകാനാകില്ലെന്ന് കോടതി വ്യക്തമാക്കി. നാലായിരത്തോളം കോൺഗ്രസ് പ്രവർത്തകരാണ് ഉപരോധസമരത്തിൽ പങ്കെടുത്തതെന്നും അതിനിടെയുണ്ടായ ഒറ്റപ്പെട്ട സംഭവമാണ് കാർ ആക്രമണമെന്നുമായിരുന്നു പ്രതിഭാഗത്തിൻ്റെ വാദം. എന്നാൽ ആയിരം പേർ പോലും ഉപരോധത്തിൽ പങ്കെടുത്തിരുന്നില്ലെന്ന് ജോജുവിൻ്റെ അഭിഭാഷകൻ രഞ്ജിത്ത് മാരാർ പറഞ്ഞു. ആക്രമണം ആസൂത്രിതമായിരുന്നെന്നും ജോജുവിൻ്റെ അഭിഭാഷകന് കോടതിയിൽ പറഞ്ഞു. പ്രതിയുടെ ജാമ്യാപേക്ഷക്കൊപ്പം തൻ്റെ ഭാഗം കൂടി കേൾക്കണമെന്നാവശ്യപ്പെട്ട് നടൻ ജോജു ജോർജ് ഹരജി നൽകി. അതേ സമയം ജോജുവുമായി പ്രശ്നം പറഞ്ഞ് തീർത്ത് കേസ് അവസാനിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ നടക്കുകയാണെന്ന് ഡി.സി.സി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ് കഴിഞ്ഞ ദിവസം വ്യക്തമാക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."