പാക് നാവികസേനയുടെ അതിക്രമം; ഇന്ത്യൻ മത്സ്യത്തൊഴിലാളിയെ വെടിവച്ചു കൊന്നു
വെടിവയ്പുണ്ടായത് ഇന്ത്യൻ സമുദ്ര മേഖലയിൽ ■ കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളി മഹാരാഷ്ട്ര സ്വദേശി ■ ഒരു മത്സ്യത്തൊഴിലാളിക്ക് പരുക്ക്
ദേവഭൂമി (ഗുജറാത്ത്)
ഗുജറാത്ത് തീരത്ത് പാക് നാവികസേന ഇന്ത്യൻ മത്സ്യത്തൊഴിലാളിയെ വെടിവച്ചു കൊന്നു. ഒരു മത്സ്യത്തൊഴിലാളിക്ക് പരുക്കേറ്റു.
ഗുജറാത്തിലെ ദ്വാരകക്കടുത്തുള്ള ഓഖയ്ക്ക് സമീപം ഇന്ത്യൻ സമുദ്രമേഖലയിലാണ് പാക് നാവിക സേന അതിക്രമിച്ചു കയറി ഇന്ത്യൻ മത്സ്യത്തൊഴിലാളിയെ വെടിവച്ചു കൊന്നത്. ഈ മേഖലയിൽ മത്സ്യബന്ധനം നടത്തുകയായിരുന്ന ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്കുനേരേ ബോട്ടിലെത്തിയ പാക് മറൈൻ കമാൻഡോകളുടെ സംഘം വെടിയുതിർക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. ജൽപാരി എന്നു പേരുള്ള ബോട്ടിനു നേരേയാണ് വെടിവയ്പുണ്ടായത്. സംഭവത്തിൽ പോർബന്തർ നേവി ബന്തർ പൊലിസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ മേഖലയിൽ അറബിക്കടലിൽ 12 നോട്ടിക്കൽ മൈൽ വരെ ദൂരത്ത് നടക്കുന്ന ക്രിമിനൽ സംഭവങ്ങൾ അന്വേഷിക്കേണ്ടത് ഈ തീരദേശ പൊലിസ് സ്റ്റേഷനാണ്.
പൊലിസ് നൽകുന്ന വിവരം അനുസരിച്ച് ശനിയാഴ്ച വൈകിട്ടാണ് സംഭവം. കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളി മഹാരാഷ്ട്ര സ്വദേശിയായ സിദ്ധാർ രമേഷ് ചാംമ്രെ (32) ആണ്. ഇദ്ദേഹത്തിന്റെ മൃതദേഹം ഇന്നലെ ഓഖ തുറമുഖത്ത് എത്തിച്ചു. ബോട്ടും തീരത്തെത്തിച്ചിട്ടുണ്ട്.പാകിസ്താന്റെ സമുദ്രമേഖല സുരക്ഷാ ഏജൻസി (പി.എം.എസ്.എ) യാണ് മത്സ്യത്തൊഴിലാളികൾക്ക് നേരേ വെടിവച്ചതെന്നാണ് ദേവഭൂമി ദ്വാരക എസ്.പി സുനിൽ ജോഷി വിശദീകരിക്കുന്നത്. ഒക്ടോബർ 25 നാണ് ഏഴംഗ മത്സ്യത്തൊഴിലാളികൾ കടലിൽ പോയത്. ഇതിൽ അഞ്ചു പേർ ഗുജറാത്തിൽ നിന്നുള്ളവരും രണ്ടു പേർ മഹാരാഷ്ട്ര സ്വദേശികളുമാണെന്ന് എസ്.പി പറഞ്ഞു. പാക് നാവിക സേന ഇന്ത്യൻ മത്സ്യത്തൊഴിലാളിയെ വെടിവച്ചു കൊന്ന സംഭവം അന്വേഷിക്കുകയാണെന്ന് കേന്ദ്രം. വിഷയം നയതന്ത്ര തലത്തിൽ ചർച്ച ചെയ്യുമെന്നും കേന്ദ്ര സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."