ബേബി ഡാമിന് സമീപത്തെ മരംമുറി ഉത്തരവ് സർക്കാർ നിലപാട് ദുരൂഹം; വഴിത്തിരിവായത് സ്റ്റാലിന്റെ നന്ദിപറച്ചിൽ
സ്വന്തം ലേഖകൻ
തിരുവനന്തപുരം
മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിൻ്റെ നിലപാട് ദുർബലപ്പെടുത്തുന്ന വിവാദ മരംമുറി ഉത്തരവുമായി ബന്ധപ്പെട്ട് സർക്കാരിന്റെ കൈമലർത്തലിൽ ദുരൂഹതകളേറെ. ശനിയാഴ്ച തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ കേരളത്തിന് നന്ദി അറിയിച്ച് ട്വീറ്റ് ചെയ്യുകയും കേരള മുഖ്യമന്ത്രിക്ക് കത്തയയ്ക്കുകയും ചെയ്തതുകൊണ്ട് മാത്രമാണ് വിഷയം ചർച്ചയാവുകയും ഉത്തരവ് മരവിപ്പിക്കുകയും ചെയ്തത്. മുല്ലപ്പെരിയാറിലെ ബേബിഡാം ബലപ്പെടുത്തണമെന്ന തമിഴ്നാടിൻ്റെ ദീർഘകാലമായുള്ള ആവശ്യമാണ് കേരളം പുറത്തിറക്കിയ ഉത്തരവിലൂടെ നടപ്പാകാൻ പോകുന്നതെന്നായിരുന്നു മുഖ്യമന്ത്രിക്കയച്ച കത്തിൽ എം.കെ സ്റ്റാലിൻ വ്യക്തമാക്കിയത്.
തമിഴ്നാട് മുഖ്യമന്ത്രി അത്രയേറെ പ്രാധാന്യത്തോടെ പരിഗണിച്ച വിഷയം കേരളത്തിൽ മുഖ്യമന്ത്രിയോ വകുപ്പ് മന്ത്രിമാരോ അറിയാതെ ഉദ്യോഗസ്ഥതലത്തിൽ തീരുമാനമെടുത്തുവെന്നതിൽ ദുരൂഹതകളേറെയാണ്.
മുല്ലപ്പെരിയാർ ഉന്നതാധികാര സമിതിയിലെ കേരള പ്രതിനിധിയായ ജലവിഭവവകുപ്പിലെ അഡിഷണൽ ചീഫ് സെക്രട്ടറി ടി.കെ ജോസ് ഇക്കാര്യം സർക്കാരിനെ അറിയിച്ചില്ലേയെന്ന ചോദ്യവും പ്രസക്തമാണ്. എം.കെ സ്റ്റാലിൻ്റെ കത്ത് ചർച്ചയായില്ലായിരുന്നുവെങ്കിൽ തമിഴ്നാട് ബേബി ഡാം പരിസരത്തെ മരങ്ങൾ മുറിച്ചുകഴിയുമായിരുന്നുവെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. ഇന്നലെ മരംമുറി സംബന്ധിച്ച ചോദ്യത്തിന് ''അനുമതി കിട്ടിയെങ്കിൽ മരം മുറിച്ച് തുടങ്ങിയിട്ടുണ്ടാകുമല്ലോ, അത് ഞാൻ അറിയണ്ടല്ലോ'' എന്ന ഒഴുക്കൻ മറുപടിയാണ് വനം മന്ത്രി എ.കെ ശശീന്ദ്രൻ നൽകിയത്.കഴിഞ്ഞ ദിവസം തമിഴ്നാട് ജലവിഭവ വകുപ്പ് മന്ത്രി എസ്. ദുരൈ മുരുകനും മറ്റ് മൂന്ന് മന്ത്രിമാരും മുല്ലപ്പെരിയാർ അണക്കെട്ട് സന്ദർശിച്ചിരുന്നു. ബേബി ഡാമിലെ മരങ്ങൾ മുറിക്കാൻ അനുമതി നൽകണമെന്ന് ഇവർ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇവർ മടങ്ങി 24 മണിക്കൂറിനുള്ളിലാണ് വിവാദ ഉത്തരവ് ചർച്ചയായത്. അടുത്തമാസം കേരള, തമിഴ്നാട് മുഖ്യമന്ത്രിമാർ മുല്ലപ്പെരിയാർ വിഷയത്തിൽ ചർച്ച നടത്താനിരിക്കുകയുമാണ്. ഇതിന് മുന്നോടിയായി സംസ്ഥാനങ്ങൾക്കിടയിലെ സൗഹാർദം കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള നീക്കമായിരുന്നു ഉത്തരവിനു പിന്നിലെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. ബേബി ഡാം പരിസരത്തെ മരം മുറിക്കാൻ 2014 മുതൽ തമിഴ്നാട് ശ്രമിച്ചുവരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."