കേരളം ഇന്ധന നികുതി കുറയ്ക്കണം
കേന്ദ്ര സർക്കാർ അന്യായമായി വർധിപ്പിച്ച ഇന്ധന നികുതി പൂർണമായും കുറയ്ക്കാതെ സംസ്ഥാനത്ത് നികുതിയിളവ് ഉണ്ടാവില്ലെന്ന സർക്കാർ നിലപാട് തുടർഭരണം നൽകിയതിന് ജനങ്ങൾക്ക് നൽകിയ ശിക്ഷയാണ്. വിലക്കയറ്റത്താൽ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ കഴിയാതെ സാധാരണ ജനം ശ്വാസംമുട്ടുമ്പോൾ, അൽപം നികുതിയിളവ് കേന്ദ്ര സർക്കാർ നൽകിയിട്ടുണ്ടെങ്കിൽ അതിൽനിന്ന് ലഭിക്കുന്ന ചെറിയ ഗുണമെങ്കിലും ജനതയ്ക്ക് ലഭിക്കട്ടെ എന്നായിരിക്കും ഏതൊരു ജനപക്ഷ സർക്കാരും തീരുമാനിക്കുക.
കേന്ദ്ര സർക്കാർ മുഴുവൻ നികുതിയും കുറയ്ക്കട്ടെ അപ്പോൾ സംസ്ഥാനവും കുറയ്ക്കുമെന്ന് പറയുന്ന ധനമന്ത്രി കെ.എൻ ബാലഗോപാൽ ജനങ്ങളെ പച്ചയ്ക്ക് കൊള്ളയടിക്കുന്നതിന് തൊടുന്യായം നിരത്തുകയാണ്. പല സംസ്ഥാനങ്ങളും ഇന്ധന നികുതിയിൽ ഇളവുവരുത്തി അവരുടെ സംസ്ഥാനങ്ങളിലെ ജനങ്ങൾക്ക് അൽപമെങ്കിലും ആശ്വാസം പകരുമ്പോൾ, നികുതി കുറയ്ക്കാതിരിക്കാൻ സാമ്പത്തികശാസ്ത്രം സാധാരണ ജനങ്ങൾക്ക് മുമ്പിൽ വിളമ്പുമ്പോൾ ഇടതുപക്ഷ സർക്കാർ ആർക്കുവേണ്ടിയാണ് ഭരിക്കുന്നതെന്ന് ഏതൊരാളും ചോദിച്ചുപോകും.
തലശേരിക്ക് തൊട്ടടുത്ത മാഹിയിൽ ലിറ്ററിന് നൂറ് രൂപയ്ക്ക് താഴെ പെട്രോൾ നൽകുമ്പോൾ തലശേരിയിൽ അത് നൂറ് രൂപയ്ക്ക് മുകളിൽ കൊടുക്കേണ്ടി വരുന്നതിനെ സംസ്ഥാന സർക്കാരിന്റെ പകൽക്കൊള്ള എന്നതിനപ്പുറമുള്ള വിശേഷണമാണ് നൽകേണ്ടത്. കേന്ദ്ര സർക്കാർ ഇപ്പോൾ നികുതിയിളവ് വരുത്താനുള്ള കാരണമായി പറയുന്നത് പല സംസ്ഥാനങ്ങളിലും നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ ബി.ജെ.പിക്കുണ്ടായ പരാജയം മനസിലാക്കിയാണെന്നും അടുത്ത് നടക്കാനിരിക്കുന്ന യു.പി തെരഞ്ഞെടുപ്പ് മുന്നിൽകണ്ടാണെന്നും പറയപ്പെടുന്നത് സമ്മതിക്കാം. റിസർവ് ബാങ്കിന്റെ എതിർപ്പും കോടതി ഇടപെടലും കാരണമാണ് നികുതി കുറച്ചതെന്നും മറക്കാം. എന്നാൽ, അതിന്റെയൊക്കെ രാഷ്ട്രീയവും സാമ്പത്തികവുമായ തലങ്ങളെ ചികഞ്ഞു പരിശോധിക്കുന്നതിനു പകരം കിട്ടിയ ആനു കൂല്യത്തിന്റെ പങ്ക് സ്വന്തം ജനതയ്ക്ക് എത്തിച്ചു കൊടുക്കട്ടെയെന്നല്ലേ ഏതൊരു ജനായത്ത സർക്കാരും ആഗ്രഹിക്കുക.
ഇറക്കുമതി അസംസ്കൃത ഇന്ധനവില വർധിക്കുമ്പോൾ അതിന്റെ ആഘാതം ജനതയിൽ എത്താതിരിക്കാൻ കോൺഗ്രസ് സർക്കാർ ആവിഷ്കരിച്ചതായിരുന്നു ഓയിൽ പൂൾ പദ്ധതി. അധികം വരുന്ന വില ഈ പൂൾ അക്കൗണ്ടിൽനിന്ന് എടുത്തു ചെലവാക്കുക വഴി ജനങ്ങൾക്ക് വലിയ ബാധ്യത ഉണ്ടായിരുന്നില്ല. ഓയിൽ ബോണ്ടുകൾ വഴിയായിരുന്നു ഓയിൽ പൂൾ അക്കൗണ്ടിലേക്ക് പണമെത്തിയിരുന്നത്. ബോണ്ടിന്റെ പലിശ 18,200 കോടി രൂപയായി ഉയർന്നതോടെ വാജ്പേയി സർക്കാരാണ് ഓയിൽ പൂൾ അക്കൗണ്ട് നിർത്തലാക്കാനും വിലനിർണയാധികാരം എണ്ണക്കമ്പനികൾക്ക് നൽകാനും തീരുമാനിച്ചത്. എണ്ണക്കമ്പനികൾക്ക് വില നിർണയാധികാരം നൽകിയെങ്കിലും ബി.ജെ.പി സർക്കാരിന്റെ അദൃശ്യകരങ്ങളാണ് വില നിർണയിച്ചുകൊണ്ടിരിക്കുന്നത്. എണ്ണക്കമ്പനികളെന്ന പൊതുസ്ഥാപനങ്ങളെല്ലാം കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലാണ്. ഇതിനാലാണ് അന്താരാഷ്ട്ര മാർക്കറ്റിൽ അസംസ്കൃത എണ്ണയുടെ ബാരൽ വില കുറയുമ്പോഴും ഇന്ത്യയിൽ അതിന്റെ ഗുണം സാധാരണക്കാരന് കിട്ടാതെ പോകുന്നത്.
ഇന്ധനവില നല്ലൊരു രാഷ്ട്രീയായുധമായി ബി.ജെ.പി ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. തെരഞ്ഞെടുപ്പ് നടക്കുന്നതിന് തൊട്ടുമുമ്പ് ഇന്ധനവില കുറയ്ക്കുക എന്നത് ബി.ജെ.പി പതിവ് രാഷ്ട്രീയ ഫോർമുലയാക്കി മാറ്റിയിരിക്കുകയാണ്. ഇതൊക്കെ പറഞ്ഞ് സംസ്ഥാനം നികുതി കുറയ്ക്കാതിരിക്കുന്നതിന് ഒരു ന്യായീകരണവും കാണുന്നില്ല. കേന്ദ്രം ഇന്ധന നികുതി വർധിപ്പിച്ചപ്പോഴൊക്കെ, അതിന്റെ പങ്ക് പറ്റിയവരാണ് ഇടതുപക്ഷ സർക്കാരും.
കഴിഞ്ഞ ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെ ഈയിനത്തിൽ സംസ്ഥാന സർക്കാരിന് അധിക വരുമാനമായി കിട്ടിയത് 201 കോടി രൂപയാണ്. ഈ അധികപങ്ക് പറ്റൽ തുടരുന്നത് അവസാനിപ്പിച്ചാൽ തന്നെ ജനങ്ങൾക്ക് അതു വലിയ ആശ്വാസമാകും. പലപ്പോഴും മുൻ ധനമന്ത്രി ടി.എം തോമസ് ഐസക് പറഞ്ഞിരുന്നത് കേന്ദ്രം നികുതി കുറയ്ക്കട്ടെ അപ്പോൾ കേരളവും കുറയ്ക്കുമെന്നായിരുന്നു. ഇപ്പോൾ അൽപമെങ്കിലും കേന്ദ്രം നികുതിയിളവ് വരുത്തുമ്പോൾ അതിന്റെ ചെറിയൊരു ആനുകൂല്യമെങ്കിലും ജനങ്ങളിലെത്തിക്കാൻ അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ മേൽവിലാസത്തിൽ രണ്ടാമതും ഭരണത്തിലെത്തിയ ഇടതുപക്ഷ സർക്കാർ തയാറാകേണ്ടതല്ലേ.
ഇപ്പോൾ തന്നെ സംസ്ഥാനത്തിന്റെ നികുതി നിരക്ക് ഭീമമാണ്. പെട്രോൾ 30.08 ശതമാനവും ഡീസലിന് 22.76 ശതമാനം നികുതിയുമാണ് സർക്കാർ ഈടാക്കിക്കൊണ്ടിരിക്കുന്നത്. ഇതു കനത്ത ഭാരമാണ് സാധാരണക്കാർക്ക് നൽകിക്കൊണ്ടിരിക്കുന്നത്. ഈ നികുതിഭാരം കുറയ്ക്കാനാണ് സർക്കാർ സന്നദ്ധമാകേണ്ടത്.
മറ്റു വരുമാന മാർഗങ്ങൾ കണ്ടെത്താൻ മെനക്കെടാതെ, വൻകിടക്കാരുടെ നികുതി കുടിശിക പിരിക്കാതെ എളുപ്പം കഴിയുന്നത് ജനങ്ങളെ ആവോളം പിഴിയുകയെന്ന് കണ്ടെത്തി അവരെ കൂടുതൽ കൂടുതൽ ദ്രോഹിക്കുകയാണ് സംസ്ഥാന സർക്കാർ. സർക്കാർ ജീവനക്കാർക്ക് അഞ്ചു വർഷം കൂടുമ്പോഴുള്ള ശമ്പള പരിഷ്കരണം നിർത്തലാക്കി പത്ത് വർഷം കൂടുമ്പോഴുള്ള ശമ്പള പരിഷ്കരണം മതിയെന്ന ശമ്പള കമ്മിഷൻ ശുപാർശ സർക്കാർ അംഗീകരിച്ചിരുന്നുവെങ്കിൽ ലക്ഷം കോടികൾ സർക്കാരിന് ലാഭിക്കാമായിരുന്നു. അതിനൊന്നും തുനിയാതെ പിന്നെയും പിന്നെയും സാധാരണക്കാരന്റെ പോക്കറ്റിന്റെ അടിവരെ തപ്പുന്ന സംസ്ഥാന സക്കാരും കേന്ദ്ര സർക്കാരും തമ്മിൽ എന്തു വ്യത്യാസമാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."