മത്സ്യത്തൊഴിലാളിയെ വെടിവച്ച് കൊന്ന സംഭവം പാക് നാവികർക്കെതിരേ കൊലക്കേസ്
പോർബന്തർ
ഗുജറാത്ത് തീരത്ത് ഇന്ത്യൻ മത്സ്യത്തൊഴിലാളിയെ പാക് മാരിടൈം സെക്യൂരിറ്റി ഏജൻസി (പി.എം.എസ്.എ) ജീവനക്കാർ വെടിവച്ചു കൊന്ന സംഭവത്തിൽ 10 പേർക്കെതിരേ കേസെടുത്തു.
ഞായറാഴ്ച രാത്രിയാണ് നവി ബന്തർ പൊലിസ് സ്റ്റേഷനിൽ 10 പാക് ജീവനക്കാർക്കെതിരേ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. ഒരാളെ കൊലപ്പെടുത്തിയതിനും മറ്റൊരാളെ വെടിവച്ചു പരുക്കേൽപ്പിച്ചതിനുമാണ് കേസ്. ഗുജറാത്ത് തീരത്തുനിന്ന് 12 നോട്ടിക്കൽ മൈൽ അകലെ വരെ അറബിക്കടലിൽ നടക്കുന്ന കുറ്റകൃത്യത്തിന് കേസെടുക്കാൻ തീരദേശ പൊലിസിന് അധികാരമുണ്ട്. പ്രതികൾക്കെതിരേ കൊലപാതകം, കൊലപാതക ശ്രമം തുടങ്ങിയ വകുപ്പുകൾ അനുസരിച്ചാണ് കേസ്. പ്രതികളെ തിരിച്ചറിയാത്തതിനാൽ പ്രതിപ്പട്ടികയിൽ പേരില്ല. രണ്ടു ബോട്ടുകളിൽ 5 പി.എസ്.എം.എ അംഗങ്ങൾ വീതമാണണ്ടായിരുന്നത്. ഇവർ ശനിയാഴ്ച വൈകിട്ട് നാലിന് ജൽപുരി എന്ന ഇന്ത്യൻ ബോട്ടിനു നേരേ വെടിവയ്ക്കുകയായിരുന്നുവെന്നും മഹാരാഷ്ട്രയിലെ പൽഘാർ സ്വദേശിയായ മത്സ്യത്തൊഴിലാളി ശ്രീധർ രമേഷ് കംറെ (32) മരിച്ചുവെന്നുമാണ് എഫ്.ഐ.ആറിൽ പറയുന്നത്. ദിലീപ് സോളങ്കി എന്ന മറ്റൊരു മത്സ്യത്തൊഴിലാളിക്ക് പരുക്കേറ്റിട്ടുണ്ട്. ദിയു സ്വദേശിയായ ഇയാൾ ഓഖയിലെ തീരദേശ ടൗണായ ദേവഭൂമിയിലെ ആശുപത്രിയിൽ സുഖം പ്രാപിച്ചുവരുന്നു.
പാക് സ്ഥാനപതിയെ വിളിച്ചു വരുത്തി
പാക് സ്ഥാനപതിയെ ഇന്ത്യ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. മത്സ്യത്തൊഴിലാളിക്കു നേരെ പ്രകോപനമില്ലാതെയാണ് പാക് സേന വെടിവച്ചതെന്നും നിരപരാധിയാണ് കൊല്ലപ്പെട്ടതെന്നും വിദേശകാര്യ മന്ത്രാലയം പാക് സ്ഥാനപതിയെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."