കഴിഞ്ഞതെല്ലാം അടഞ്ഞ അധ്യായമെന്ന് ജി. സുധാകരൻ
ജലീൽ അരൂക്കുറ്റി
ആലപ്പുഴ
അച്ചടക്കനടപടിക്ക് വിധേയനായ സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം ജി. സുധാകരൻ മൗനം വെടിഞ്ഞു. പാർട്ടി പ്രവർത്തനരംഗത്ത് കൂടുതൽ സജീവമായി ഉണ്ടാകുമെന്നും അമ്പലപ്പുഴ സംഭവം അടഞ്ഞ അധ്യായമാണെന്നും അദ്ദേഹം സുപ്രഭാതത്തോട് പറഞ്ഞു. പാർട്ടി സ്വീകരിച്ച നടപടി അംഗീകരിച്ചുകൊണ്ട് കൂടുതൽ സജീവമായി പ്രവർത്തനരംഗത്ത് ഉണ്ടാകും. സജീവമാകാതിരിക്കേണ്ട ആവശ്യമില്ല. പരസ്യശാസനയല്ലാതെ മറ്റുനടപടികളൊന്നും ആവശ്യമില്ലെന്ന് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചത് കണ്ടില്ലേ.
മുഖ്യമന്ത്രി പിണറായി വിജയനെയും കോടിയേരി ബാലകൃഷ്ണനെയും നേരിൽക്കണ്ടപ്പോൾ കൂടുതൽ ശക്തമായി പ്രവർത്തനരംഗത്ത് ഉണ്ടാകണമെന്നും ഞായറാഴ്ച തന്നെ ജില്ലാ കമ്മിറ്റി ഓഫിസിൽ പോകണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ജി. സുധാകരൻ ഇന്നലെ ജില്ലാകമ്മിറ്റി ഓഫിസിലെത്തി സെക്രട്ടറി ആർ. നാസറുമായി സമ്മേളനകാര്യങ്ങൾ ചർച്ച ചെയ്തു. സി.പി.എം പുന്നപ്ര ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച അസംബ്ലി പ്രഭാകരൻ അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്ത സുധാകരൻ ഇന്ന് വയലാർ ലോക്കൽ സമ്മേളനത്തിൽ പങ്കെടുക്കും. ജില്ലയിലെ 14 ഏരിയാകമ്മിറ്റികളിലെയും ലോക്കൽ സമ്മേളനങ്ങളിൽ ഉദ്ഘാടകനായി എത്തുന്ന സുധാകരൻ തനിക്കെതിരായ ചേരിക്ക് ശക്തമായി സന്ദേശമാണ് നൽകുന്നത്.
കുടുതൽ ശക്തമായി പ്രവർത്തിക്കുമെന്ന് മാധ്യമങ്ങൾ വഴി പ്രഖ്യാപിച്ച സുധാകരൻ പാർട്ടിക്കുള്ളിലെ തന്റെ സ്വാധീനം സമ്മേളനകാലത്ത് പ്രതിഫലിപ്പിക്കാനാണ് ഒരുങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."