കണ്ണൂര്‍ കോളജിലെ റാഗിങ്: ആറു സീനിയര്‍ വിദ്യാര്‍ത്ഥികള്‍ കസ്റ്റഡിയില്‍
കണ്ണൂര്‍: കണ്ണൂരിലെ നെഹര്‍ കോളേജില്‍ വിദ്യാര്‍ത്ഥി പി അന്‍ഷാദിനെ മാരകമായി മര്‍ദ്ദിച്ച സംഭവത്തില്‍ ആറുപേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇന്ന് പുലര്‍ച്ചെ വീടുകളില്‍ നിന്നാണ് ആറു പേരെയും ചക്കരക്കല്‍ പൊലിസ് കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചക്ക് ഭക്ഷണം കഴിച്ച് മടങ്ങിയെത്തിയ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥി പി അന്‍ഷാദിനെ ഒരു സംഘം മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ ശുചിമുറിയില്‍ കൊണ്ടുപോയി മര്‍ദ്ദിക്കുകയായിരുന്നു. ക്ലാസിലെ പെണ്‍കുട്ടികളോട് സംസാരിക്കുന്നോ എന്ന് ചോദിച്ചും കയ്യിലുള്ള പണം ആവശ്യപ്പെട്ടുമായിരുന്നു അതിക്രൂരമായ മര്‍ദ്ദനം. മര്‍ദ്ദനത്തില്‍ അവശനായ അന്‍ഷാദിന് മണിക്കൂറുകള്‍ക്ക് ശേഷം ആശുപത്രിയില്‍ വെച്ചാണ് ബോധംവീണത്.
ആദ്യം അടിപിടി കേസായി രജിസ്റ്റര്‍ ചെയ്ത ചക്കരക്കല്‍ പൊലിസ് തുടരന്വേഷണത്തില്‍ സംഭവത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞു. പ്രതികള്‍ക്ക് എതിരെ റാഗിങ് കുറ്റത്തിനും കേസെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."