അഫ്ഗാനിൽ സെക്കൻഡറി ഗേൾസ് സ്കൂളുകൾ തുറന്നു തുടങ്ങി
കാബൂൾ
സെക്കൻഡറി സ്കൂളുകളിൽ പെൺകുട്ടികൾക്ക് പ്രവേശനം നിഷേധിച്ച താലിബാൻ സർക്കാർ നടപടി തിരുത്തുന്നു. ഇതിൻ്റെ ഭാഗമായി രാജ്യത്തെ മൂന്നാമത്തെ വൻ നഗരമായ ഹെരാത്തിൽ ഏഴു മുതൽ 12 വരെയുള്ള ക്ലാസുകളിൽ പെൺകുട്ടികൾക്ക് പ്രവേശനം അനുവദിച്ചതായി പ്രദേശവാസികൾ പറയുന്നു.
പ്രൈമറി സ്കൂളുകളിൽ പെൺകുട്ടികൾക്ക് പ്രവേശനം നൽകിയിരുന്നെങ്കിലും ഉയർന്ന ക്ലാസുകളിൽ ആൺകുട്ടികൾക്ക് മാത്രമായിരുന്നു പ്രവേശനം. ഇതിനെതിരേ അന്താരാഷ്ട്ര തലത്തിൽ പ്രതിഷേധം ഉയർന്നിരുന്നു. എന്നാൽ, പെൺകുട്ടികൾക്ക് പഠിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കിയശേഷം അവർക്ക് സ്കൂളിൽ പോകാനാവുമെന്നായിരുന്നു താലിബാൻ അധികൃതരുടെ വിശദീകരണം. താലിബാൻ അധികാരമേറ്റെടുത്തിട്ട് മൂന്നു മാസം തികയാനിരിക്കവെയാണ് പെൺകുട്ടികൾക്ക് പഠിക്കാൻ അവസരമൊരുക്കിയിരിക്കുന്നത്. എന്നാൽ, ഇക്കാര്യത്തിൽ താലിബാൻ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അതേസമയം, രണ്ടു ദിവസമായി പെൺകുട്ടികൾ ക്ലാസുകളിൽ ഹാജരാകുന്നതായി ഹെരാത്തിലെ രക്ഷിതാക്കൾ പറയുന്നു.
ഹെരാത്തിൽ സെക്കൻഡറി-ഹയർസെക്കൻഡറി ക്ലാസുകളിലെ പെൺകുട്ടികൾ പഠിക്കുന്ന 26 സ്കൂളുകളാണ് തുറന്നിരിക്കുന്നത്. തൻ്റെ എട്ടാം ക്ലാസിലും ഒമ്പതിലും പഠിക്കുന്ന രണ്ടു പെൺകുട്ടികൾ സ്കൂളിൽ പോയ സന്തോഷത്തിലാണെന്ന് മുഹമ്മദ് റഫീഖ് സിദ്ദീഖി എന്ന രക്ഷിതാവ് വാർത്താ ഏജൻസിയോടു പറഞ്ഞു. തനിക്ക് മക്കളുടെ പത്തിരട്ടി സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
താലിബാൻ അധികാരത്തിലെത്തിയ 1996-2001 കാലയളവിൽ പെൺകുട്ടികൾ സ്കൂളിൽ പഠിക്കുന്നതിനും സ്ത്രീകൾ ജോലി ചെയ്യുന്നതിനും വിലക്കേർപ്പെടുത്തിയിരുന്നു. തുടർന്ന് യു.എസ് അധിനിവേശത്തോടെ ഈ വിലക്ക് ഇല്ലാതാവുകയായിരുന്നു. പുതിയ താലിബാൻ സർക്കാരിനെ അംഗീകരിക്കുന്നതിനുള്ള ഉപാധിയായി ലോകരാജ്യങ്ങൾ മുന്നോട്ടുവച്ചിരിക്കുന്ന നിർദേശങ്ങളിലൊന്ന് പെൺകുട്ടികൾക്ക് പഠിക്കാനും സ്ത്രീകൾക്ക് ജോലിചെയ്യാനും അനുമതി നൽകണമെന്നതായിരുന്നു. അതേസമയം, മറ്റു പ്രവിശ്യകളിൽ സെക്കൻഡറി സ്കൂളുകളിൽ പെൺകുട്ടികൾ പോയിത്തുടങ്ങിയോ എന്നതിൽ വ്യക്തതയില്ല.
രാജ്യത്തിൻ്റെ വിദേശബാങ്കുകളിലെ ആസ്തികൾ അമേരിക്ക മരവിപ്പിച്ചതിനാൽ അഫ്ഗാൻ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. അതിശൈത്യം അടുത്തിരിക്കെ ഭക്ഷ്യധാന്യ ശേഖരം തീർന്നുതുടങ്ങിയതായും കുട്ടികളുൾപ്പെടെ ലക്ഷങ്ങൾ മരണമുഖത്താണെന്നും യു.എൻ മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."