ക്വാറന്റൈൻ പൂർത്തിയാക്കാതെ സഊദിയിലേക്ക് കടക്കാൻ ശ്രമം, നിരവധി മലയാളികളെ അതിർത്തിയിൽ നിന്ന് മടക്കി അയച്ചു
റിയാദ്: അനധികൃതമായി സഊദിയിലേക്ക് കടക്കാനായി അതിർത്തിയിലെത്തിയ മലയാളികൾ ഉൾപ്പെടെയുള്ളവരുടെ ബസുകൾ മടക്കി അയച്ചു. സഊദിയിലേക്ക് കടക്കാനായി പതിനാല് ദിവസം മറ്റു രാജ്യങ്ങളിൽ കഴിയണമെന്ന നിബന്ധനകൾ പാലിക്കാതെ ദുബായിൽ എത്തിയ ഉടൻ തന്നെ സഊദിയിലേക്ക് കര മാർഗ്ഗം കടക്കാനായി നടത്തിയ ശ്രമമാണ് അധികൃതർ തടഞ്ഞത്. ഇതേ തുടർന്ന് അതിർത്തിയിൽ നിന്ന് നിരവധി പേർക്കാണ് ദുബൈയിലേക്ക് തന്നെ മടങ്ങേണ്ടി വന്നത്.
14 ദിവസം ക്വാറന്റൈൻ പൂർത്തിയാകാതെ സഊദിയിലേക്ക് കടക്കാൻ ശ്രമിച്ച ഇരുന്നിറിലധികം ആളുകളെ ഇത്തരത്തിൽ മടക്കി അയച്ചതയാണ് റിപ്പോർട്ടുകൾ. സഊദിയിലേക്കുള്ള പ്രവേശന നിബന്ധനകൾ പാലിക്കാതെ പ്രവാസികൾ പ്രവേശിക്കുന്നുവെന്ന വിവരത്തെ തുടർന്ന് സ്പെഷ്യൽ സെക്യൂരിറ്റി സ്ക്വാഡ് ആണ് പരിശോധന നടത്തിയത്. വരും ദിവസങ്ങളിൽ സ്പെഷ്യൽ സ്ക്വാഡ് പരിശോധനക്ക് ശേഷമായിരിക്കും സെക്യൂരിറ്റി ചെക്ക് പോസ്റ്റ് സഊദിയിലേക് കടത്തിവിടുകയുള്ളൂവെന്നാണ് റിപ്പോർട്ട്.
മലയാളികൾ ഉൾപ്പെടെ നിരവധി പ്രവാസികൾ സഊദി പ്രവേശന വിലക്ക് മറികടന്നു കര അതിർത്തികൾ വഴി പ്രവേശിക്കുന്നതിനുള്ള ശ്രമം നേരത്തെ തന്നെ പലരും പങ്ക് വെച്ചിരുന്നു. ഇത്തരത്തിൽ കടത്തി വിടാൻ ഏജന്റുമാർ തന്നെ ഇവിടെ പ്രവർത്തിക്കുന്നതായാണ് വിവരം. എന്നാൽ, ഏതെങ്കിലും സാഹചര്യത്തിൽ ആരെങ്കിലും ഇത്തരത്തിൽ പ്രവേശനം നേടിയെന്ന് കരുതി നിയമ ലംഘനത്തിലൂടെ പ്രവേശനം നേടിയത് സഊദിയിൽ കണ്ടെത്തിയാൽ വൻ തുക പിഴയും നാട് കടത്തലുമാണ് ഇവരെ കാത്തിരിക്കുന്നത്.
നിലവിൽ സഊദിയിൽ നിന്ന് രണ്ട് ഡോസ് എടുത്തവർ, ആരോഗ്യ പ്രവർത്തകർ, വിദ്യാഭ്യാസ പ്രവർത്തകർ എന്നിവർക്ക് മാത്രമാണ് സഊദിയിലേക്ക് നേരിട്ട് പ്രവേശനം സാധ്യമാകൂ. മറ്റുള്ളവർ എല്ലാം പ്രവേശന വിലക്കില്ലാത്ത യു എ ഇ, ഖത്തർ തുടങ്ങിയുള്ള രാജ്യങ്ങളിൽ 14 ദിവസം തങ്ങിയ ശേഷമാണ് സഊദിയിലേക്ക് പ്രവേശിക്കേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."