സി.പി.എം ഏരിയാ സമ്മേളനത്തിൽ പ്രതിനിധികളുടെ ചോദ്യം യു.എ.പി.എയിൽ പാർട്ടി നിലപാടാണോ സർക്കാറിന് ?
സ്വന്തം ലേഖകൻ
കോഴിക്കോട്
യു.എ.പി.എ പോലുള്ള കരിനിയമങ്ങളിൽ പാർട്ടി ദേശീയ നേതൃത്വം സ്വീകരിച്ച നിലപാട് തന്നെയാണോ കേരള ഘടകത്തിനും സംസ്ഥാന സർക്കാറിനുമെന്ന് സി.പി.എം ഏരിയാ സമ്മേളനത്തിൽ പ്രതിനിധികളുടെ ചോദ്യം. ജില്ലാ സെക്രട്ടറി പി. മോഹനനെ സാക്ഷിനിർത്തിയാണ് കോഴിക്കോട് സൗത്ത് ഏരിയാ സമ്മേളനത്തിൽ വിമർശനം ഉയർന്നത്.
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യു.എ.പി.എ ചുമത്തി സി.പി.എം അനുഭാവികളും എസ്.എഫ്.ഐ പ്രവർത്തകരുമായ അലൻ ഷുഹൈബ്, താഹ ഫസൽ എന്നിവരെ അറസ്റ്റ് ചെയ്തതിനെ വിമർശിച്ചുകൊണ്ടാണ് പ്രതിനിധികൾ സർക്കാരിന്റെ നയത്തെ ചോദ്യം ചെയ്തത്. ഇരുവരുടെയും പ്രവർത്തന മേഖല ഉൾക്കൊള്ളുന്നതാണ് സൗത്ത് ഏരിയാ കമ്മിറ്റി. അലനെയും താഹയെയും മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത നടപടി ശരിയായില്ലെന്ന് രണ്ട് ലോക്കൽ കമ്മിറ്റി പ്രതിനിധികളാണ് വിമർശനമുന്നയിച്ചത്.
കേരള പൊലിസിന് ഇക്കാര്യത്തിൽ വീഴ്ച സംഭവിച്ചുവെന്നതിന്റെ തെളിവാണ് സുപ്രിം കോടതിയുടെ പരാമർശം. അലനും താഹയും പാർട്ടി കുടുംബാംഗങ്ങളാണ്. ഇരുവർക്കും ജാമ്യം കിട്ടിയെങ്കിലും ആത്യന്തികമായി പാർട്ടിക്ക് നഷ്ടമാണുണ്ടായതെന്നും പ്രതിനിധികൾ വിമർശനമുന്നയിച്ചു. വിഷയം പഠിക്കാതെ ധൃതിപ്പെട്ട് കേസെടുത്തതിൽ പൊലിസിന് വീഴ്ച സംഭവിച്ചു.
അലനും താഹയും അറസ്റ്റിലായപ്പോൾ പന്തീരാങ്കാവ് ലോക്കൽ കമ്മിറ്റി തുടക്കത്തിൽ പൊലിസ് നിലപാടിന് എതിരായിരുന്നു. ജില്ലാ സെക്രട്ടറിയും ആദ്യം ഈ നിലപാടാണ് സ്വീകരിച്ചത്. എന്നാൽ പിന്നീട് മുഖ്യമന്ത്രിയുടെ വിവാദ പരാമർശങ്ങൾ ഉണ്ടായതോടെ മലക്കം മറിഞ്ഞു.
അലനും താഹയ്ക്കുമെതിരെയുള്ള യു.എ.പി.എ കേസ് നിലനിൽക്കില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കിയതോടെ എൻ.ഐ.എയും കേരളാ പൊലിസും ഒരുപോലെ വെട്ടിലായിരിക്കുമ്പോഴാണ് സി.പി.എം സമ്മേളനത്തിൽ വിവാദം ഏറ്റുപിടിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."