വഖ്ഫ് ബോർഡ് നിയമനം; വിവേചന നയം ആർക്കുവേണ്ടി?
അഡ്വ. പി.വി സൈനുദ്ദീൻ
2021 നവംബർ ഒൻപത്- കേരളത്തിലെ വഖ്ഫ് പ്രസ്ഥാനങ്ങളുടെ അക്കാലമത്രയുമുള്ള ശോഭന ചരിത്രത്തിലെ വർണപ്പകിട്ടിന് മങ്ങലേൽപ്പിക്കുന്ന ബിൽ പാസാക്കിയ ദുരന്തദിനമായിട്ടായിരിക്കും ഭാവി കേരളം വിധിയെഴുതുക. വഖ്ഫ് സ്വത്തുക്കളുടെ പരിപാലനവും പുരോഗതിയും സംരക്ഷണവും ലാക്കാക്കി നിയമാനുസൃതം പ്രവർത്തിക്കുന്ന വഖ്ഫ് ബോർഡിനെ രാഷ്ട്രീയവൽക്കരിക്കുന്നതിന്റെ ആദ്യപടിയെന്ന നിലയിലാണ് ഇടത് ഭരണകൂടം വഖ്ഫ് നിയമനങ്ങൾ പി.എസ്.സിക്ക് വിടുന്ന ബിൽ അന്നേ ദിവസം പാസാക്കിയത്. വഖ്ഫ് സ്ഥാപനങ്ങളെ നിയമവിരുദ്ധ മാർഗങ്ങളിലൂടെ അട്ടിമറിക്കാനുള്ള മതനിരാസ പോളിസിയുടെ പശ്ചാത്തലത്തിലാണ് ഇൗ ബില്ലിനെ വിലയിരുത്തേണ്ടത്. വഖ്ഫ് നിയമനങ്ങൾ പി.എസ്.സിക്ക് വിടാനുള്ള കേരള സർക്കാരിന്റെ നീക്കംസങ്കീർണമായ നിയമ, സർവിസ് പ്രശ്നങ്ങൾ ഉയർത്തുന്നതാണ്. ഹെഡ് ഒാഫിസിലും ആറ് ഡിവിഷൻ ഓഫിസുകളിലുമായി 130 ൽ താഴെ ജീവനക്കാരാണ് വഖ്ഫ് ബോർഡിന് കീഴിലുള്ളത്. ഡയരക്ട് റിക്രൂട്ട്മെന്റ് ആകെ 30 ൽപരം പോസ്റ്റിൽ മാത്രമാണ്. ബാക്കി പോസ്റ്റുകളെല്ലാം പ്രമോഷൻ പോസ്റ്റുകളാണ്.
ദേവസ്വം- വഖ്ഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിടുമെന്ന് മന്ത്രിസഭായോഗത്തിൽ സർക്കാർ ആവേശത്തോടെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും മുന്നോക്ക സമുദായ സംഘടനകളുടെ പക്ഷത്തുനിന്ന് രാഷ്ട്രീയ സമ്മർദവും ഭീഷണിയും ഉയർന്നപ്പോൾ ദേവസ്വം ബോർഡിന് പ്രത്യേക റിക്രൂട്ട്മെന്റ് ബോർഡ് രൂപീകരിക്കുവാനാണ് സർക്കാർ തീരുമാനിച്ചത്. രണ്ടാം പിണറായി സർക്കാർ കഴിഞ്ഞാഴ്ച റിക്രൂട്ട്മെന്റ് ബോർഡിന്റെ കാലാവധി നീട്ടിക്കൊടുക്കുകയും ചെയ്തു. പ്രസ്തുത ഓർഡിനൻസിൽ അംഗങ്ങൾ ഹിന്ദുമത വിശ്വാസികളും ദൈവവിശ്വാസികളും ക്ഷേത്രാചാരങ്ങളിൽ വിശ്വസിക്കുന്നവരുമായിരിക്കണമെന്ന് പ്രത്യേകം നിഷ്കർഷിക്കുന്നുമുണ്ട്. എന്നാൽ വഖ്ഫ് നിയമനം പി.എസ്.സിക്ക് വിടുന്ന ബിൽ പാസാക്കിയതോടുകൂടി വിശ്വാസി സമൂഹത്തെ മുഖാമുഖം വെല്ലുവിളിക്കുന്ന കമ്യൂണിസ്റ്റ് ഭരണത്തിന്റെ ഇരട്ടമുഖം വെളിവാകുകയും ചെയ്തു.
1995 ലെ കേന്ദ്ര വഖ്ഫ് നിയമമനുസരിച്ച് സംസ്ഥാനങ്ങളിലെ വഖ്ഫ് ബോർഡിലെ ജീവനക്കാരെ നിയമിക്കുന്നതിനുള്ള അധികാരം വഖ്ഫ് ബോർഡിൽ നിക്ഷിപ്തമാണ്. വഖ്ഫ് റെഗുലേഷൻ അനുസരിച്ച് നിയമിക്കപ്പെടുന്നവർ മുസ്്ലിംകളായിരിക്കണമെന്ന് പ്രത്യേകം നിഷ്കർഷിച്ചിട്ടുണ്ട്. സർക്കാരിന് നിയമന അനുമതിയല്ലാത്ത വിഷയത്തിലാണ് നിയമവിരുദ്ധ പ്രവർത്തനത്തിന്റെ കോടാലിയുമായി സർക്കാർ രംഗത്തിറങ്ങിയിട്ടുള്ളത്. വഖ്ഫ് മുതവല്ലി ക്വാട്ടയിലേക്കുള്ള തെരഞ്ഞെടുപ്പിൽ കേന്ദ്ര നിയമത്തെ മറികടന്ന് മത്സരിക്കുന്നവർക്ക് അയോഗ്യതകളുടെ പുതിയ ചട്ടമുണ്ടാക്കിയിട്ട് ഹൈക്കോടതിയിൽനിന്ന് കേരള സർക്കാരിന് ലഭിച്ച കനത്ത പ്രഹരത്തിന്റെ തോത് അധികൃതർ മറന്നുകാണില്ല. കേന്ദ്രനിയമത്തെ സംസ്ഥാന സർക്കാരുകൾ മറികടക്കാൻ ശ്രമിക്കുന്നത് രാഷ്ട്രീയമായ വിവരമില്ലായ്മയും ഇരട്ടച്ചങ്കിന്റെ കടുപ്പവുമാണെന്ന് വിശ്വസിക്കാൻ പ്രബുദ്ധമായ മലയാളി സമൂഹത്തെ കിട്ടില്ല.
പി.എസ്.സി മുഖേന വഖ്ഫ് ബോർഡിൽ മുസ്‌ലിംകൾക്ക് മാത്രം നിയമനമെന്നത് ഭാവിയിൽ നീതിപീഠങ്ങൾക്ക് മുമ്പാകെ ചോദ്യം ചെയ്യുവാൻ സാധ്യതയുള്ളതും ദൂരവ്യാപകമായ ഭവിഷ്യത്തുകൾക്ക് സാക്ഷ്യം വഹിക്കുവാൻ സാഹചര്യമൊരുക്കുന്നതുമാണ്. ഇതുവഴി മുസ്‌ലിം സമുദായത്തിൽ പെടാത്തവരെ വഖ്ഫ് ബോർഡിൽ നിയമിക്കേണ്ട സാഹചര്യം സംജാതമാക്കുന്നതുമാണ്.
മൻമോഹൻ സിങ് സർക്കാർ മുസ്‌ലിം ന്യൂനപക്ഷത്തിന്റെ സർവക്ഷേമത്തിന് നിയോഗിക്കപ്പെട്ട ജസ്റ്റിസ് രജീന്ദ്ര സച്ചാർ കമ്മിറ്റി നിർദേശിച്ച മുസ്‌ലിംകൾക്ക് മാത്രമായുള്ള 100 ശതമാനം വിദ്യാഭ്യാസ സ്കോളർഷിപ്പ്, പാലോളി കമ്മിറ്റി റിപ്പോർട്ട് പ്രകാരം 80:20 അനുപാതം നിശ്ചയിച്ചു. ജസ്റ്റിൻ നൽകിയ ഹരജിയെ തുടർന്ന് കേരള ഹൈക്കോടതി ഇത് റദ്ദ് ചെയ്തത് കമ്യൂണിസ്റ്റ് കൈയബദ്ധങ്ങൾക്ക് കാലം നൽകിയ കനത്ത മുന്നറിയിപ്പായിരുന്നു. ഒരു പ്രത്യേക മതത്തിനായി നിയമനമെന്നത് പി.എസ്.സി മാന്വൽ വഴി സാധ്യമല്ലെന്ന് നിയമ- സർവിസ് വൃത്തങ്ങളിൽ അഭിപ്രായവുമുണ്ട്. തുല്യനീതിക്കും അവസര സമത്വത്തിനും വിരുദ്ധമാണ് പ്രസ്തുത നിയമനമെന്ന കനത്ത വാദം ഭാവിയിൽ കോടതി മുറികളിൽ ഉയർന്നുവരുവാൻ സാധ്യതയുമുണ്ട്. ഭരണഘടനാ സ്ഥാപനമായ സർവിസ് കമ്മിഷനുകളിൽ മതത്തിന്റെ അടിസ്ഥാനത്തിലുള്ള നിയമനം ഇന്ത്യയുടെ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്തതാണ്. 25 വഖ്ഫ് ബോർഡുകൾ പ്രവർത്തിക്കുന്ന ഇന്ത്യയിൽ ഒരിടത്തും നിയമനം സർവിസ് കമ്മിഷനുകൾക്ക് വിട്ട ചരിത്രവുമില്ല.
മുസ്‌ലിം സമുദായത്തിന്റെ വഖ്ഫ് സ്വത്തുക്കൾ രചനാത്മകമായി സംരക്ഷിക്കുന്നതിന് നിശ്ചയിക്കപ്പെട്ട സംരക്ഷണ കവചമാണ് കേന്ദ്ര വഖ്ഫ് നിയമം. ഇൗ നിയമം തകർക്കാൻ ശ്രമിക്കുന്ന കേരള സർക്കാർ ഇന്ത്യയുടെ മഹാഭൂരിഭാഗം സംസ്ഥാനങ്ങൾ ഭരിക്കുന്ന ഫാസിസ്റ്റുകൾക്ക് വഖ്ഫ് സ്വത്തുക്കളിലേക്കും കടന്നുകയാറാനുള്ള അവസരമാണ് ഒരുക്കുന്നത്. 92 ഡിസംബർ ആറിന് തകർക്കപ്പെട്ട ബാബരി മസ്ജിദിനുശേഷം കാശി, മധുര, ഗ്യാൻവാപി എന്നിവിടങ്ങളിൽ ഫാസിസ്റ്റുകൾ ഭീഷണി ഉയർത്തുന്ന സാഹചര്യത്തിൽ, വഖ്ഫ് നിയമം ദുർബലപ്പെടുത്തുവാനുള്ള ഇടതു സർക്കാരിന്റെ നീക്കം ഭായി ഭായി സമീപനമാമെന്ന് വിശ്വസിക്കേണ്ടിവരും.
ബോർഡ് നടത്തിയ ജില്ലാതല ബോധവൽക്കരണ കൺവൻഷൻ, പി.എസ്.സി കോച്ചിങ്, സ്ത്രീ ശാക്തീകരണ കാംപയിൻ, വിദ്യാഭ്യാസ വിദഗ്ധരുടെ മീറ്റ്, ഇമാം- ഖത്തീബ് സംഗമം, മുൻസിഫ് മജിസ്ട്രേറ്റ് പരിശീലനം എന്നീ പരിപാടികൾ സമ്പൂർണമായി വിജയകരമായത് ജീവനക്കാരുടെ ആത്മാർഥമായ പങ്കാളിത്തമുള്ളതുകൊണ്ടുമാണ്.
കേന്ദ്ര സർക്കാർ നിയോഗിച്ച ഗുലാം നബി ആസാദിന്റെ നേതൃത്വത്തിലുള്ള ജോയിന്റ് പാർലമെന്ററി കമ്മിറ്റിയും രാജ്യസഭാ ഡെപ്യൂട്ടി ചെയർമാനായിരുന്ന റഹ്്മാൻ ഖാന്റെ നേതൃത്വത്തിലുള്ള സംയുക്ത പാർലമെന്ററി സമിതിയും ഇന്ത്യയിലെ എല്ലാ സംസ്ഥാനത്തും സന്ദർശിച്ച് കേരളം ഇന്ത്യയിലെ മറ്റ് വഖ്ഫുകൾക്ക് മികച്ച റോൾമോഡലാണെന്ന് പാർലമെന്റ് മുമ്പാകെ റിപ്പോർട്ട് ചെയ്തിരുന്നു. റഹ്്മാൻ ഖാൻ ചെയർമാനായ സമിതിയിൽ ഇന്നത്തെ വഖ്ഫ് ബോർഡ് ചെയർമാൻ ടി.കെ ഹംസ പാർലമെന്റ് അംഗം എന്ന നിലക്ക് അംഗവുമായിരുന്നു. ''വഖഫ് മാഫിയ'' എന്ന തലക്കെട്ടിൽ ഔട്ട് ലുക്ക് മാഗസിൻ ഇന്ത്യയിലെ വഖ്ഫ് സ്വത്തുക്കളെ സംബന്ധിച്ച് നടത്തിയ പഠനത്തിൽ കേരളത്തിലെ വഖ്ഫുകൾ സുരക്ഷിതമാണെന്നും അതിന്റെ ക്രെഡിറ്റ് കേരള സംസ്ഥാന വഖ്ഫ് ബോർഡിനാണെന്നും വിലയിരുത്തുകയുണ്ടായി.
പി.എസ്.സി വഴി വഖ്ഫ് ബോർഡിലേക്കുള്ള നിയമനം മറ്റു സർക്കാർ സർവിസ് മേഖലകളുടെ ജനറൽ ക്വാട്ടയിൽനിന്നുള്ള മുസ്‌ലിം സമുദായത്തിന്റെ അവസരങ്ങൾ ഇല്ലാതാക്കുവാൻ കാരണമാകുന്നതാണ്. കെ.എസ്.ആർ ചട്ടപ്രകാരമുള്ള സംവരണമോ റൊട്ടേഷനോ ബാധകമല്ലാത്ത വഖ്ഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിടുന്നത് ദുരൂഹമാണ്. ജസ്റ്റിസ് നരേന്ദ്രൻ കമ്മിഷൻ ഉദ്യോഗസ്ഥ നിയമനങ്ങളിൽ മുസ്‌ലിം ന്യൂനപക്ഷത്തിന്റെ ബാക്ക് ലോഗ് കണ്ടെത്തിയത് ഏഴായിരത്തിന് മുകളിലാണെങ്കിൽ ഇന്നത് പതിനായിരത്തിന് മുകളിലാണ്.
വിവാഹ സഹായം, ചികിത്സാ സഹായം, വിദ്യാഭ്യാസ സഹായം, യതീംഖാനകൾക്കുള്ള സഹായം, ഭിന്നശേഷി കുട്ടികൾക്കുള്ള സഹായം എന്നീ പദ്ധതികൾക്കായി 10 കോടി രൂപയുടെ ആയിരക്കണക്കിന് അപേക്ഷകളാണ് വഖ്ഫ് ബോർഡിൽ കെട്ടികിടക്കുന്നത്. 10 കോടി രൂപ ഗ്രാന്റ് ലഭിക്കണമെന്നാവശ്യപ്പെചട്ട് വഖ്ഫ് ബോർഡ് മുഖ്യമന്ത്രിക്ക് നിവേദനം നൽകുമ്പോൾ അന്നത്തെ വഖ്ഫ് മന്ത്രി ജലീലും സാക്ഷിയായിരുന്നു. പ്രസ്തുത തുക ഇന്നോളം അനുവദിക്കാത്ത കേരള സർക്കാരിന്റെ മുഖത്തുനോക്കി ഒരക്ഷരം ഉരിയാടാൻ കഴിയാത്ത ജലീൽ വഖ്ഫ് ബോർഡിൽ വിശ്വാസികളെ നിയമിക്കുവാൻ വിശ്വാസമീറ്ററുണ്ടോയെന്ന് പരിഹസിക്കുകയായിരുന്നു. കോഴിക്കോട് വഖ്ഫ് ട്രിബ്യൂണൽ സ്ഥാപിക്കാൻ ബോർഡിൽനിന്ന് കടം വാങ്ങിയ 54 ലക്ഷം രൂപ തിരിച്ചുകിട്ടുവാൻ വഖ്ഫ് ബോർഡ് സർക്കാരിന് എഴുതിയ കത്തുകൾക്ക് മറുപടി ലഭിച്ചോയെന്ന് അന്വേഷിക്കുവാനുള്ള സന്മനസ് കാണിക്കാത്ത മന്ത്രിയാണ് വഖ്ഫ് ബോർഡിനെ നന്നാക്കാനായി കച്ചകെട്ടിയിറങ്ങിയിട്ടുള്ളത്.
ദുരിതാശ്വാസ ഫണ്ടിലേക്ക് ഗുരുവായൂർ ദേവസ്വം നൽകിയ തുക തിരിച്ച് കൊടുക്കാൻ ഹൈക്കോടതി വിധി നൽകിയ സന്ദർഭത്തിലാണ്, വഖ്ഫ് ബോർഡിൽനിന്ന് അംഗങ്ങളുടെ എതിർപ്പുണ്ടായിട്ടും പള്ളികളിൽനിന്ന് കൊവിഡ് പ്രതിസന്ധി കാലത്ത് ഈടാക്കിയ ഏഴ് ശതമാനം തുകയിൽനിന്ന് ഒരുകോടി മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് വാങ്ങിയത്. വഖ്ഫ് സ്വത്ത് സംരക്ഷിക്കാൻ രംഗത്തിറങ്ങിയവർ അറിയേണ്ടുന്ന യഥാർഥ്യം പശ്ചിമബംഗാളിൽ വഖ്ഫ് സ്വത്തുക്കൾ പാർട്ടി ഓഫിസുകളാക്കിയ കഥ പാർലമെന്ററി സമിതി റിപ്പോർട്ടിൽ ചരിത്രരേഖയായി കിടപ്പുണ്ട്.
ന്യൂനപക്ഷ വിരുദ്ധ സമീപനങ്ങളുമായി മുന്നോട്ട് പോകുന്ന ഫാസിസ്റ്റുകളുമായി ഇക്കാര്യത്തിൽ മാരത്തോൺ മത്സരത്തിന് രംഗത്തിറങ്ങിയിരിക്കുന്ന കേരള ഭരണകൂടത്തിനെതിരായി രാഷ്ട്രീയ- നിയമ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകാൻ സമുദായ കൂട്ടായ്മ അനിവാര്യമായിരിക്കുകയാണ്. പൊതുവൽക്കരണത്തിന്റെ പേരിൽ ആത്മീയസ്ഥാപനങ്ങളെ തകർക്കുവാനുള്ള ശ്രമങ്ങളിൽനിന്ന് പിന്തിരിയാൻ സർക്കാർ സന്നദ്ധമല്ലെങ്കിൽ ശക്തമായ പോരാട്ടത്തിന് കേരളം സാക്ഷ്യം വഹിക്കേണ്ടിവരും. ഭരണഘടനയുടെ ഭാഷയുടെ പട്ടികയിൽനിന്ന് ഉർ ദു ഭാഷപോലും നീക്കം ചെയ്യാൻ കേന്ദ്രഭരണകൂടം പരിശ്രമിക്കുന്ന ഘട്ടത്തിലാണ് സെക്യുലർ എന്നവകാശപ്പെടുന്ന പിണറായി സർക്കാർ ചെങ്കൊടിയുടെ മറവിൽ അധികാര ക്രൂരതക്ക് നേതൃത്വം നൽകുന്നത്. ഭരണഘടനാപരമായ അവകാശങ്ങൾപോലും തട്ടിപ്പറിച്ചുകൊണ്ട് ന്യൂനപക്ഷ പീഡനം ഒരു രാഷ്ട്രീയ കലയായി സ്വീകരിച്ചവരുടെ കണ്ണ് തുറപ്പിക്കാൻ, ചോദിക്കുവാനും പറയുവാനും കെൽപുള്ള ഒരു നേതൃത്വം സജീവമായി രംഗത്തിറങ്ങേണ്ടുന്ന സമുചിതമായ കാലമാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."