ഷി ജിൻപിങ് ഇനി 'ക്യാപ്റ്റൻ'
ബെയ്ജിങ്
ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയിൽ സമഗ്ര ആധിപത്യം നേടിയ പ്രസിഡൻ്റ് ഷി ജിൻപിങ് ഇനി പാർട്ടിയുടെ ''ക്യാപ്റ്റൻ''.
നാലു ദിവസം നീണ്ട പാർട്ടി പ്ലീനത്തിൻ്റെ സമാപനത്തിലാണ് ഷിയെ ജനകീയ നേതാവ് എന്ന അർഥത്തിലാണ് ക്യാപ്റ്റനെന്ന് പാർട്ടി വിശേഷിപ്പിച്ചത്.
പാർട്ടി സ്ഥാപകനായ മാവോ സെ തൂങ്ങിനു മാത്രമേ ഇതുവരെ ക്യാപ്റ്റനെന്ന വിശേഷണം ലഭിച്ചിട്ടുള്ളൂ. 1949ൽ കമ്യൂണിസ്റ്റ് പാർട്ടിയെ ചൈനയിൽ അധികാരത്തിലെത്തിച്ച മാവോ 1976ൽ മരിക്കുന്നതുവരെ പാർട്ടിയുടെ അനിഷേധ്യ നേതാവായിരുന്നു. അതേ വഴിയിലാണ് ഷിയുടെ പോക്കും. ഒരാൾ രണ്ടിലേറെ തവണ പ്രസിഡൻ്റ് പദവിയിലിരിക്കാൻ പാടില്ലെന്ന ചട്ടം ഷിയ്ക്കു വേണ്ടി 2018ൽ പാർട്ടി ഭേദഗതി വരുത്തിയിരുന്നു.
2013ൽ പ്രസിഡൻ്റ് പദവിയിലെത്തിയ ഷി മൂന്നാം തവണയും രാജ്യത്തെ നയിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. കഴിഞ്ഞ ദിവസം ചരിത്രപരമായ പ്രമേയം പാസാക്കി ഷിയുടെ ഭരണനേട്ടങ്ങളെ പാർട്ടി അംഗീകരിച്ചിരുന്നു.
പാർട്ടിയുടെ 100 വർഷത്തെ ചരിത്രം സംക്ഷിപ്തമായി രേഖപ്പെടുത്തിയ പ്രമേയമാണ് ഷിയുടെ സ്ഥാനം രാഷ്ട്രീയ ചരിത്രത്തിൻ്റെ ഭാഗമായി ഉൾപ്പെടുത്തിയത്. 1945ൽ മാവോ സെ തൂങ്ങിനും 1981ൽ ഡെങ് ഷിയോപിങ്ങിനും വേണ്ടി മാത്രമാണ് ഇതിനു മുമ്പ് പാർട്ടി ഇത്തരത്തിൽ പ്രമേയം പാസാക്കിയിട്ടുള്ളൂ. ഇതോടെ മാവോയ്ക്കും ഡെങ്ങിനും തുല്യനായിരിക്കുകയാണ് ഷി.
ഷി ജിൻപിങ് അമരത്തിരിക്കുന്നിടത്തോളം കാലം ചൈനീസ് പുനരുജ്ജീവന കപ്പലിന് ഏതു കൊടുങ്കാറ്റിനെയും നേരിടാൻ പ്രാപ്തിയുള്ള കപ്പിത്താനുണ്ടാവുമെന്ന് പാർട്ടിയുടെ നയകാര്യ വിഭാഗം തലവൻ ജിയാങ് ജിൻഖ്വാങ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ജനകീയ നേതാവെന്ന് വിളിക്കപ്പെടാൻ എല്ലാ അർഥത്തിലും യോഗ്യനാണ് ഷിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ചൈനയെ ഈ വർഷത്തോടെ ആധുനിക സോഷ്യലിസ്റ്റ് രാജ്യമാക്കാനും 2049ഓടെ സമ്പന്നവും ശക്തവുമായ വികസിത രാജ്യമാക്കാനും പ്ലീനം തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."