മണിപ്പൂര്‍ ആക്രമണം: ഉത്തരവാദിത്വം ഏറ്റെടുത്ത് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയും മണിപ്പൂര്‍ നാഗാ പീപ്പിള്‍സ് ഫ്രണ്ടും
ഇംഫാല്‍: മണിപ്പൂരില്‍ അസം റൈഫിള്‍സ് കമാന്‍ഡിങ് ഓഫിസറും ഭാര്യയും മകനും സൈനികരുമടക്കം ഏഴു പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് സംഘടനകള്‍. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പി.എല്‍.എ), മണിപ്പൂര്‍ നാഗാ പീപ്പിള്‍സ് ഫ്രണ്ട് (എം.എന്‍.പി.എഫ്) എന്നീ സംഘടനകളാണ് ഉത്തരവാദിത്തമേറ്റത്.
സംയുക്ത പ്രസ്താവനയിലാണ് ഇരു സംഘടനകളും ഉത്തരവാദിത്തമേറ്റത്. സ്വന്തം ആളുകളെ സംരക്ഷിക്കാനായാണ് ആക്രമണം നടത്തിയതെന്ന് പ്രസ്താവനയില്‍ പറയുന്നു. അവകാശങ്ങള്‍ തിരികെ ലഭിക്കുംവരെ ഞങ്ങള്‍ നിശബ്ദരാകില്ല. ഭൂമിയുടെയും ജനങ്ങളുടെയും അവകാശങ്ങള്‍ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരായ പ്രക്ഷോഭമാണിതെന്നും പ്രസ്താവനയില്‍ അവകാശപ്പെടുന്നു.
മണിപ്പൂരിലെ ചുരാചന്ദ് ജില്ലയിലായിരുന്നു സൈനിക വാഹനവ്യൂഹത്തിന് നേരെ ആക്രമണമുണ്ടായത്. അസം റൈഫിള്‍സ് കേണല്‍ വിപ്ലവ് ത്രിപാഠിയും നാല് സൈനികരും, വിപ്ലവ് ത്രിപാഠിയുടെ ഭാര്യ, നാലുവയസുകാരനായ മകന്‍ എന്നിവരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ശനിയാഴ്ച രാവിലെ 10ഓടെയായിരുന്നു ആക്രമണം.
അതേസമയം, കേണലിന്റെ ഭാര്യയും മകനും വാഹനവ്യൂഹത്തോടൊപ്പം ഉണ്ടായിരുന്ന കാര്യം തങ്ങള്‍ക്ക് അറിയില്ലായിരുന്നെന്നാണ് സംഘടനകള്‍ പറയുന്നത്. അക്രമസാധ്യതയുള്ള മേഖലയായി സര്‍ക്കാര്‍ പ്രഖ്യാപിച്ചയിടത്തേക്ക് സൈനികര്‍ കുടുംബത്തെ ഒപ്പം കൂട്ടരുതെന്നും പ്രസ്താവനയില്‍ പറഞ്ഞു.
മണിപ്പൂരിനെ ഇന്ത്യയില്‍ നിന്ന് വിഭജിച്ച് പ്രത്യേക രാഷ്ട്രമാക്കുകയെന്ന ലക്ഷ്യത്തോടെ 1978ല്‍ രൂപീകൃതമായ സംഘടനയാണ് പി.എല്‍.എ. യുണൈറ്റഡ് നാഷണല്‍ ലിബറേഷന്‍ ഫ്രണ്ടില്‍ നിന്ന് വിഘടിച്ചാണ് സംഘടനയുടെ രൂപീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."