മുല്ലപ്പെരിയാര്‍ സ്പില്‍വേ ഷട്ടറുകളും തുറന്നേക്കും
ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 140 അടിയായി ഉയര്‍ന്നു. ഒമ്പത് മണിയോടെയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ് 140 അടിയായി ഉയര്‍ന്നത്. 400 ഘനയടി വെള്ളമാണ് ഇപ്പോള്‍ ഡാമിലേക്ക് ഒഴുകിയെത്തുന്നത്. അടുത്ത 24 മണിക്കൂറിലും ജലനിരപ്പ് ഈ തരത്തില്‍ത്തന്നെ ഉയരുകയാണെങ്കില്‍ മുല്ലപ്പെരിയാര്‍ സ്പില്‍വേ ഷട്ടറുകള്‍ തുറക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ പെരിയാര്‍ തീരത്തുള്ള ജനങ്ങള്‍, പ്രത്യേകിച്ച് നദിയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ അതീവജാഗ്രത പുലര്‍ത്തണമെന്ന് ഇടുക്കി ജില്ലാ കലക്ടര്‍ അറിയിച്ചു.
തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് സെക്കന്റില്‍ 900 ഘന അടിയായി ഉയര്‍ത്തിയിട്ടുണ്ട്. അണക്കെട്ടിലെ ജലനിരപ്പുയര്‍ന്നതോടെ തമിഴ്നാട് ജാഗ്രതാ നിര്‍ദേശം പുറത്തിറക്കിയിട്ടുണ്ട്. ജലനിരപ്പ് 140 അടിയായെന്ന് തമിഴ്നാട് കേരളത്തെ ഔദ്യോഗികമായി അറിയിക്കുകയും ചെയ്തു.
വൃഷ്ടിപ്രദേശത്ത് തുടരുന്ന കനത്ത മഴയാണ് ഡാമില്‍ ജലനിരപ്പ് ഉയരാന്‍ കാരണം. ഇടുക്കി ഡാമിലും ജലനിരപ്പ് ഉയരുന്നുണ്ട്. ഇടുക്കി ഡാമില്‍ നിലവില്‍ 2398.72 അടിയിലാണ് ജലനിരപ്പ്. 2399.03 അടിയായാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും. ഇരുഡാമുകളും ഒരുമിച്ച് തുറക്കേണ്ട സാഹചര്യമില്ലെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."