സോനു സൂദിന്റെ സഹോദരി പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും
ലാഹോര്‍: ബോളിവുഡ് താരം സോനു സൂദിന്റെ സഹോദരി മാളവിക സൂദ് പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും. സോനു സൂദ് തന്നെയാണ് ഇക്കാര്യം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്.
പഞ്ചാബിലെ ജനങ്ങളെ സേവിക്കാന്‍ സഹോദരി സന്നദ്ധയാണെന്ന് സോനുസൂദ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അതേസമയം ഏത് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായാണ് മത്സരിക്കുകയെന്ന് തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സമയമാവുമ്പോള്‍ തീരുമാനം അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചണ്ഡീഗഢില്‍നിന്ന് 170 കിലോമീറ്റര്‍ അകലെയുള്ള മോഗയില്‍നിന്നാണ് മാളവിക ജനവിധി തേടുകയെന്നാണ് വിവരം.
ഈയടുത്താണ് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ഛന്നിയുമായി സോനു കൂടിക്കാഴ്ച നടത്തിയത്. വാക്സിനേഷന് അംബാസിഡറായി പ്രഖ്യാപിക്കാന്‍ മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങും സോനുവിനെ ചണ്ഡീഗഢിലേക്ക് വിളിപ്പിച്ചിരുന്നു. ഈ സമയത്ത് സഹോദരി മാളവികയെ അമരീന്ദറിന് പരിചയപ്പെടുത്തി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് മാളവിക രാഷ്ട്രീയത്തിലേക്കിറങ്ങുമെന്ന അഭ്യൂഹങ്ങളും പരന്നത്.
നേരത്തേ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായും സോനു സൂദ് കൂടിക്കാഴ്ച നടത്തിയിരുന്നു. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ആരംഭിച്ച പദ്ധതിയില്‍ ബ്രാന്‍ഡ് അംബാസിഡറായി സോനുവിനെ തെരഞ്ഞെടുത്തതിന്റെ ഭാഗമായായിരുന്നു ഇത്. ഇതിനു ശേഷം സോനു എ.എ.പിയില്‍ ചേരുമെന്നും അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും വാര്‍ത്തകള്‍ വന്നു. എന്നാല്‍, ഇരുവരും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ രാഷ്ട്രീയ ചര്‍ച്ചകളുണ്ടായിരുന്നില്ലെന്നായിരുന്നു സോനു പിന്നീട് പ്രതികരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."