കങ്കണമാരുടെ കാലം
കെ.എൻ.എ ഖാദർ
ഇന്ത്യയിൽ നാം പിന്തുടരുന്നത് അതി പുരാതന മായൻ കലണ്ടറാണോ? അതു പ്രകാരമായിരുന്നുവെങ്കിൽ 2012 ഡിസംബറിൽ പ്രവചന പ്രകാരം ലോകം അവസാനിച്ചു കാണണം. നാം ഇപ്പോഴും ജീവിച്ചിരിക്കുന്നുവെന്നും ലോകം പണ്ടേപോലെ നിലനിൽക്കുന്നുവെന്നും തോന്നുന്നത് ശരിയല്ലേ? അതോ മിഥ്യയാണോ? വല്ലാത്തൊരു കാലം! ആർക്കും എന്തും പറയാം, പ്രവർത്തിക്കാം. ചരിത്രവും ശാസ്ത്രവുംവരെ ചിലർക്ക് കീഴ്‌മേൽ മറിക്കാം. കഴിഞ്ഞുപോയ നൂറ്റാണ്ടുകളിലെ ചരിത്രത്തെയും രാഷ്ട്രത്തിന്റെ പരമ്പരാഗത സംസ്‌കാരങ്ങളെയും രാഷ്ട്രശിൽപ്പികളായ മഹാരഥന്മാരെയും ചിലർ ശീർഷാസനത്തിൽ നിന്നും ദർശിക്കുന്നു. രാഷ്ട്രസ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികാഘോഷ പരിപാടികളുടെ വിളംബര പത്രികയിൽ പോലും നെഹ്‌റു ഇല്ല. അതെങ്ങനെ ഉണ്ടാവാനാണ്. രാജ്യം സ്വാതന്ത്ര്യം നേടിയത് പോലും 2014ൽ ആണത്രെ? ആ സ്വാതന്ത്ര്യം പിറന്നുവീണത് മോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോഴാണുതാനും. അപ്പോൾ ആദ്യ പ്രധാനമന്ത്രി മോദി ആയിരിക്കണം. അതിനു മുമ്പുള്ള ഇന്ത്യയേയും സ്വാതന്ത്ര്യസമര ചരിത്രത്തേയും അതിന്റെ നായകരെയും പൊരുതിമരിച്ച രക്തസാക്ഷികളെയും പൂർണമായി വിസ്മരിക്കുക , മാപ്പെഴുതി കൊടുത്ത് ജയിൽ മോചിതരായവരെ മാത്രം ഓർക്കുക, ഇന്ത്യയുടെ ചരിത്രവും ഇതിഹാസങ്ങളും മറന്നുകളയുക, മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തെ നിരന്തരം ത്യാഗോജ്ജ്വലമായ പ്രക്ഷോഭങ്ങളിലൂടെ കിടുകിടാ വിറപ്പിച്ച ലക്ഷോപലക്ഷം ജ്ഞാതരും അജ്ഞാതരുമായ സ്വാതന്ത്ര്യസമര സേനാനികളെ മറന്നുകളയുക, പൊരുതി മരിച്ചവരെയും മരിച്ച പോലെ ജീവിച്ചവരെയും സർവതും ത്യജിച്ച് സ്വന്തം ജീവിതം രാഷ്ട്രത്തിനുവേണ്ടി ബലികൊടുത്തവരെയുമൊക്കെ ഇനിയാർക്കുവേണം.
മോദിയുടെ സത്യപ്രതിജ്ഞയോടെയാണ് സത്യത്തിൽ ഇന്ത്യ സ്വാതന്ത്ര്യം നേടിയതത്രെ! ഇതു പറയുന്നത് ഇന്ത്യ എന്തെന്ന് അറിയാത്ത ചരിത്രത്തിന്റെ ആദ്യ താളുകൾ പോലും മറിച്ചു നോക്കിയിട്ടില്ലാത്ത രാഷ്ട്രീയ കാരണങ്ങളാൽ കണ്ണുകൾക്ക് തിമിരം ബാധിച്ച ഒരു മുപ്പത്തി നാലു വയസ് മാത്രം പ്രായമുള്ള യുവതിയാണ്. ഹിമാചൽ പ്രദേശിൽ ജനിച്ച് തന്റെ പതിനാറാം വയസിൽ തന്നെ ഡൽഹിയിലേക്ക് പറിച്ചുനടുകയും ന്യൂയോർക്ക് ഫിലിം അക്കാദമിയിൽനിന്ന് പരിശീലനം നേടി സിനിമയിൽ അഭിനയിച്ചുവരുന്ന ഒരു നടിയാണവർ. കങ്കണാ റണാവത്ത് എന്ന ഈ നടി പറയുന്നത് 1947ഒാഗസ്റ്റിലെ സ്വാതന്ത്ര്യം വെള്ളക്കാർ നൽകിയ ഒരു ഭിക്ഷയായിരുന്നുവെന്നാണ്.
മോദി പ്രധാനമന്ത്രിയായതോടെയാണ് സ്വാതന്ത്ര്യം ലഭിച്ചത് എങ്കിൽ അദ്ദേഹത്തിന് ഏറ്റെടുക്കാൻ ഒരു പ്രധാനമന്ത്രി പദം ഇവിടെ ആരാണ് കൊണ്ടുവന്നത്. അദ്ദേഹത്തെ തെരഞ്ഞെടുക്കാൻ ഇന്ത്യക്കാർക്ക് മുഴുവൻ ആരാണ് വോട്ടവകാശം നൽകിയത്? ഈ ജനാധിപത്യ സമ്പ്രദായം ഇന്ത്യയിൽ ആരുകൊണ്ടുവന്നു? ആ സത്യപ്രതിജ്ഞാ വാചകങ്ങളും മന്ത്രിസഭയും ആ സഭക്ക് ഭരണം നടത്താൻ മാർഗദർശനം നൽകുന്ന ഒരു ഭരണഘടനയും തെരഞ്ഞെടുക്കപ്പെട്ടതിനാൽ അദ്ദേഹത്തിന്റെ ഭരണം അംഗീകരിക്കാൻ പ്രതിപക്ഷത്തിന് വിവേചന ബുദ്ധിയും എങ്ങനൊണ് കൈവന്നത്? ഇതൊക്കെ അവരോടും അവരെക്കൊണ്ട് ചുടുചോറ് മാന്തിക്കുന്ന ശക്തികളോടും ചോദിക്കുന്നവരാണ് വിഡ്ഢികൾ. ഇത്തരം കെട്ടിച്ചമച്ച സിനിമാക്കഥകൾക്ക് തുല്യമായ നുണകൾ പലതവണ ആവർത്തിച്ചുപറയാനും പുതിയ തലമുറയിലെങ്കിലും സംശയം സൃഷ്ടിക്കാമെന്നും വ്യാമോഹിക്കുന്നു. ചിലർ അവർക്കു പിന്നിലുണ്ടാവാം.
ഗാന്ധിജിയോടും നെഹ്‌റുവിനോടും ചരിത്രത്തോടും രാജ്യത്ത് നിലനിൽക്കുന്ന സമാധാനപരമായ സാഹചര്യങ്ങളോടും കലഹിക്കുന്നവരുടെ അജൻഡ സുതരാംവ്യക്തമാണ്. ഭൂരിപക്ഷത്തിന്റെ ഭരണം മാത്രമല്ല ജനാധിപത്യം. വ്യത്യസ്തമായ അഭിപ്രായങ്ങളും ആശയങ്ങളുംവച്ചു പുലർത്താനുള്ള അവകാശം കൂടിയാണ്. ഭൂരിപക്ഷത്തിന്റെ അഭിപ്രായത്തോട് വിയോജിക്കാനുള്ള അവകാശത്തെ സംരക്ഷിക്കുമ്പോഴാണ് ജനാധിപത്യം പുലരുന്നത്. മഹാത്മാഗാന്ധി ജനാധിപത്യത്തെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിച്ച വിദ്യാർഥികളോട് പറഞ്ഞത് നിങ്ങൾ ഒരു ഓട്ടമത്സരത്തിൽ പങ്കെടുത്ത് ഒന്നാമനായി തീരുമ്പോൾ കൂടെ ഓടുവാൻ വേറെയും അനേകരുണ്ടായതുകൊണ്ടാണ് താൻ ഒന്നാമനായത് എന്ന് കരുതലാണ് ജനാധിപത്യം. ഒറ്റക്ക് ഓടുന്ന ആരും ഒന്നാമനാകില്ല എന്നാണ്. ഇവിടെ കങ്കണക്ക് അത് പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടായതും ഗാന്ധിജിയെപ്പോലുള്ള ഒരു രാഷ്ട്ര പിതാവ് ഇവിടെ ജീവിച്ചിരുന്നതുകൊണ്ട് കൂടിയാണ്.
ഇന്ത്യയുടെ സ്വാതന്ത്ര്യം നമ്മുടെ മുൻഗാമികളായ ജനങ്ങൾ നമുക്ക് വാങ്ങിത്തന്നതാണ്. ഇവിടെനിന്നു മാത്രമല്ല, ബ്രിട്ടീഷ് ഭരണത്തിന് കീഴിലുണ്ടായിരുന്ന സകല കോളനി രാജ്യങ്ങളിലും നടന്ന സമര പോരാട്ടങ്ങളിലൂടെയാണ് വെള്ളക്കാരെ ആ രാജ്യങ്ങളിൽനിന്നു ജനം ആട്ടിയോടിച്ചത്. അത്തരം വിമോചന സമരങ്ങളുടെ ചരിത്രത്തിൽ 150 വർഷം ഇന്ത്യയിൽ ബ്രിട്ടീഷുകാർക്കെതിരേ നടന്ന പോരാട്ടങ്ങൾ അവിസ്മരണീയമായിരുന്നു. ആ സമരങ്ങളിലാണ് ഇന്നത്തെ ഇന്ത്യയുടെ ജനനമുണ്ടായത്. ഹിന്ദുവും മുസൽമാനും ഇതര മതസ്ഥരും മതമില്ലാത്തവരും സ്ത്രീയും പുരുഷനും തൊഴിലാളിയും മുതലാളിയും മലയാളിയും ഇതര ഭാഷ സംസാരിക്കുന്നവരും വിദ്യാർഥിയും അധ്യാപകനും ഒക്കെ ഒരുമിച്ചുനിന്നാണ് പൊരുതിയത്. മഹാത്മാഗാന്ധി പറയാറുണ്ടായിരുന്നു ഞാനൊരു നല്ലൊരു ഹിന്ദുവാണ്. അതുകൊണ്ട് തന്നെ ഞാനൊരു നല്ല മുസൽമാനും ക്രൈസ്തവനുമാകുന്നു. അടുത്ത കാലത്തായി ഇന്ത്യയിൽ നടക്കുന്നത് മറ്റൊന്നാണ്.
ബ്രിട്ടീഷ് സാമ്രാജ്യത്വം ഏതു രീതിയിലാണോ അന്ന് ഇന്ത്യക്കാരോട് പെരുമാറിയത് അതുപോലെ ഇന്ത്യൻ ജനത ആർജിച്ച എല്ലാ നന്മകൾക്കും എതിരുനിൽക്കുന്ന ഒരു വിഭാഗം ഇവിടെ വളർന്നുവരുകയാണ്. അത് ബോധപൂർവമായ ഒരു പരിശ്രമത്തിന്റെ ഫലമാണ്. അതിനു പിന്നിൽ ആസൂത്രിതമായ അജൻഡയുമുണ്ട്. കങ്കണമാർ വേറെയും അനേകരുണ്ട്. ബഹുസ്വര ഇന്ത്യയെ തടവിലാക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നവർ രാഷ്ട്രീയ മേധാവിത്വം നേടിയിരിക്കുന്നു. അത് തിരിച്ചറിയാതെ തുള്ളുന്നവർ പത്മശ്രീ ജേതാക്കളായാലും ചരിത്രം മാപ്പുനൽകുകയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."