രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി എവിടെ നോക്കിയാലും കൊടിമരങ്ങൾ; 10 ദിവസത്തിനകം നീക്കണം
സ്വന്തം ലേഖകൻ
കൊച്ചി
സംസ്ഥാനപാതയോരങ്ങളിലെ അനധികൃത കൊടിമരങ്ങൾ പത്തു ദിവസത്തിനുള്ളിൽ നീക്കണമെന്ന് ഉത്തരവിട്ട് ഹൈക്കോടതി. കൊടിമരങ്ങൾ സ്ഥാപിച്ചവർ സ്വമേധായ നീക്കം ചെയ്തില്ലെങ്കിൽ ഭൂസംരക്ഷണം നിയമപ്രകാരം കർശന നടപടി സ്വീകരിക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടു.
എവിടെ നോക്കിയാലും അനധികൃത കൊടിമരങ്ങൾ. ഇതു മാറ്റാൻ എത്ര സമയം വേണം?. അടി പേടിച്ച് ഇതുമാറ്റാൻ ആർക്കും ധൈര്യമില്ല. നിയമവ്യവസ്ഥയുടെ അഭാവമാണിതിനു കാരണം. ആർക്കും അനുമതിയില്ലാതെ എവിടെയും കൊടിമരം സ്ഥാപിക്കാം എന്നതാണ് ഇപ്പോഴത്തെ സ്ഥിതിയെന്നും ഹൈക്കോടതി വിമർശിച്ചു.
42,337
കൊടിമരങ്ങൾ
സംസ്ഥാനത്ത് 42,337 കൊടിമരങ്ങളുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ഇതിൽ നിയമവിരുദ്ധമായവ എത്രയെന്ന കോടതിയുടെ ചോദ്യത്തിന് സർക്കാർ വ്യക്തമായ മറുപടി നൽകിയില്ല.
അനധികൃത കൊടിമരങ്ങളുടെ കണക്കെടുക്കാൻ സർക്കാർ ആർജവം കാണിക്കുന്നില്ലെന്നും കൊടിമരങ്ങളുടെ എണ്ണം കൃത്യമാണെന്നു തോന്നുന്നില്ലെന്നും കോടതി വ്യക്തമാക്കി. കൊടിമരം മാറ്റുന്നതു സംബന്ധിച്ചു കാര്യങ്ങൾ ചെയ്യുന്നതിനു കൂടുതൽ സമയം അനുവദിക്കണമെന്നു സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടു. സർക്കാരിന്റെ ആവശ്യം അംഗീകരിക്കുന്നുവെന്നു വ്യക്തമാക്കിയ കോടതി ഉത്തരവു നടപ്പാക്കുന്നതുവരെ പുതിയ കൊടിമരങ്ങൾ സ്ഥാപിക്കാതെ നോക്കണമെന്നും നിർദേശം നൽകി.
കൊടിമരങ്ങൾ സ്ഥാപിക്കുന്നവർക്കെതിരേ പിഴയുൾപ്പെടെയുള്ള ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്നും കോടതി വ്യക്തമാക്കി. കേസ് 25ന് പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."