കഴിഞ്ഞ വർഷം റോഡപകടങ്ങളിൽ മരിച്ചത് 2,977 പേർ കൂടുതൽ മരണം ഗ്രാമപ്രദേശങ്ങളിൽ
സ്വന്തം ലേഖകൻ
കൊച്ചി
സംസ്ഥാനത്ത് കഴിഞ്ഞ വർഷം റോഡപകടങ്ങളിൽ പൊലിഞ്ഞത് 2,977 ജീവനുകൾ. ഏറ്റവും കൂടുതൽ പേർ മരിച്ചത് ഗ്രാമപ്രദേശങ്ങളിൽ നടന്ന റോഡപകടങ്ങളിലാണ്. ദേശീയ ക്രൈം ബ്യൂറോയുടെ കണക്കനുസരിച്ച് 2020ൽ സംസ്ഥാനത്ത് 27,798 അപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതിൽ 30,507 പേർക്കു പരുക്കേറ്റു.
നഗരപ്രദേശങ്ങളിൽ 1,022 പേർ മരിച്ചപ്പോൾ ഗ്രാമപ്രദേശങ്ങളിൽ 1,955 പേർ മരിച്ചു. ഗ്രാമപ്രദേശങ്ങളിലെ റോഡുകളിലുണ്ടായ അപകടങ്ങളിലാണ് ഏറ്റവും കൂടുതൽ മരണം സംഭവിച്ചത്- 1,389 പേർ. ദേശീയ പാതയിലെ അപകടങ്ങളിൽ 864 പേരും സംസ്ഥാന പാതകളിലെ അപകടങ്ങളിൽ 724 പേരും മരിച്ചു.
ഇരുചക്ര വാഹന യാത്രക്കാരാണ് ഏറ്റവും കൂടുതൽ അപകടത്തിൽ മരണപ്പെട്ടവർ-1,192 പേർ. കാൽനടയാത്രക്കാരാണ് മരണത്തിൽ രണ്ടാം സ്ഥാനത്ത്- 555 പേർ. വൈകിട്ട് ആറിനും ഒൻപതിനും ഇടയിലാണ് കൂടുതലും അപകടങ്ങളും ഉണ്ടായത്. ഇതിൽ 5,690 പേരാണ് മരണപ്പെട്ടത്.
45നും 60നും ഇടയ്ക്ക് പ്രായമുള്ളവരാണ് അപകടത്തിൽ കൂടുതലും മരണപ്പെട്ടത്- 4,432 പേർ. 60 വയസിനു മുകളിലുള്ളവർ 3,813 പേരാണ് മരണപ്പെട്ടത്. അമിതവേഗത (1,573), ഓവർടേക്കിങ്, അപകടകരമായ ഡ്രൈവിങ് (948), മെക്കാനിക്കൽ തകരാറുകൾ (50), തെരുവ് നായ്ക്കൾ (27) എന്നിവയാണ് അപകടങ്ങളുടെ ഏറ്റവും സാധാരണമായ കാരണങ്ങൾ.
പ്രതികൂല കാലാവസ്ഥയിൽ 37 പേരും റോഡ് കാണാൻ കഴിയാതെ അപകടത്തിൽപെട്ട് 28 പേരും മരിച്ചു. ഏറ്റവും കൂടുതൽ അപകടങ്ങൾ (3,991) നടന്നത് ജനുവരിയിലാണെന്നും ദേശീയ ക്രൈം ബ്യൂറോയുടെ കണക്കുകളിൽ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."