വിദ്യാര്‍ഥിയെ കൊണ്ട് കാലുപിടിപ്പിച്ച് മാപ്പുപറയിപ്പിച്ചു, പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ്ജിനെതിരെ നടപടി വേണം: എം.എസ്.എഫ്
കാസര്‍കോട്: വിദ്യാര്‍ഥിയെ കൊണ്ട് കാലുപിടിപ്പിച്ചു മാപ്പു പറയിപ്പിച്ച സംഭവത്തില്‍ ഗവ.കോളജ് പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ്ജിനെതിരെ നടപടി വേണമെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്,സെക്രട്ടറി ആബിദ് ആറങ്ങാടി എന്നിവര്‍ ആവശ്യപ്പെട്ടു. കാസര്‍കോട് പ്രസ് ക്ലബില്‍ വിളിച്ചു ചേര്‍ത്ത പത്ര സമ്മേളനത്തില്‍ വിദ്യാര്‍ഥിയെ കൊണ്ട് പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ്ജ് തന്റെ കാലുപിടിപ്പിക്കുന്ന പടവും പുറത്തു വിട്ടു.
കഴിഞ്ഞമാസം 18 നാണു കാസര്‍കോട് ഗവ.കോളജില്‍ പ്രാകൃത രീതിയിലുള്ള സംഭവം ഉണ്ടായത്. കോളജില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയോട് തനിക്കെതിരെ നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും കോളജില്‍ നിന്നും ടി.സി തന്നു പറഞ്ഞു വിടുമെന്നും പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ്ജ് വഹിക്കുന്ന അധ്യാപിക പറഞ്ഞതോടെയാണ് സംഭവങ്ങളുടെ തുടക്കം. എന്നാല്‍ തന്റെ മേലുള്ള പരാതി, ഇവ നല്‍കിയ പരാതിക്കാര്‍ എന്നിവരെ സംബന്ധിച്ചു അധ്യാപികയോട് വിവരങ്ങള്‍ തിരക്കിയെങ്കിലും ഇവ നല്‍കാന്‍ തയ്യാറായില്ല. ഇതേ തുടര്‍ന്ന് എം.എസ്.എഫ് കോളജ് യൂനിറ്റ് ഭാരവാഹികള്‍ കാര്യം അന്വേഷിച്ചെങ്കിലും അധ്യാപിക അവര്‍ക്കും വിവരങ്ങള്‍ കൈമാറിയില്ല. എന്നാല്‍ തുടര്‍പഠനം സംബന്ധമായി ആശങ്ക ഉയര്‍ന്ന വിദ്യാര്‍ഥി തന്റെ സുഹൃത്തുക്കളോടൊപ്പം പ്രിന്‍സിപ്പലിന് മുമ്പിലെത്തി സംസാരിച്ചപ്പോള്‍ തന്റെ കാല് പിടിച്ചു മാപ്പു പറഞ്ഞാല്‍ തുടര്‍ പഠനത്തിന് അനുവദിക്കാമെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞതോടെ ഗത്യന്തരമില്ലാതെ വിദ്യാര്‍ഥി അധ്യാപികയുടെ കാല് പിടിച്ച് മാപ്പ് പറഞ്ഞെങ്കിലും ഒരുതവണ പോരെന്നും മൂന്നു തവണ ഇതേ രീതിയില്‍ മാപ്പ് പറയണമെന്നും അധ്യാപിക ആവശ്യപ്പെട്ടതായി പി.കെ.നവാസ് പറഞ്ഞു. സംഭവം സംബന്ധിച്ചു മുഖ്യമന്ത്രി,വിദ്യാഭ്യാസ മന്ത്രി,ഡി.ജി.പി എന്നിവര്‍ക്ക് പരാതി നല്‍കിയെങ്കിലും യാതൊരു നടപടികളും ഉണ്ടായില്ല. ഇതേ തുടര്‍ന്ന് എം.എസ്.എഫ് പ്രത്യക്ഷ സമരത്തിന് ഒരുങ്ങുകയാണ്.
കോളജിലെ സി.സി.ടി.വി ക്യാമറകള്‍ ഉള്‍പ്പെടെ പരിശോധിച്ച് തെളിവുകള്‍ ശേഖരിച്ച് അധ്യാപികക്കെതിരെ നടപടി സ്വീകരിക്കണം. അധ്യാപികയെ മാറ്റി നിര്‍ത്തി സത്യസന്ധമായ അന്വേഷണം നടത്തണം. കോളജിലെ വിദ്യാര്‍ഥികളോട് അപമര്യാദയായി പെരുമാറുകയും,ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ഥികളെ അവധി ദിനത്തില്‍ പുറത്തിറങ്ങാന്‍ സമ്മതിക്കാതിരിക്കുകയും ചെയ്യുന്നതിന് പുറമെ പര്‍ദ്ദ ധരിച്ചു കോളജിലെത്തുന്ന വിദ്യാര്‍ഥികളോട് ലഹരി വസ്തുക്കള്‍ കൊണ്ട് വരുന്നതിനാലാണ് പര്‍ദ്ദ ധരിക്കുന്നെതെന്നു പറഞ്ഞു ആക്ഷേപിക്കുന്നതായും പത്രസമ്മേളനത്തില്‍ സംബന്ധിച്ച നേതാക്കള്‍ പറഞ്ഞു. സംസ്ഥാന ഭാരവാഹികള്‍ക്ക് പുറമെ ജില്ലാ പ്രസിഡന്റ് അനസ് എതിര്‍ത്തോട്,ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് മൊഗ്രാല്‍,നേതാക്കളായ ശാനിഫ് നെല്ലിക്കട്ട,ജാബിര്‍ ഷിബിന്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."