സഊദിയിൽ ഇന്ത്യൻ സ്കൂളിലെ മലയാളി അധ്യാപിക മരണപ്പെട്ടു
റിയാദ്: സഊദിയിൽ ഇന്ത്യൻ സ്കൂളിലെ മലയാളി അധ്യാപിക നിര്യാതയായി. ബുറൈദ ഇൻറർനാഷനൽ ഇന്ത്യൻ സ്‌കൂൾ അധ്യാപിക ആലപ്പുഴ സ്വദേശി ജാസ്മിൻ അമീൻ (53) ആണ് ഇന്ന് മരണപ്പെട്ടത്. സ്‌കൂളിൽ നിന്ന് ജോലികഴിഞ്ഞ് വീട്ടിലെത്തിയ ശേഷം വിശ്രമിക്കുകയായിരുന്ന ജാസ്മിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ഉടൻ തന്നെ അടുത്തുള്ള ബുറൈദ സെൻട്രൽ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തിരുന്നു. ഇവിടെ വെച്ചാണ് മരണം.
10 വർഷത്തോളമായി ബുറൈദ ഇൻറർനാഷനൽ ഇന്ത്യൻ സ്‌കൂളിൽ അധ്യാപികയാണ്. ഭർത്താവ്: മുഹമ്മദ് അമീൻ. അലിയ അമീൻ ഏക മകളാണ്. അൽ ഖസീമിലെ സാംസ്കാരിക വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ നിറസാന്നിധ്യമായിരുന്നു ജാസ്മിൻ അമീൻ. മലയാളം മിഷൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തവരിൽ പ്രധാനിയുമായിരുന്നു.
മലയാളം മിഷൻ സഊദി ചാപ്റ്റർ അധ്യാപക വിദഗ്‌ധ സമിതി അംഗമാണ്. മിഷൻ സൗദി ചാപ്റ്റർ കമ്മിറ്റി, അൽ ഖസീം മേഖല കമ്മറ്റി, ഖസീം പ്രവാസി സംഘം, ഒ.ഐ.സി.സി, കെ.എം.സി.സി, പാരൻസ് ഫോറം തുടങ്ങിയ സംഘടനകളും സാമൂഹികപ്രവർത്തകരും ജാസ്മിൻ അമീെൻറ അകാല വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.
മൃതദേഹം ബുറൈദയിൽ ഖബറടക്കുമെന്ന് ബന്ധുക്കളും സുഹൃത്തുക്കളും അറിയിച്ചു. ഖസീം പ്രവാസി സംഘം ജീവകാരുണ്യ വിഭാഗം കൺവീനർ നൈസാം തൂലിക, കേന്ദ്രകമ്മറ്റി അംഗം മനാഫ് ചെറുവട്ടൂർ എന്നിവർ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനായി രംഗത്തുണ്ട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."