ഉമ്മൻ ചാണ്ടി കളത്തിൽ; പോരാടാനുറച്ച് ഗ്രൂപ്പുകൾ
ഇ.പി മുഹമ്മദ്
കോഴിക്കോട്
ഗ്രൂപ്പുകളുടെ ആധിപത്യം തകർക്കാനുള്ള നീക്കവുമായി കെ.പി.സി.സി നേതൃത്വം മുന്നോട്ടുപോകുന്നതിനിടെ പോരാടാനുറച്ച് എ, ഐ ഗ്രൂപ്പുകൾ. ഇനിയും രംഗത്തിറങ്ങിയില്ലെങ്കിൽ ഗ്രൂപ്പിന്റെ നിലനിൽപ്പ് ഇല്ലാതാകുമെന്ന തിരിച്ചറിവിൽ ഉമ്മൻ ചാണ്ടി തന്നെ കളത്തിലിങ്ങി. അദ്ദേഹം ഡൽഹിയിലെത്തി സോണിയാ ഗാന്ധിയെ നേരിൽ കണ്ട് പുനഃസംഘടന അടക്കമുള്ള വിഷയങ്ങളിൽ എതിർപ്പറിയിച്ചത് ഈ നീക്കത്തിന്റെ ഭാഗമാണ്.
നേരിട്ടിറങ്ങി ഗ്രൂപ്പ് ശക്തിപ്പെടുത്താനാണ് ഉമ്മൻ ചാണ്ടി ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി തന്നോടൊപ്പം നിൽക്കുന്ന മുതിർന്ന നേതാക്കളുമായി കഴിഞ്ഞ ദിവസങ്ങളിൽ അദ്ദേഹം ആശയവിനിമയം നടത്തിയിരുന്നു. ഗ്രൂപ്പിന്റെ കോർ കമ്മിറ്റി യോഗവും ചേർന്നിരുന്നു. ഐ ഗ്രൂപ്പിനെ ശക്തിപ്പെടുത്താൻ രമേശ് ചെന്നിത്തലയും നീക്കങ്ങളാരംഭിച്ചിട്ടുണ്ട്. വിശാല ഐ ഗ്രൂപ്പിന്റെ ഭാഗമായിരുന്ന കെ. സുധാകരനും കെ.സി വേണുഗോപാലും വി.ഡി സതീശനും പുതിയ കൂട്ടുകെട്ടായി മാറിയതോടെ ബാക്കിയുള്ളവരെ സംഘടിപ്പിച്ച് ഗ്രൂപ്പ് സജീവമാക്കാനാണ് ചെന്നിത്തലയുടെ ശ്രമം. ഇരു ഗ്രൂപ്പുകളിലും വൻ ചോർച്ചയുണ്ടായിട്ടുണ്ട്. ഗ്രൂപ്പ് വക്താക്കളായിരുന്ന പലരും സുധാകരൻ- സതീശൻ കൂട്ടുകെട്ടിന്റെ ഭാഗമായി. ഇതോടെയാണ് ഗ്രൂപ്പുകൾ ഔദ്യോഗിക നേതൃത്വത്തിനെതിരേ രംഗത്തിറങ്ങിയത്. ആദ്യഘട്ടത്തിൽ മൗനം പാലിച്ച മുതിർന്ന നേതാക്കൾ തന്നെ ഇപ്പോൾ പരസ്യമായി പോർമുഖം തുറക്കുകയാണ്.
പുനഃസംഘടനാ നടപടികളുമായി മുന്നോട്ടുപോകുന്നതിനിടെ എ.ഐ.സി.സി സംഘടനാ തെരഞ്ഞടുപ്പ് പ്രഖ്യാപിച്ചതിനെ ആയുധമാക്കുകയാണ് ഗ്രൂപ്പുകൾ. പുനഃസംഘടനയിൽ തങ്ങളുടെ അഭിപ്രായം പരിഗണിച്ചില്ലെന്നാണ് ഗ്രൂപ്പുകളുടെ പ്രധാന പരാതി. ഗ്രൂപ്പുകളിൽനിന്നുള്ളവരെ ഭാരവാഹികളാക്കിയെങ്കിലും ഇതൊന്നും ഗ്രൂപ്പുകൾ നൽകിയ പേരുകളായിരുന്നില്ല. സെക്രട്ടറി സ്ഥാനത്തേക്കും ഇതേ രീതിയിൽ പട്ടിക തയാറാക്കുന്നതിനിടെയാണ് സംഘടനാ തെരഞ്ഞെടുപ്പ് ചൂണ്ടിക്കാട്ടി പുനഃസംഘടന നിർത്തിവയ്ക്കണമെന്ന് ഗ്രൂപ്പുകൾ ആവശ്യപ്പെടുന്നത്. രാഷ്ട്രീയകാര്യസമിതിയെ നോക്കുകുത്തിയാക്കി സംസ്ഥാന നേതൃത്വം തീരുമാനമെടുക്കുന്നതായും പരാതിയുണ്ട്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അച്ചടക്ക നടപടികളിലും ഗ്രൂപ്പുകൾക്ക് അമർഷമുണ്ട്.
സോണിയാഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിൽ സംസ്ഥാനത്തെ ഇരു ഗ്രൂപ്പുകളുടെയും വികാരമാണ് ഉമ്മൻ ചാണ്ടി അറിയിച്ചത്. പരസ്പരം ആശയവിനിമയം നടത്തിയാണ് എ, ഐ ഗ്രൂപ്പുകൾ മുന്നോട്ടുപോകുന്നത്. ഡൽഹി ദൗത്യത്തിലും ഐ ഗ്രൂപ്പിന്റെ പരോക്ഷ പിന്തുണ ഉമ്മൻചാണ്ടിക്കുണ്ട്. സംഘടനാ തെരഞ്ഞെടുപ്പിലും ഈ ഐക്യം നിലനിർത്താനാണ് തീരുമാനം. എന്നാൽ എതിർപ്പുകൾ വകവയ്ക്കാതെ പുനഃസംഘടനാ നടപടികളുമായി മുന്നോട്ടുപോവാനാണ് കെ. സുധാകരന്റെയും വി.ഡി സതീശന്റെയും നീക്കം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."