ജീവനെടുക്കുന്ന ഓൺലൈൻ ഗെയിമുകൾ
ഓൺലൈൻ ഗെയിമുകൾക്ക് അടിമപ്പെട്ട് ജീവനൊടുക്കുന്ന കൗമാരക്കാരുടെയും യുവാക്കളുടെയും എണ്ണം സംസ്ഥാനത്ത് വർധിക്കുകയാണ്. കുട്ടികൾക്കും യുവാക്കൾക്കുമിടയിൽ മുളച്ചുപൊന്തിയ പുതിയ വിപത്തായി മാറിയിരിക്കുകയാണ് ചില ഓൺലൈൻ ഗെയിമുകൾ. ഇവയോടുള്ള കൗമാരപ്രായക്കാരുടെ ആസക്തി വളരുകയാണ്. ആപൽക്കരമായ ഒരു ഡസനോളം ഗെയിമുകൾ ഇപ്പോൾ നിലവിലുണ്ട്. കുട്ടികളുടെ ജീവൻ കവരുന്നതാണ് ഇതിലെ പല കളികളും. ഇതിൽ ഒടുവിലത്തെ ഇരയാണ് കഴിഞ്ഞദിവസം ഇരിങ്ങാലക്കുട കൂടൽമാണിക്യം കൂട്ടംകുളത്തിൽ മരിച്ചനിലയിൽ കാണപ്പെട്ട ഒമ്പതാം ക്ലാസുകാരൻ ആകാശ്. ഓൺലൈൻ ഗെയിം റീച്ചാർജ് ചെയ്യാൻ അച്ഛന്റെ ഫോൺ ഉപയോഗിച്ച് പണം ചെലവാക്കിയതിന്റെ മനോവിഷമത്തിലാണ് ആകാശ് ജീവനൊടുക്കിയതെന്ന് പറയപ്പെടുന്നു.
ലഹരിക്കടിമപ്പെടുന്നവരിൽ കാണപ്പെടുന്ന ഭ്രാന്തമായ ആവേശം, ഓൺലൈൻ ഗെയിമുകളിൽ വീണുപോകുന്ന കുട്ടികളിലും കാണുന്നുവെന്നത് അത്യന്തം ഭീതിജനകമാണ്. നഗര, ഗ്രാമ വ്യത്യാസമില്ലാതെ ഈ തീക്കളി പടർന്നുപിടിക്കുകയാണിപ്പോൾ. കേരളത്തിന്റെ മൊത്തം ആശങ്കയായി ഉയരുകയാണിപ്പോൾ അപകടകരമായ ഈ കളി. കൊവിഡിനെ തുടർന്ന് വിദ്യാലയങ്ങളെല്ലാം അടച്ചിടുകയും പഠനം ഓൺലൈൻ വഴിയാകുകയും ചെയ്തതോടെയാണ് ഇത്തരം അത്യാഹിതങ്ങൾ തുടങ്ങിയത്.
കുട്ടികൾക്ക് മൊബൈൽ ഫോണുകളും ടാബുകളും കംപ്യൂട്ടറുകളും വാങ്ങിക്കൊടുക്കാൻ രക്ഷിതാക്കൾ നിർബന്ധിതരായതോടെ ഇത്തരം ആപത്തുകൾ പെരുകാൻ തുടങ്ങി. പഠനം വിട്ട് മറ്റു പല വഴികളിലേക്കും മൊബൈൽ ഫോണുകളിലൂടെ കുട്ടികൾ സഞ്ചരിക്കാൻ തുടങ്ങി. ഓൺലൈൻ പഠനത്തിൽ ഏർപ്പെടുന്ന കുട്ടികളെ ഇരുപത്തിനാല് മണിക്കൂറും ശ്രദ്ധിക്കാൻ രക്ഷിതാക്കൾക്ക് കഴിയില്ലെന്നതും ഇത്തരം സഞ്ചാരങ്ങൾക്ക് വേഗംകൂട്ടി. ഈ പഴുതുകൾ ഉപയോഗിച്ച് കുട്ടികൾ പഠനത്തിനുപുറമെ ഓൺലൈൻ ഗെയിമുകളിൽ തൽപരരാകുന്നത് സ്വാഭാവികം. ഇതിന് അടിമപ്പെടുന്നതോടെ കുട്ടികൾ പഠനത്തേക്കാൾ പ്രാധാന്യം ഓൺലൈൻ ഗെയിമുകൾക്ക് നൽകുകയാണ് ചെയ്യുന്നത്. പല രക്ഷിതാക്കളുടെയും അക്കൗണ്ടുകളിൽ നിന്ന് ഫോൺപേ, ഗൂഗിൾപേ വഴി പണം പിൻവലിക്കാൻ സൗകര്യമുള്ളതിനാൽ കുട്ടികൾ ഗെയിമുകൾക്കായി പണം ചോർത്തിക്കൊണ്ടിരിക്കുന്നു. ഇത്തരം സാങ്കേതികവിദ്യകൾ മുതിർന്നവരേക്കാൾ പെട്ടെന്ന് കുട്ടികൾക്ക് സ്വായത്തമാക്കാൻ കഴിയുന്നതിനാലാണ് രക്ഷിതാക്കൾ അറിയാതെ അവരുടെ ഫോണുകൾ വഴി പണം ചോർത്തുന്നത്. ഭീമമായ സംഖ്യ നഷ്ടപ്പെട്ടത് അറിയുന്ന പിതാവിനെയോ മാതാവിനേയോ അഭിമുഖീകരിക്കാൻ കഴിയാതെ കുട്ടികൾ ആത്മഹത്യകളിൽ അഭയംതേടുകയും ചെയ്യുന്നു.
കുട്ടികൾ മാത്രമല്ല, യുവാക്കളും മുതിർന്നവരും വരെ ഓൺലൈൻ ഗെയിമിന് അടിമപ്പെട്ടുകൊണ്ടിരിക്കുകയാണ്. കൂലി വേലക്കാർ മുതൽ സർക്കാർ ഉദ്യോഗസ്ഥരും ടെക്നോക്രാറ്റുകളും വരെ ഈ ചതിക്കുഴികളിൽവീണ് ലക്ഷങ്ങൾ നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ആദ്യം ഇരകളെ കളികളിൽ ജയിപ്പിച്ചുകൊണ്ടിരിക്കും. അതിൽ വഞ്ചിതരാകുന്നവർ ലക്ഷങ്ങൾ വരെ കളികൾക്ക് ചെലവാക്കുമ്പോഴാണ് അദൃശ്യലോകത്തിരുന്ന് കളി നിയന്ത്രിക്കുന്ന അജ്ഞാതർ പണം തട്ടിയെടുക്കുന്നത്. ലക്ഷങ്ങൾ കടംവാങ്ങി ഗെയിമുകളിൽ അടിമപ്പെടുന്ന ഹതഭാഗ്യർ പിന്നീട് അഭയംകാണുന്നത് ആത്മഹത്യകളിലാണ്.
പണമുണ്ടാക്കാനുള്ള എളുപ്പവഴിയെന്ന പ്രലോഭനവുമായാണ് ലോക്ക്ഡൗൺ കാലത്ത് ഓൺലൈൻ ഗെയിമുകൾ സജീവമായത്. എത്രതവണ വഞ്ചിക്കപ്പെട്ടാലും പണം എളുപ്പത്തിൽ സമ്പാദിക്കാനുള്ള അത്യാഗ്രഹത്താൽ മലയാളി പിന്നെയും ഇത്തരം ചതികൾക്ക് തലവച്ചുകൊടുക്കുകയാണ്. ഓൺലൈൻ ഗെയിം കളിച്ച് 21 ലക്ഷം രൂപ നഷ്ടപ്പെട്ടതിന്റെ മനോവിഷമത്തിലാണ് തിരുവനന്തപുരം കുറ്റിച്ചാൽ സ്വദേശിയും ഐ.എസ്.ആർ.ഒയിലെ കരാർ ജീവനക്കാരനുമായ വിനീത് അടുത്തിടെ ആത്മഹത്യ ചെയ്തത്.
1960ലെ ഗെയിം ആക്ട് പ്രകാരം പണംവച്ചുള്ള വാതുവയ്പ്പുകളും കളികളും നിരോധിച്ചിട്ടുണ്ടെങ്കിലും കഴിവും ബുദ്ധിശക്തിയുമുപയോഗിച്ചുള്ള ഗെയിമുകൾ ഈ നിയമപരിധിയിൽ വരില്ലെന്ന സുപ്രിംകോടതി ഉത്തരവാണ് ഓൺലൈൻ ഗെയിം ചതികൾക്ക് വളമായിത്തീർന്നത്. അതിനാലാണ് ഓൺലൈൻ ഗെയിമുകൾക്കെതിരേ കേസെടുക്കാൻ കഴിയാതെവരുന്നതെന്ന് പൊലിസ് പറയുന്നു. കുട്ടികൾ ഇത്തരം ചതിക്കുഴികളിൽ വീഴാതിരിക്കാൻ രക്ഷിതാക്കൾ ജാഗ്രത പാലിക്കുക മാത്രമാണ് ഏക പോംവഴി. ചൈനയിൽ കുട്ടികൾ വിഡിയോ ഗെയിമുകളിൽ ഏർപ്പെടുന്നത് ഒരു നിശ്ചിത സമയംവരെ മാത്രമേ സർക്കാർ അനുവദിക്കുന്നുള്ളൂ. രക്ഷിതാക്കൾ മക്കൾക്ക് അമിത സ്വാതന്ത്ര്യം നൽകുന്നതും ഇത്തരം ഗെയിം ചതികളെക്കുറിച്ച് അവർക്ക് വലിയ ധാരണകളില്ലാത്തതുമാണ് കുട്ടിക്കളി മരണക്കളിയായി മാറുന്നത്. ഗെയിമുകളിൽ കുട്ടികൾക്കുള്ള അമിതമായ താൽപര്യമാണ് അവരെ അപകടത്തിൽപ്പെടുത്തുന്നത്. അധികസമയം കുട്ടികൾ മൊബൈലിലും ടാബിലും കംപ്യൂട്ടറിലും ചെലവഴിക്കുന്നത് രക്ഷിതാക്കൾ ഇടപെട്ട് നിയന്ത്രിക്കണം. 2021ലെ പഠന റിപ്പോർട്ട് പ്രകാരം നാലിനും പതിനഞ്ചിനും ഇടയിൽ പ്രായമുള്ള കുട്ടികൾ ഒരുദിവസം ശരാശരി ഒരു മണിക്കൂറിലധികം ഓൺലൈൻ ഗെയിം കളിക്കുന്നുണ്ടെന്നാണ് പറയുന്നത്. രക്ഷിതാക്കൾ നല്ല വാക്കുകൾ ഉപയോഗിച്ചുവേണം കുട്ടികളെ ഇത്തരം ഗെയിമുകളിൽ നിന്ന് പിന്തിരിപ്പിക്കാൻ. സൈബർ ഇടങ്ങളിൽ പതിയിരിക്കുന്ന ചതിക്കുഴികളെക്കുറിച്ച് അവർക്ക് പറഞ്ഞുകൊടുക്കണം. കുട്ടികളെ മറ്റു കലാ, കായിക വിനോദങ്ങളിൽ ഏർപ്പെടാൻ പ്രേരിപ്പിച്ചുകൊണ്ടിരിക്കുകയും വേണം. പുറത്തെ സൗഹൃദങ്ങളും കൂട്ടായ്മകളും നഷ്ടപ്പെട്ട കുട്ടികൾ ഓൺലൈൻ ഗെയിമുകളിൽ വീണുപോയിട്ടുണ്ടാകാം. അവരെ സൗഹാർദത്തോടെ തിരികെ കൊണ്ടുവരികയാണ് പ്രധാനം.
മൊബൈൽ ഫോണുകൾ പോലുള്ള ഉപകരണങ്ങൾ ബലംപ്രയോഗിച്ച് പിടിച്ചുവാങ്ങുന്നത് ഗെയിമുകളിൽ അടിമപ്പെട്ടുപോയ കുട്ടികളെ പ്രകോപിതരാക്കിയേക്കാം. അവർ രക്ഷിതാക്കൾക്കുനേരെ അക്രമത്തിനോ സ്വയംഹത്യയ്ക്കോ മുതിർന്നേക്കാം. ഇത്തരം കുട്ടികളെ തിരിച്ചറിഞ്ഞ് കൗൺസിലിങ്ങിനോ വിദഗ്ധ ചികിത്സയ്ക്കോ വിധേയരാക്കിയാൽ ഓൺലൈൻ ചതിക്കുഴികളിൽ ജീവിതം അവസാനിപ്പിക്കുന്ന കൗമാരപ്രായക്കാരെ ജീവിതത്തിലേക്ക് തിരികെക്കൊണ്ടുവരാൻ കഴിയും. മാതാപിതാക്കൾ കുട്ടികൾക്കൊപ്പം ചെലവഴിക്കാൻ സമയം കണ്ടെത്താത്തതിനാലാണ് കുട്ടികൾ ഇത്തരം അപകടങ്ങളിൽ ചാടുന്നത്. കുട്ടികൾക്കൊപ്പം ചെലവഴിക്കാൻ കൂടുതൽ സമയം കണ്ടെത്തിയും വീട്ടകങ്ങൾ ഊഷ്മളമാക്കിയും അവരുടെ ഏകാന്തത ഒഴിവാക്കാനാണ് ശ്രദ്ധിക്കേണ്ടത്. ഇതിലൂടെ അവരുടെ സ്വഭാവ വ്യതിയാനങ്ങൾ നേരത്തെ തന്നെ മനസിലാക്കാനും കഴിയും. രക്ഷിതാക്കൾ മനസുവച്ചാൽ ചെറുപ്രായത്തിൽ തന്നെ മരണം തേടിപ്പോകുന്ന കുട്ടികളെ അതിൽനിന്ന് പി ന്തിരിപ്പിക്കാൻ കഴിയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."