തെരഞ്ഞെടുപ്പിലൂടെ അർഹരുടെ കൈകളിൽ പാർട്ടി എത്തും: സുധാകരൻ
തിരുവനന്തപുരം
സംഘടനാ തെരഞ്ഞെടുപ്പ് അർഹതയുള്ളവരുടെ കൈകളിലേക്ക് പാർട്ടിയെ എത്തിക്കുമെന്നു കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ.
അർഹതയുള്ളവർക്ക് അവസരങ്ങളുടെ വാതായനം തുറന്നിടുകയാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് അംഗത്വവിതരണം രണ്ടാംഘട്ടത്തിന്റെ പൂവാറിൽ നടന്ന സംസ്ഥാനതല പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസിന്റെ പ്രോജ്ജ്വലമായ ചരിത്രം തമസ്‌കരിക്കുന്നതിൽ ബി.ജെ.പി സർക്കാരും സംഘ്പരിവാർ ശക്തികളും വ്യാപൃതരാണ്. മഹാത്മാഗാന്ധിയെക്കുറിച്ചുള്ള ഓർമ പോലും അവർ ഇല്ലാതാക്കാൻ ശ്രമിക്കുന്നു. പാഠപുസ്തകങ്ങളിൽനിന്നും കോളജുകളിൽനിന്നും അവർ കോൺഗ്രസിന്റെ ചരിത്രം പിഴുതെറിയുകയാണ്. പുതിയ തലമുറ കോൺഗ്രസിനെ അറിയാതെ വളരുന്ന സാഹചര്യമാണുള്ളത്. അതുകൊണ്ട് കോൺഗ്രസിനെക്കുറിച്ച് പുതുതലമുറയെ പഠിപ്പിക്കാൻ മുതിർന്നവർ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.
എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ അംഗത്വവിതരണം ഉദ്ഘാടനം ചെയ്തു. മത്സ്യത്തൊഴിലാളി ഗ്രിഗോറിക്ക് അംഗത്വം നൽകിയാണ് സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."