കരുതൽ എണ്ണ ശേഖരം പുറത്തെടുക്കാൻ കേന്ദ്രം തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് വില കൂടാതിരിക്കാൻ ശ്രമം
ന്യൂഡൽഹി
അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണവില കുതിച്ചുയരുന്ന സാഹചര്യത്തിൽ രാജ്യത്തെ കരുതൽ ശേഖരത്തിൽ നിന്ന് 50 ലക്ഷം ബാരൽ അസംസ്‌കൃത എണ്ണ പുറത്തെടുക്കാൻ കേന്ദ്ര സർക്കാർ. ഇതിനുള്ള നടപടികൾ ആരംഭിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. 3.8 കോടി ബാരൽ കരുതൽ ശേഖരമാണ് രാജ്യത്ത് മൂന്നിടങ്ങളിലായി ഭൂഗർഭ അറകളിൽ സൂക്ഷിച്ചിരിക്കുന്നത്.എണ്ണവില ക്രമാതീതമായി കൂടിയതോടെ രാജ്യത്ത് വൻ പ്രതിഷേധമാണ് ഉയരുന്നത്. അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ, ഉയരുന്ന ഇന്ധനവിലയിൽ ജനവികാരം എതിരായേക്കുമെന്ന് ഭയന്നാണ് കേന്ദ്ര തീരുമാനമെന്നാണ് സൂചന.
അന്താരാഷ്ട്ര വിപണിയിലെ എണ്ണ വിലയുടെ കുതിച്ചു കയറ്റത്തെത്തുടർന്ന് യു.എസ്, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളും അവരുടെ കരുതൽ ശേഖരം തുറക്കാൻ തീരുമാനിച്ചിട്ടുണ്ട്. ചൈനയും ഇതുസംബന്ധിച്ച നടപടികളിലാണ്. പുറത്തെടുക്കുന്ന കരുതൽ ശേഖരം സൂക്ഷിപ്പു കേന്ദ്രവുമായി പൈപ്പ്‌ലൈൻ ബന്ധമുള്ള മാംഗ്ലൂർ റിഫൈനറി ആൻഡ് പെട്രോ കെമിക്കൽസ്, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് എന്നീ കമ്പനികൾക്ക് വിൽക്കും.എണ്ണ ഉത്പാദക രാജ്യങ്ങൾ ഉത്പാദനം കുറച്ച് വിപണിയിൽ ക്ഷാമമുണ്ടാക്കി വിലക്കയറ്റം സൃഷ്ടിക്കുകയാണെന്നാണ് അമേരിക്കയുടെ ആരോപണം. ഇതിന് മറുപടിയായി കരുതൽ ശേഖരം തുറക്കണമെന്ന ആശയം അമേരിക്കയാണ് മുന്നോട്ടുവച്ചത്. അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കാനാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ കരുതൽ ശേഖരം സൂക്ഷിക്കുന്നത്. വിപണിയിലെ വിലക്കയറ്റം അടിയന്തര സാഹചര്യമായി കണക്കാക്കാറില്ല. 50 ലക്ഷം ബാരലിന് ശേഷം കൂടുതൽ എണ്ണ പുറത്തെടുക്കുന്ന കാര്യം പരിഗണിക്കുമെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."