റോഡുകള്‍ പൊളിഞ്ഞ് കിടക്കുന്നതില്‍ ജലഅതോറിറ്റിക്കെതിരേ മന്ത്രി റിയാസ്; ആവര്‍ത്തിച്ചാല്‍ കര്‍ശന നടപടിയെന്നും മന്ത്രി
മലപ്പുറം: കേരളത്തിലെ റോഡുകള്‍ പൊട്ടി പൊളിഞ്ഞ് കിടക്കുന്നതില്‍ ജലഅതോറിറ്റിക്കെതിരേ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. ജലഅതോറ്റി വീഴ്ച വരുത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ പൊതുമരാമത്ത് വകുപ്പ് തീരുമാനിച്ചിട്ടുണ്ടെന്നും ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം മലപ്പുറത്ത് പറഞ്ഞു. റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കുന്നതിന് ഉന്നതതലയോഗം വിളിക്കാന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
റോഡുകളിലെ ശോച്യാവസ്ഥയുമായി ബന്ധപ്പെട്ട് ഹൈക്കോടതി നടത്തിയ രൂക്ഷ വിമര്‍ശനത്തില്‍ പ്രതികരണവുമായാണ് മന്ത്രി പ്രതികരണവുമായെത്തിയത്. ഹൈക്കോടതിയുടെ വിമര്‍ശനത്തിന് ഇടയാക്കിയ കൊച്ചിയിലെ റോഡുകളില്‍ ഒന്നുമാത്രമാണ് പൊതുമരാമത്ത് വകുപ്പിന്റേതെന്ന് മന്ത്രി പറഞ്ഞു. മറ്റെല്ലാ തെറ്റുകളും ജല അതോറിറ്റിയുടെ തലയില്‍വെച്ചുകെട്ടാനും മറന്നില്ല. ഇതോടെ രണ്ടു വകുപ്പുകളും അതിന്റെ മന്ത്രിമാരും തുറന്നപോരിനുതന്നെ ഇറങ്ങേണ്ട സാഹചര്യമാണുണ്ടായിരിക്കുന്നത്.
കുടിവെള്ള പദ്ധതിക്ക് വേണ്ടി പൊളിക്കുന്ന റോഡുകള്‍ പൂര്‍വസ്ഥിതിയിലാക്കുന്നില്ല. ടാര്‍ ചെയ്ത റോഡുകള്‍ ജനങ്ങളുടെ ആവശ്യമെന്ന നിലയില്‍ കുടിവെള്ള പദ്ധതിക്കായി കുഴിക്കുന്നു. ഇത് തെറ്റാണ്. ഇത്തരം റോഡുകള്‍ പൂര്‍വ്വസ്ഥിതിയിലാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് ഉത്തരവാദിത്തമുണ്ട്. ഇക്കാര്യം ജലസേചന വകുപ്പിന്റെയും മുഖ്യമന്ത്രിയുടെയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
മഴക്കാലത്തെ അതിജീവിക്കാന്‍ കഴിയുന്ന മികച്ച റോഡുകള്‍ നിര്‍മിക്കാനാവില്ലെങ്കില്‍ എന്‍ജിനീയര്‍മാര്‍ രാജിവെയ്ക്കുകയാണ് വേണ്ടതെന്നാണ് ഹൈക്കോടതി ഇന്നലെ വിമര്‍ശിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."