പ്രകൃതിയെ തകർക്കുന്ന വികസനം ആർക്കുവേണ്ടി?
പ്രൊഫ. കെ. അരവിന്ദാക്ഷൻ
സിൽവർ ലൈൻ പദ്ധതിയുടെ പേരിൽ 20,000 കുടുംബങ്ങളും നിരവധി സംരംഭകരുമാണ് കുടിയിറക്കപ്പെടുക. 675 പേർക്ക് മാത്രം സഞ്ചരിക്കാൻ കഴിയുന്ന തീവണ്ടിയിൽ ബഹുഭൂരിപക്ഷം സാധാരണക്കാർക്കും എത്തിനോക്കാൻപോലും സാധ്യമല്ലാത്ത എ.സി കോച്ചുകളായിരിക്കും ഉണ്ടാവുക. സംസ്ഥാന സർക്കാർ കണക്കാക്കിയിരിക്കുന്ന മൊത്തം ചെലവ് 66,000ത്തിൽപരം കോടി രൂപ മാത്രമാണെങ്കിൽ പദ്ധതി നടത്തിപ്പിനെപ്പറ്റി ആധികാരിക വിവരമുള്ള നീതി ആയോഗിന്റെ കണക്ക് 1,20,000 കോടി രൂപയിലേറെ ഇതിലേക്കായി വേണ്ടിവരുമെന്നാണ്.ഭൂമിയും വീടുകളും വ്യാപാര സമുച്ചയങ്ങളും കടമുറികളും നഷ്ടപ്പെടുന്നവർക്ക് വിപണി വിലയേക്കാൾ മൂന്നിരട്ടി നഷ്ടപരിഹാരം നൽകുമെന്ന് പറയുന്നതിൽ അർഥമില്ല. കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് പുനരധിവാസമാണ് സർക്കാർ മുൻകൂറായി തയാറാക്കേണ്ടത്. മൂലമ്പിള്ളിയിൽനിന്നും മറ്റു ഏഴ് ഗ്രാമങ്ങളിൽനിന്നുമായി വല്ലാർപ്പാടം കണ്ടെയ്നർ പദ്ധതിയുടെ ടെർമിനലിനു വേണ്ടി കുടിയൊഴിപ്പിക്കപ്പെട്ട 316 കുടുംബങ്ങളിൽ വിരലിൽ എണ്ണാവുന്നവർക്കൊഴികെ, വീടുവയ്ക്കാൻ വെറും ചതുപ്പുനിലങ്ങളാണ് നിസാരായ നഷ്ടപരിഹാരത്തുകയോടൊപ്പം ലഭ്യമായിട്ടുള്ളതെന്നോർക്കുക. 'സ്മാർട്ട് സിറ്റി' 'ഗിഫ്റ്റ് സിറ്റി', 'സിൽവർ ലൈൻ' തുടങ്ങിയ സ്വപ്‌നപദ്ധതികളെ സംബന്ധിച്ച് കേൾക്കുന്ന മാത്രയിൽ കേരളീയ ജനതക്ക് ഞെട്ടലുളവാക്കുകയാണ് ചെയ്യുന്നത്.
ഡോ. സി.പി രാജേന്ദ്രൻ അഭിമുഖത്തിനിടെ സിൽവർ ലൈൻ പദ്ധതി പ്രാവർത്തികമാകുന്ന പക്ഷം സംഭവിക്കുമെന്ന് തറപ്പിച്ചുപറയുന്ന അപകടങ്ങൾ മണ്ണൊലിപ്പിന്റെ വ്യാപ്തിയിലുണ്ടാകുന്ന വർധന, ഭൂമിയുടെ തരം താഴ്ത്തപ്പെടൽ, വെള്ളപ്പൊക്കങ്ങൾ, ജലസംഭരണികളുടെ നാശം, തദ്ദേശവാസികളുടെ വാസസ്ഥലവും ജീവിതോപാധികളും എന്നെന്നേക്കുമായി നഷ്ടപ്പെടൽ തുടങ്ങിയവയാണ്. ഡോ. ഗാഡ്ഗിൽ കേരളം അടക്കമുള്ള പശ്ചിമ മലനിരപ്രദേശങ്ങൾ ഉൾപ്പെടുന്ന അഞ്ചു സംസ്ഥാന സർക്കാരുകൾക്കു നൽകിയിരിക്കുന്ന മുന്നറിയിപ്പും സമാനസ്വഭാവത്തോടുകൂടിയുള്ളതാണ്. 2021ൽ അദ്ദേഹം ഇതാവർത്തിക്കുകയുമാണ്. ചെങ്കുത്തായ ഭൂപ്രദേശങ്ങൾ ഉൾപ്പെടുന്ന ഇടുക്കി, വയനാട്, കോട്ടയം, പത്തനംതിട്ട , കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിൽ വിശദവും സൂക്ഷ്മതല സ്പർശിയുമായ പഠന- പരീക്ഷണങ്ങൾക്ക് ശേഷം മാത്രമേ ഭൂവിനിയോഗം നിർമാണ പ്രവർത്തനങ്ങൾക്കായി അനുവദിക്കാൻ പാടുള്ളൂ എന്ന് മാധവ് ഗാഡ്ഗിൽ സമിതിയുടെ ശുപാർശകളെ ശരിവയ്ക്കുകയാണ് ബംഗളൂരു എൻ.ഐ.എ.എസിലെ ഡോ. സി.പി രാജേന്ദ്രനും ചെയ്തിട്ടുള്ളത്. രാഷ്ട്രീയനേട്ടങ്ങൾ മാത്രം മുൻനിർത്തി വികസന പദ്ധതികൾ രൂപപ്പെടുത്തിയാൽ പ്രകൃതി അതിനെതിരേ ശക്തമായി പ്രതികരിക്കുക തന്നെ ചെയ്യുമെന്ന് തുടർച്ചയായി മൂന്നാം വട്ടമല്ലേ കേരള ജനതയ്ക്ക് ബോധ്യപ്പെടുന്നത്. യന്ത്രങ്ങൾ വിനിയോഗിച്ച് പാറഖനനവും ചെങ്കൽ പാറ ഖനനവും അനിയന്ത്രിതമായി തുടരാനാണ് ഭാവമെങ്കിൽ ജനവാസ യോഗ്യമായ പ്രദേശങ്ങൾ തന്നെ സംസ്ഥാനത്ത് ഇല്ലാതാവും. ഗാഡ്ഗിൽ കമ്മിറ്റി നിർദേശങ്ങളോട് അനുകൂല നിലപാടെടുത്ത മുൻ ഇടുക്കി എം.പിയും ഇപ്പോൾ തൃക്കാക്കര എം.എൽ.എയുമായ പി.ടി തോമസിന്റെ ശവഘോഷയാത്ര നടത്തിയവരും അതിന് പിന്തുണ നൽകിയവരിൽ ചിലരെങ്കിലും സംസ്ഥാന മന്ത്രിസഭാംഗങ്ങളെന്ന നിലയിൽ സ്വന്തം ജില്ലകളിലെ വെള്ളപ്പൊക്ക കെടുതികൾ പ്രതിരോധിക്കുന്നതിനായി നെട്ടോട്ടത്തിലേർപ്പെട്ടിരിക്കുന്നത് കാണുന്നത് വിധിവൈപരീത്യമാണെന്ന് കരുതാൻ മാത്രമേ നിർവാഹമുള്ളൂ.
ഗാഡ്ഗിൽ കമ്മിറ്റിയുടെ റിപ്പോർട്ട് അതേപടി അംഗീകരിക്കണമെന്നല്ല, പരിസ്ഥിതി സംഘടനകൾ ആവശ്യപ്പെടുന്നത്. ഡോ. ഗാഡ്ഗിൽ അതിന് നിർബന്ധം പിടിക്കുന്നില്ല. വികസന പദ്ധതികൾ ആവിഷ്‌കരിക്കുന്നതിനുമുമ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കൃത്യമായ അഭിപ്രായം കണക്കിലെടുക്കണമെന്നാണ് അദ്ദേഹം പറയുന്നത്. തദ്ദേശവാസികൾക്കാണല്ലോ, സ്വന്തം പാരിസ്ഥിതിക സാഹചര്യങ്ങളെയും സവിശേഷതകളെയും സംബന്ധമായും വികസന ആവശ്യങ്ങൾ സംബന്ധമായും അറിവും അനുഭവവും ഉണ്ടാവുക. ഇത്തരം വിവരശേഖരണത്തിന്റെയും അഭിപ്രായം സ്വരൂപിക്കലിന്റെയും അടിസ്ഥാനത്തിൽ കാലാവസ്ഥാവ്യതിയാനം, ജനസംഖ്യാവർധന ഇവയുമായി ചേർന്നുനിൽക്കുന്ന സാമ്പത്തിക കാര്യങ്ങൾ തുടങ്ങിയവ കണക്കിലെടുത്തുവേണം ഭൂമിയുടെയും നദികളുടെയും കുന്നുകളുടെയും വയലുകളുടെയും നേർക്കുള്ള കടന്നുകയറ്റം എത്രമാത്രം പരിസ്ഥിതി ആഘാതമേൽപിക്കുമെന്ന് വിലയിരുത്താൻ. ഇതോടൊപ്പം, സമഗ്രവും ഏകോപിതവുമായ വികസന പദ്ധതിക്ക് അന്തിമരൂപം നൽകാൻ നീരൊഴുക്ക് ഏതെങ്കിലും വിധത്തിൽ തടസ്സപ്പെടാൻ ഇടവരുന്നുണ്ടോ എന്നും പരിശോധിക്കേണ്ടതുണ്ട്. ഇതിനെല്ലാം സഹായകമായ വെള്ളപ്പൊക്ക സോണൽ മാപ്പിങ് അനിവാര്യമാണ്. ഇതിന്റെ ഭാഗമായി മനുഷ്യവാസയോഗ്യമായ ഭൂമി, കൃഷിക്കനുയോജ്യമായ ഭൂമി, വികസന പദ്ധതികൾക്കായി വിനിയോഗിക്കാൻ കഴിയുന്ന ഭൂമി എന്നിങ്ങനെ കൃത്യമായി വേർതിരിച്ചെടുക്കുക സാധ്യമാകും.
സംസ്ഥാന സർക്കാർ നിർമിക്കാൻ ലക്ഷ്യമിട്ടിരിക്കുന്ന കെ റെയിൽ പദ്ധതിയുടെ ഭാഗമായ പാതയുടെ പകുതിയോളവും നാലുമീറ്റർ മുതൽ എട്ട് മീറ്റർ വരെ ഉയരമുള്ള കോൺക്രീറ്റ് ഭിത്തി കെട്ടി ഉയർത്തിയാണ് അതിനുമുകളിൽ പാളങ്ങൾ ഒരുക്കുന്നതത്രെ. മൊത്തം 532.19 കിലോമീറ്റർ ദൂരത്തിൽ 292.73 കിലോമീറ്ററും, നദികളും വയലുകളും തണ്ണീർത്തടങ്ങളും നികത്തുന്നത് ഒഴിവാക്കാനെന്ന പേരിൽ ലക്ഷക്കണക്കിന് ടൺ സിമന്റും കരിങ്കല്ലും മണലും 300 ലക്ഷം ലിറ്റർ വെള്ളവും ഒരു വൻമതിൽ നിർമിച്ച് കേരള സംസ്ഥാനത്തെ രണ്ടായി മുറിക്കാനാണ് സർക്കാർ മുന്നിട്ടിറങ്ങിയിരിക്കുന്നത്.
സിൽവർ ലൈൻവിരുദ്ധ നിലപാടുതന്നെയാണ് സംസ്ഥാന ദുരന്ത നിവാരണ കേന്ദ്രം മുൻ മേധാവിയും ഇപ്പോൾ ഇടതുമുന്നണി സർക്കാരിന് അനഭിമതയുമായ ഡോ. കെ.ജി താര ദൃശ്യമാധ്യമ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ച ഘട്ടത്തിലും വ്യക്തമാക്കിയത്. ഏതായാലും ഒരു കാര്യം ഇതിനകം വ്യക്തമായിരിക്കുകയാണ്, 66,000 കോടി മുതൽ 1,20,000 കോടി രൂപ വരെ ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതിക്ക് ആവശ്യമായിവരുന്ന തുകയുടെ പങ്ക് കേന്ദ്രം വഹിക്കാൻ തയാറല്ലെന്നു മാത്രമല്ല, 37,000 കോടി വിദേശ വായ്പയുടെ ബാധ്യത ഏറ്റെടുക്കാനും സന്നദ്ധമല്ല. റെയിൽവേയും ബാധ്യതയിൽനിന്ന് ഒഴിഞ്ഞുമാറിയിരിക്കുന്നു. നിലവിലുള്ള രൂപത്തിൽ പദ്ധതി പ്രായോഗികമോ ലാഭകരമോ ആയിരിക്കുമെന്ന് കേന്ദ്രം കരുതുന്നില്ലെന്നതുമാണ് പുതിയ സ്ഥിതി. 2018ലെയും 2019ലെയും ദുരന്തങ്ങൾക്ക് പ്രകൃതി കോപത്തെ പഴിചാരിയ സംസ്ഥാന സർക്കാർ വീണ്ടും ഈ പല്ലവിതന്നെയാണോ ആലപിക്കുക എന്നറിയാൻ കാതോർത്തിരിക്കുക തന്നെ.
(അവസാനിച്ചു)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."