ഹിന്ദുക്കളെ ഇങ്ങനെ നാണം കെടുത്താമോ?
ആദ്യമേ പറയട്ടെ, ഇവിടെ പറയാൻ പോകുന്ന വിഷയം ഹലാൽ വിവാദമാണ്. വൻ കൊടുങ്കാറ്റായി വന്നുവെങ്കിലും തൽക്കാലം ആറിത്തണുത്ത ഹലാൽ വിവാദം ഇനിയും കുത്തിപ്പൊക്കുന്നത് തീക്കൊള്ളി കൊണ്ടു തല ചൊറിയലല്ലേ എന്നു സംശയിക്കുന്നവർ ഹിന്ദുക്കളിലും മുസ്‌ലിംകളിലും മതേതരവാദികളിലും ധാരാളമുണ്ടെന്നറിയാം.
എങ്കിലും സത്യസന്ധമായി പറയട്ടെ, കേരളത്തിന് അകത്തും പുറത്തുമുള്ള ഒട്ടേറെ മനസ്സുകളിൽ ഇപ്പോൾത്തന്നെ അതിഭീകരമായ മതസ്പർദ്ധയ്ക്കു വിത്തിട്ട ഈ വിവാദവിഷയത്തെ മതേതര സമൂഹമനസ്സ് സത്യസന്ധമായി വിശകലനം ചെയ്തില്ലെങ്കിൽ നാളെ അതു വലിയ വിഷവൃക്ഷമായി വളർന്നു പന്തലിക്കും. അത് സമൂഹത്തിലുണ്ടാക്കുന്ന ദുരന്തം ഭീകരമായിരിക്കും. അതുകൊണ്ട്, ആറിത്തണുത്തുവെന്നു നിങ്ങൾ കരുതുന്ന ഈ വിഷയം ചർച്ചയ്ക്കെടുക്കുന്നതിൽ പൊറുക്കുക.
ഇവിടെ, തലക്കെട്ടായി നൽകിയ ചോദ്യം ഇത്തിരി വ്യത്യാസത്തോടെ ഇവിടെ ഉയർത്തിയിരുന്നു. ഹിന്ദുക്കളെ ഇങ്ങനെ അപമാനിക്കാമോ എന്നായിരുന്നു ആ ചോദ്യം. ശബരിമലയിൽ ഹലാൽ ശർക്കര ഉപയോഗിച്ചുവെന്നു കേട്ടയുടൻ പരസ്യമായി പ്രതികരിച്ച, പേരിൽ ചൈതന്യമുള്ള ഒരു സന്യാസിയാണ് ആദ്യം ഈ ചോദ്യം ഉന്നയിച്ചത്.
"ഹലാൽ എന്ന പേരിൽ തുപ്പി അശുദ്ധമാക്കിയ സാധനം കൊണ്ടു നിർമിച്ച പായസമാണോ അയ്യപ്പന് നിവേദിക്കേണ്ടത് ? അയ്യപ്പനെ നിന്ദിക്കുന്നതിനു തുല്യമല്ലേ ഇത് ? അയ്യപ്പഭക്തരെ വേദനിപ്പിക്കുന്ന കാര്യമല്ലേ ഇത് ? ഹിന്ദുക്കളെ ഇങ്ങനെ അപമാനിക്കാമോ ?" ഇങ്ങനെയൊക്കെയാണ് അദ്ദേഹം പറഞ്ഞത്. ആ സന്യാസിയുടെ ഈ പ്രസംഗം സമൂഹമാധ്യമങ്ങളിൽ ഇപ്പോഴും വ്യാപകമായി പ്രചരിക്കുന്നുണ്ട്. കേരളത്തിന്റെ നാല് അതിരുകളിലോ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലോ മാത്രമല്ല, ലോകമെങ്ങും. അതു കേട്ട് ഉറഞ്ഞാടുന്നവരുടെ എണ്ണവും സമൂഹമാധ്യമങ്ങളിൽ ഭീകരമായി പെരുകുകയാണ്. ദേവസ്വം ബോർഡിനോ സംസ്ഥാന സർക്കാരിനോ എതിരേയാണ് പ്രതികരണങ്ങളെങ്കിൽ മനസ്സിലാക്കാം. മതാന്ധമായ പ്രതികരണങ്ങളിൽ ഏറെയും, ''ഭക്ഷണത്തിൽ തുപ്പുന്ന''വർക്കെതിരേയാണ്.
ആ സന്യാസി ചോദിച്ച അതേ ചോദ്യം കെ. സുരേന്ദ്രനുൾപ്പെടെയുള്ള ബി.ജെ.പി, സംഘ്പരിവാർ നേതാക്കളും പ്രവർത്തകരും ചോദിച്ചു. ഹലാൽ എന്ന പേരിൽ ഇറങ്ങുന്ന ഉൽപ്പന്നങ്ങളെല്ലാം തുപ്പിയവയാണെന്നും അതിനാൽ ഹലാൽ ഭക്ഷണം നിരോധിക്കണമെന്നും അവർ ആവർത്തിച്ച് ആവശ്യപ്പെട്ടു.
ആ സന്യാസി പറഞ്ഞപോലെ അവരും പറഞ്ഞു, ''തുപ്പി അശുദ്ധമാക്കിയ ദേവസ്വം ബോർഡിന്റെ അരവണയും ഉണ്ണിയപ്പവും അയ്യപ്പഭക്തർ വാങ്ങരുത് എന്ന്. അയ്യപ്പന്റെ പേരിൽ ഭക്തന്മാരെ കബളിപ്പിച്ചു ഗൂഢാലോചനയിലൂടെ കാശുണ്ടാക്കാൻ അനുവദിക്കരുത്'' എന്ന്.
അപ്പോൾ ലക്ഷ്യങ്ങളിൽ ഒന്നു വ്യക്തം. ദേവസ്വം ബോർഡിന്റെ പ്രധാന വരുമാനമാർഗം ഇല്ലാതാക്കണം. രണ്ടാമത്തെ ലക്ഷ്യവും വ്യക്തം. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും കൈവിട്ട ശബരിമല വിവാദം പുതിയ രൂപത്തിൽ അടുത്ത തെരഞ്ഞെടുപ്പിലെങ്കിലും വോട്ടാക്കി മാറ്റണം. തുപ്പൽ വിവാദത്തിലൂടെ ഇസ്‌ലാമോഫോബിയ കൂടി ചേർത്താൽ നന്നായി വിറ്റഴിയും. ശബരിമലയിലെ വനിതാപ്രവേശനത്തേക്കാൾ ഭക്തമനസ്സിൽ കോളിളക്കം സൃഷ്ടിക്കും "തുപ്പിയ ശർക്കര"കൊണ്ടുള്ള പ്രസാദനിർമാണം!
ഇവിടെയാണ്, ഹലാൽ ശർക്കര കേസ് പരിഗണിക്കുന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ചോദ്യം മനസ്സിലെത്തേണ്ടത്. ജസ്റ്റിസ് അനിൽ കെ. നരേന്ദ്രനും ജസ്റ്റിസ് അജിത്കുമാറുമടങ്ങുന്ന ബെഞ്ച് ഹരജിക്കാരനായ ശബരിമല കർമസമിതി കൺവീനറോട് ചോദിച്ച ചോദ്യം ഇതായിരുന്നു:
"ഹലാൽ എന്ന വാക്കിന്റെ അർത്ഥം അറഞ്ഞു തന്നെയാണോ ഇത്തരമൊരു ഹരജി നൽകിയത്". ഇത്തരം ഹരജിയുമായി കോടതിയെ സമീപിക്കുമ്പോൾ വ്യക്തമായ തെളിവു വേണമെന്നും കോടതി ഹരജിക്കാരനെ ഓർമപ്പെടുത്തിയിരിക്കുകയാണ്. ഹലാലിനെക്കുറിച്ചു എന്താണ് മനസ്സിലാക്കിയതെന്നു കോടതിയെ രേഖാമൂലം അറിയിക്കണമെന്നും ഹരജിക്കാരനോട് നിർദേശിച്ചിട്ടുണ്ട്.
ഹരജിക്കാരൻ കോടതിയിൽ നൽകിയ മറുപടി ''ഹലാൽ എന്താണെന്നു കാര്യമായി മനസ്സിലാക്കിയിട്ടില്ല''എന്നായിരുന്നു. ഈ അജ്ഞത വച്ചു കൊണ്ടാണ് ''ഹലാൽ ശർക്കര കൊണ്ടുണ്ടാക്കിയ അരവണയും അപ്പവും കഴിച്ചാൽ നിഷ്കളങ്കരായ ഭക്തർക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടാകുമെന്നും'' മറ്റും ആരോപിച്ചു കോടതിയെ സമീപിച്ചത്.
എന്തെല്ലാം വിചിത്രമായ ആരോപണങ്ങളാണ് ഇതിനിടയിൽ മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും ബോധപൂർവം പ്രചരിപ്പിച്ചത്. ശബരിമലയിൽ അരവണയുണ്ടാക്കാൻ മുസ്‌ലിംകൾക്ക് കരാർ നൽകിയെന്നായിരുന്നു അതിലൊന്ന്. അരവണയും അപ്പവും അന്നുമിന്നും ഉണ്ടാക്കുന്നത് ദേവസ്വം ജീവനക്കാരാണെന്ന് ബോർഡ് കോടതിയെ ബോധ്യപ്പെടുത്തിക്കഴിഞ്ഞു.
ഹലാൽ ശർക്കര വിതരണം ചെയ്യാൻ മുസ്‌ലിംകൾക്കാണ് കരാർ നൽകിയതെന്നായിരുന്നു ആരോപണം. വിവാദമായ ഹലൽ സ്റ്റിക്കറൊട്ടിച്ച ശർക്കര ശബരിമലയിലേയ്ക്കു വിതരണം ചെയ്തത് പൂനെയിലെ വർധൻ അഗ്രോ പ്രോസസിങ് ലിമിറ്റഡ് എന്ന സ്ഥാപനമാണെന്നും അതിന്റെ ഉടമ ധൈര്യശീൽ ധ്യാൻചന്ദ് കദം എന്ന ശിവസേന നേതാവാണെന്നും തെളിഞ്ഞു.
വിദേശത്തേയ്ക്ക് (പ്രത്യേകിച്ച് മുസ്‌ലിം രാജ്യങ്ങളിലേയ്ക്ക് ) ഭക്ഷ്യവസ്തുക്കൾ കയറ്റി അയയ്ക്കണമെങ്കിൽ അവ ഗുണനിലവാരമുള്ളതും അനുവദനീയവുമാണ് എന്നു കാണിക്കണം. അതിനു വേണ്ടിയാണ് ഹിന്ദുവായ ധൈര്യശീലിന്റെ സ്ഥാപനം ശർക്കര പായ്ക്കറ്റിൽ ഹലാൽ സ്റ്റിക്കർ പതിച്ചത്. അതിലൊരു ഭാഗമാണ് അവർ ശബരിമലയിലേയ്ക്ക് അയച്ചത്. അനുവദനീയമല്ലാത്തതൊന്നും ചേർത്തിട്ടില്ലെന്ന സ്റ്റിക്കർ പതിച്ച ആ ശർക്കരയിലാണ് കേരളത്തിൽ ചിലർ മനുഷ്യമനസ്സുകളിൽ സ്പർദ്ധയുണ്ടാക്കുന്ന വർഗീയവിഷം കുത്തിനിറച്ചത്.
നമുക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിക്കുകയോ കഴിക്കാതിരിക്കുകയോ ചെയ്യാം. ഹലാൽ എന്നു കേൾക്കുമ്പോൾ അസ്വാസ്ഥ്യം തോന്നുന്നവർക്ക് അത്തരം ബോർഡ് വച്ച സ്ഥാപനങ്ങളിലേയ്ക്ക് കയറാതിരിക്കാം. അതൊക്കെ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾ. പക്ഷേ, ചില വാക്കുകൾ പിടിച്ചെടുത്ത് തെറ്റായ കാര്യങ്ങൾ പ്രചരിപ്പിച്ചു വർഗീയവിദ്വേഷം പ്രചരിപ്പിക്കുന്നത് ക്രൂരതയാണ്.
ഇത്തരം പ്രചാരണങ്ങൾ യഥാർഥ ഹിന്ദുക്കളെ സമൂഹമധ്യത്തിൽ നാണം കെടുത്തലാകും. ഹലാൽ എന്നാൽ തുപ്പിക്കൊടുക്കലാണെന്ന് ഒരു കൂട്ടർ പ്രചരിപ്പിക്കുമ്പോൾ കാര്യവിവരമുള്ള അന്യമതസ്ഥരും അന്യനാട്ടുകാരും തെറ്റിദ്ധരിക്കില്ലേ ഹിന്ദുക്കൾക്കെല്ലാം പൊതുവിജ്ഞാനം തീരെയില്ലെന്ന്.
അതുകൊണ്ട്, പ്ലീസ്... ഹിന്ദുക്കളെ സമൂഹമധ്യത്തിൽ നാണം കെടുത്തരുതേ...
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."