ഡൽഹിയിലെ വായു മലിനീകരണത്തിന് പിന്നിൽ പാകിസ്താനിലെ മലിനവായുവെന്ന് യു.പി സർക്കാർ ; പാകിസ്താനിലെ വ്യവസായ ങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമോയെന്ന് സുപ്രിംകോടതിയുടെ പരിഹാസം
ന്യൂഡൽഹി
ഡൽഹിയിലെ വായുമലിനീകരണത്തിന് കാരണം പാകിസ്താനിൽ നിന്നുള്ള മലിനവായുവാണെന്ന വിചിത്ര വാദവുമായി ഉത്തർപ്രദേശ് സർക്കാർ സുപ്രിംകോടതിയിൽ. ഡൽഹിയിലെ വായുമലിനീകരണത്തിൽ യു.പിയിലെ വ്യവസായങ്ങൾക്ക് യാതൊരു പങ്കുമില്ലെന്നും സർക്കാർ വാദിച്ചു. ഡൽഹി -എൻ.സി.ആർ മേഖലയിലെ അന്തരീക്ഷ മലിനീകരണം സംബന്ധിച്ച ഹരജി പരിഗണിക്കവെയായിരുന്നു യു.പി സർക്കാർ വാദം. ചീഫ് ജസ്റ്റിസ് എൻ.വി രമണ അധ്യക്ഷനായ ബെഞ്ചാണ് വാദം കേട്ടത്. മുതിർന്ന അഭിഭാഷകൻ രഞ്ജിത് കുമാറാണ് യു.പി സർക്കാരിനുവേണ്ടി ഹാജരായത്.
സംസ്ഥാനത്തെ വ്യവസായ സ്ഥാപനങ്ങളിൽനിന്നുള്ള വായു ഡൽഹിയിലേക്ക് പോകുന്നില്ല. അവിടെയുള്ള വ്യവസായശാലകൾക്ക് സമീപം കാറ്റുവീശുന്നത് താഴേക്കാണ്. പാകിസ്താനിൽ നിന്നുള്ള മലിനമായ വായുവാണ് ഡൽഹിയിലെ അന്തരീക്ഷ ഗുണനിലവാരത്തെ ബാധിക്കുന്നതെന്നും രഞ്ജിത് കുമാർ വാദിച്ചു.
ഡൽഹിയിലെയും സമീപപ്രദേശങ്ങളിലെയും വ്യവസായശാലകൾ അടച്ചുപൂട്ടുന്നതിനെയും യു.പി സർക്കാർ എതിർത്തു.
പാകിസ്താനിലെ വ്യവസായങ്ങൾക്ക് സുപ്രിംകോടതി നിയന്ത്രണം ഏർപ്പെടുത്തണമെന്നാണോ നിങ്ങൾ ഉദ്ദേശിക്കുന്നതെന്ന് സർക്കാർവാദത്തെ പരിഹസിച്ചുകൊണ്ട് ജസ്റ്റിസ് എൻ.വി രമണ ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."