കുടിശ്ശിക ലഭിക്കാൻ സർവിസ് പെൻഷൻകാർ ഇനിയും കാത്തിരിക്കണം സാമ്പത്തിക പ്രതിസന്ധി രൂക്ഷമെന്ന് വിശദീകരണം
പി.കെ മുഹമ്മദ് ഹാത്തിഫ്
കോഴിക്കോട്
പെൻഷൻ പരിഷ്കരണത്തിൻ്റെ ഭാഗമായുള്ള കുടിശ്ശിക മുഴുവനായി ലഭിക്കാൻ സംസ്ഥാനത്തെ സർവിസ് പെൻഷൻകാർ രണ്ടു വർഷം കാത്തിരിക്കണമെന്ന് സർക്കാർ.
ഇതുസംബന്ധിച്ച് കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാർ ഉത്തരവിറക്കി. മൂന്നാം ഗഡു പെൻഷൻ കുടിശ്ശിക 2022-23 സാമ്പത്തിക വർഷത്തിലും നാലാം ഗഡു 2023- 24 സാമ്പത്തിക വർഷത്തിലും വിതരണം ചെയ്യാനാണ് സർക്കാർ ഉത്തരവിറക്കിയത്.
കൊവിഡ് പ്രതിസന്ധിയും കേന്ദ്ര സർക്കാരിന്റെ വികലമായ സാമ്പത്തികനയവും കാരണം സംസ്ഥാനം കടുത്ത പ്രതിസന്ധിയിലായതാണ് പെൻഷൻ കുടിശ്ശിക നൽകുന്നത് നീട്ടിവയ്ക്കാനുള്ള കാരണമായി ഉത്തരവിൽ പറഞ്ഞിരിക്കുന്നത്.
പെൻഷൻ പരിഷ്‌കരണത്തിന്റെ ഭാഗമായുള്ള കുടിശ്ശിക ഈ വർഷം ഏപ്രിൽ, മെയ്, ഓഗസ്റ്റ്, നവംബർ മാസങ്ങളിൽ നൽകുമെന്നായിരുന്നു ധനവകുപ്പ് കഴിഞ്ഞ ഫെബ്രുവരി 23 ന് ഇറക്കിയ ഉത്തരവിൽ വ്യക്തമാക്കിയത്. അന്നത്തെ ധനമന്ത്രി തോമസ് ഐസക്കിന്റെ പ്രത്യേക താൽപര്യ പ്രകാരമായിരുന്നു ആ ഉത്തരവിറക്കിയത്.
എന്നാൽ രണ്ടു ഗഡുക്കൾ നൽകിയെങ്കിലും തെരഞ്ഞെടുപ്പിനു ശേഷം പെൻഷൻ കുടിശിക നൽകുന്നത് മുടങ്ങുകയായിരുന്നു.
സർക്കാരിന്റെ പുതിയ ഉത്തരവു പ്രകാരം അഞ്ചര ലക്ഷത്തോളം വരുന്ന പെൻഷൻകാർക്കാണ് അർഹതപ്പെട്ട കുടിശ്ശിക ലഭിക്കാൻ ഇനിയും കാത്തിരിക്കേണ്ട അവസ്ഥ വന്നിരിക്കുന്നത്. ഇതിൽ 70 വയസു കഴിഞ്ഞവർ രണ്ടരലക്ഷം പേരും 80 വയസു കഴിഞ്ഞവർ ഏകദേശം 75,000 പേരും ഉൾപ്പെടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."