ഓങ് സാൻ സൂചിക്ക് രണ്ടുവർഷം തടവ് ; ശിക്ഷ കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച കേസിൽ
നെയ്പിതോ
പുറത്താക്കപ്പെട്ട ജനാധിപത്യ നേതാവ് ഓങ് സാൻ സൂചിക്ക് രണ്ടു വർഷത്തെ തടവുശിക്ഷ വിധിച്ച് മ്യാന്മർ കോടതി. കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിനും ജനങ്ങൾക്ക് പ്രേരണ നൽകിയതിനുമെതിരായ കേസിലാണ് വിധി.
ഇരു കേസുകളിലും ഒരു വർഷം വീതമാണ് തടവുശിക്ഷ വിധിച്ചിരിക്കുന്നതെന്ന് സൈനിക വക്താവ് സോ മിൻ തൻ അറിയിച്ചു. ഇതേ കുറ്റങ്ങൾ ചുമത്തി മുൻ പ്രസിഡൻ്റ് വിൻ മിൻ്റിനെയും രണ്ടു വർഷത്തെ തടവിന് ശിക്ഷിച്ചിട്ടുണ്ട്.
സൂചിക്കെതിരേ മറ്റു 11 കേസുകളിൽ വിധി വരാനുണ്ട്. അഴിമതി, രഹസ്യനിയമ ലംഘനം തുടങ്ങി നൂറിലേറെ വർഷം തടവിലിടാകുന്ന കുറ്റങ്ങളാണ് സമാധാന നൊബേൽ ജേതാവ് കൂടിയായ സൂചിക്കുമേൽ പട്ടാള ഭരണകൂടം ചുമത്തിയിരിക്കുന്നത്. തനിക്കെതിരായ കുറ്റങ്ങൾ സൂചി നിഷേധിച്ചിരുന്നു. 2015ലെ തെരഞ്ഞെടുപ്പിൽ സൂചിയുടെ എൻ.എൽ.ഡി പാർട്ടി വൻ വിജയം നേടിയത് അഗീകരിക്കാതെ ഫെബ്രുവരി ഒന്നിനാണ് പട്ടാളം അധികാരം പിടിച്ചെടുത്തത്.
പട്ടാള അട്ടിമറി നടന്നതോടെ വീട്ടുതടങ്കലിലായ സൂചിയെ എപ്പോഴാണ് ജയിലിലടയ്ക്കുകയെന്നു വ്യക്തമല്ല. 76കാരിയായ സൂചിക്കെതിരായ മറ്റൊരു കേസിൽ ഈ മാസം 14ന് വിധി പറയും.
മാധ്യമങ്ങൾക്ക് കോടതി മുറിയിൽ പ്രവേശനം അനുവദിക്കാതെയാണ് ശിക്ഷ വിധിച്ചത്. സൂചിയുടെ അഭിഭാഷകനെ മാധ്യമങ്ങളുമായി ബന്ധപ്പെടാനും അനുവദിച്ചില്ല. മ്യാന്മറിൽ ജനാധിപത്യ മുന്നേറ്റത്തിന് നേതൃത്വം കൊടുത്ത സൂചി നേരത്തെ 15 വർഷം ജയിൽശിക്ഷ അനുഭവിച്ചിരുന്നു. തുടർന്ന് 2010ലാണ് അവർ മോചിതയായത്.
അതേസമയം, സൈനിക കോടതി സൂചിക്കെതിരേ ചുമത്തിയ കുറ്റങ്ങൾ വ്യാജമാണെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇൻ്റർനാഷനൽ. കോടതിവിധിയെ യു.എൻ മനുഷ്യാവകാശ മേധാവി മിഷേല ബഷ്ലറ്റ് അപലപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."