സർക്കാർ വഴങ്ങി
തിരുവനന്തപുരം
വഖ്ഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിടുന്നതിൽ നിലവിലുള്ള സ്ഥിതി തുടരുമെന്ന് മുഖ്യമന്ത്രിപിണറായി വിജയൻ. സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ നേതാക്കളുമായി തന്റെ ചേംബറിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
ഇക്കാര്യത്തിൽ എല്ലാ മുസ് ലിം സംഘടനകളെയും ഉൾപ്പെടുത്തി വിശദമായി ചർച്ച നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വഖ്ഫ് ബോർഡാണ് നിയമനം സംബന്ധിച്ച് തീരുമാനമെടുത്ത് സർക്കാരിനെ അറിയിച്ചത്. സർക്കാരിന്റെ നിർദേശമായിരുന്നില്ല അത്. അതുകൊണ്ടുതന്നെ സർക്കാരിന് ഇക്കാര്യത്തിൽ പ്രത്യേക വാശിയൊന്നുമില്ലെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. നിയമനങ്ങൾ പി.എസ്.സിക്കു വിടുന്നതിലൂടെ വിശ്വാസികളല്ലാത്തവരും വഖ്ഫ് ബോർഡിൽ തൊഴിൽ നേടുമെന്ന ആശങ്ക സമസ്ത നേതാക്കൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി. വസ്തുതാവിരുദ്ധമായ പ്രചാരണമാണതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത്തരം ഒരാശങ്കയ്ക്കും അടിസ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു.
വഖ്ഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്കു വിടാനുള്ള തീരുമാനം റദ്ദാക്കണം, വഖ്ഫ് ബോർഡിലെ നിയമനത്തിന് ആവശ്യമെങ്കിൽ സ്പെഷ്യൽ റിക്രൂട്ട്മെന്റ് ബോർഡ് രൂപീകരിക്കുകയും സമസ്തയുടെ പ്രതിനിധികളെ ഇതിൽ ഉൾപ്പെടുത്തുകയും വേണം, വഖഫ് ബോർഡ് നിയമനത്തിൽ വിശ്വാസികളായ മുസ് ലിംകൾക്ക് മാത്രം ജോലി നൽകുന്ന സാഹചര്യം ഉറപ്പാക്കണം എന്നീ ആവശ്യങ്ങളും സമസ്ത ചർച്ചയിൽ ഉന്നയിച്ചു. സമസ്തയുടെ ആവശ്യങ്ങൾ പരിഗണിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയ സാഹചര്യത്തിൽ തുടർനടപടികൾ ആലോചിക്കാൻ സമസ്ത ഏകോപന സമിതി ഇന്ന് രാവിലെ 11ന് ചേളാരി സമസ്താലയത്തിൽ യോഗം ചേരും. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ് ലിയാർ, സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ കെ. ഉമർ ഫൈസി മുക്കം, പി.കെ ഹംസക്കുട്ടി മുസ് ലിയാർ ആദൃശേരി, സമസ്ത കേരള ഇസ് ലാം മത വിദ്യാഭ്യാസ ബോർഡ് സെക്രട്ടറി ഡോ. എൻ.എ.എം അബ്ദുൽ ഖാദിർ, സുന്നി മഹല്ല് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി വർക്കിങ് സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂർ, സമസ്ത കേരള ഇസ് ലാം മത വിദ്യാഭ്യാസ ബോർഡ് മാനേജർ കെ. മോയിൻകുട്ടി മാസ്റ്റർ, സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ് ഫൈസി ചർച്ചയിൽ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."