പി.വി അൻവറിന്റെ കുടുംബത്തിന്റെ ഭൂമിയേറ്റെടുക്കാൻ എന്തു നടപടിയെടുത്തെന്ന് ഹൈക്കോടതി
കൊച്ചി
ഭൂപരിഷ്‌ക്കരണം നിയമം ലംഘിച്ച് പി.വി അൻവർ എം.എൽ.എയും കുടുംബവും കൈവശം വച്ചിരിക്കുന്ന പരിധിയിൽ കവിഞ്ഞ ഭൂമി ആറുമാസത്തിനകം തിരിച്ചുപിടിക്കണമെന്ന ഹൈക്കോടതി ഉത്തരവിൽ സ്വീകരിച്ച നടപടികൾ രണ്ടാഴ്ചക്കകം ബോധിപ്പിക്കണമെന്നു കോടതി. താമരശേരി താലൂക്ക് ലാൻഡ് ബോർഡ് ചെയർമാനായ കോഴിക്കോട് എൽ.എ ഡെപ്യൂട്ടി കലക്ടർ പി. അൻവർ സാദത്ത്, താമരശേരി താലൂക്ക് അഡീഷനൽ തഹസിൽദാർ (എൽ.ആർ) കെ. ബലരാജൻ എന്നിവരോടാണ് വിശദീകരണം നൽകാൻ കോടതി നിർദേശിച്ചത്. ജസ്റ്റിസ് എ.രാജവിജയരാഘവനാണ് ഹരജി പരിഗണിച്ചത്. പരിധിയിൽ കവിഞ്ഞ ഭൂമി കൈവശം വച്ചതിന് പി.വി അൻവർ എം.എൽ.എക്കെതിരേ കേസെടുക്കണമെന്ന ലാൻഡ് ബോർഡ് ഉത്തരവ് മൂന്ന് വർഷമായിട്ടും നടപ്പാക്കാത്തത് ചൂണ്ടിക്കാട്ടി ഷാജി നേരത്തെ ഹരജി നൽകിയിരുന്നു. തുടർന്ന് നടപടി ക്രമങ്ങൾ പൂർത്തിയാക്കി ആറു മാസത്തിനകം താമരശേരി ലാൻഡ് ബോർഡ് ചെയർമാൻ, താമരശേരി അഡീഷനൽ തഹസിൽദാർ എന്നിവർ മിച്ചഭൂമി കണ്ടുകെട്ടൽ നടപടി പൂർത്തീകരിക്കണമെന്ന് കഴിഞ്ഞ മാർച്ച് 24നായിരുന്നു ഹൈക്കോടതി ഉത്തരവിട്ടത്. എട്ടുമാസമായിട്ടും നടപ്പാക്കാത്തതിനെതുടർന്നാണ് കോടതിയലക്ഷ്യഹരജി നൽകിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."