'മൂടല്‍ മഞ്ഞിലേക്ക് മാഞ്ഞു...പിന്നെ കേള്‍ക്കുന്നത് തകര്‍ച്ചയുടെ ശബ്ദം' കോപ്ടര്‍ അപകടത്തിന്റെ തൊട്ടുമുമ്പുള്ളതെന്ന് സംശയിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് video
ചെന്നൈ: സംയുക്ത സേന മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 13 പേര്‍ മരിച്ച ഹെലികോപ്ടര്‍ അപകടത്തിന്റെ തൊട്ടുമുമ്പുള്ള ദൃശ്യങ്ങള്‍ പുറത്ത്. അപകടം നടന്ന കുനൂരിലെ കട്ടേരി ഫാമിന് സമീപത്തു നിന്ന് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതാണ് ദൃശ്യങ്ങള്‍.
ഹെലികോപ്ടര്‍ മഞ്ഞിനുള്ളിലേക്ക് മായുന്ന ദൃശ്യങ്ങളാണ് വിഡിയോയില്‍ കാണാനാകുന്നത്. ഇവിടെ റെയില്‍പാളത്തിലൂടെ നടന്നുപോകുന്ന ഒരു കൂട്ടം ആളുകളാണ് വിഡിയോ പകര്‍ത്തിയത്. വലിയ ശബ്ദവും കേള്‍ക്കുന്നുണ്ട്. കോപ്ടര്‍ തകര്‍ന്നതാണോയെന്ന് ഒരാള്‍ ചോദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ദൃശ്യങ്ങള്‍ തകര്‍ന്ന ഹെലികോപ്ടറിന്റേതാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ദൃശ്യങ്ങള്‍ അന്വേഷണസംഘം തെളിവായി ശേഖരിച്ചു.
[video width="426" height="234" mp4="https://suprabhaatham.com/wp-content/uploads/2021/12/helicopter.mp4"][/video]
ബുധനാഴ്ച ഉച്ച 12.20ഓടെയായിരുന്നു അപകടം. നീലഗിരി കുന്നൂരിനടുത്ത കാട്ടേരി വനഭാഗത്തോടു ചേര്‍ന്ന തോട്ടത്തിലെ മലഞ്ചരിവില്‍, നഞ്ചപ്പന്‍ചത്തിരം കോളനിക്കു സമീപമാണ് കോപ്ടര്‍ നിലംപതിച്ചത്. തമിഴ്‌നാട് സര്‍ക്കാറിനു കീഴിലുള്ള ഹോര്‍ട്ടികള്‍ചര്‍ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള തോട്ടമാണിത്. വന്‍മരങ്ങള്‍ക്കു മുകളില്‍ വന്‍ശബ്ദത്തോടെ തകര്‍ന്നുവീണയുടന്‍ കോപ്ടറിന് തീപിടിച്ചു. കോപ്ടറിന്റെ ഭാഗങ്ങള്‍ ചിന്നിച്ചിതറി.
സംഭവസ്ഥലത്ത് കണ്ടെടുത്ത അഞ്ചുപേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാനാവാത്തവിധം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ചില മൃതദേഹങ്ങള്‍ കൈകാലുകള്‍ വേര്‍പെട്ട നിലയിലും. നാലുപേരെ ജീവനോടെ വെലിങ്ടണിലെ സൈനിക ആശുപത്രിയിലെത്തിച്ചെങ്കിലും മൂന്നുപേര്‍ മരിച്ചു. ഇവര്‍ക്ക് 80-90 ശതമാനം പൊള്ളലേറ്റിരുന്നു. ആറു മിനിറ്റിനകം വെലിങ്ടണ്‍ സൈനിക താവളത്തിലിറങ്ങാനിരിക്കെയാണ് ദുരന്തമുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."