തെരുവുനായ ആക്രമണത്തിന്റെ ജീവിക്കുന്ന രക്തസാക്ഷി; അലോഷ്യസ്
തളിപ്പറമ്പ് : തെരുവ് നായ്ക്കള്‍ കേരളത്തിലെ ജനങ്ങളുടെ സൈ്വര്യജീവിതത്തിന് ഭീഷണിയായിക്കൊണ്ട് പലേടത്തും അതിക്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുമ്പോള്‍, തെരുവ് നായ ആക്രമണത്തില്‍ മുഖത്തോടൊപ്പം കുടുംബവും ജീവിതവും തന്നെ നഷ്ടമായ പനയന്‍ അലോഷ്യസ് എന്ന 68കാരന്‍് എട്ട് വര്‍ഷം മുമ്പത്തെ ദുരന്തത്തിന്റെ പിടിയില്‍ നിന്നും ഇനിയും മോചിതനായിട്ടില്ല. കൂലിവേല എടുത്തുപോലും ജീവിക്കാനാനാവാതെ, സമൂഹത്തിന് മുന്നില്‍ ഇറങ്ങിനടക്കാന്‍ കഴിയാതെ മരിച്ചു ജീവിക്കുന്ന അലോഷ്യസ് പൊതുസമൂഹത്തിന് മുന്നില്‍ തന്നെ ചോദ്യചിഹ്നമായി മാറിയിരിക്കയാണ്.
2008 നവംബര്‍ മാസത്തില്‍ കൂലിപ്പണികഴിഞ്ഞ് കടന്നപ്പള്ളി പുത്തൂര്‍കുന്നിലെ വീട്ടിലേക്ക് മടങ്ങവേയാണ് ക്ഷീണം കാരണം റോഡരികിലെ അടച്ചിട്ട പീടികവരാന്തയില്‍ അല്‍പ്പനേരം കിടന്നത്. കൂട്ടം ചേര്‍ന്നു വന്ന തെരുവ്‌നായ്ക്കൂട്ടം അക്രമിച്ച അലോഷ്യസിന്റെ ചുണ്ടുകളും മൂക്ക്, ചെവി, തുടങ്ങി മുഖം ഏതാണ്ട് പൂര്‍ണ്ണമായി തന്നെ നായ്ക്കൂട്ടം കടിച്ചെടുക്കുകയായിരുന്നു. രക്തം വാര്‍ന്ന് ഏറെ നേരം അബോധാവസ്ഥയില്‍ കിടന്ന ഇയാളെ നാട്ടുകാരും പോലീസുമാണ് ആശുപത്രിയിലെത്തിച്ചത്.
ഒരു വര്‍ഷത്തോളം വിവിധ ആശുപത്രികളില്‍ ചികില്‍സയില്‍ കഴിഞ്ഞ ശേഷം വീട്ടിലെത്തിയപ്പോഴേക്കും കാഴ്ച്ചയില്‍ ഭീകരമായികഴിഞ്ഞ മുഖഭാവമുള്ള അലോഷ്യസിന് കുടുംബം തന്നെ നഷ്ടമായി. മൂക്കിന്റെ സ്ഥാനത്ത് രണ്ട് ദ്വാരങ്ങള്‍ മാത്രമായി ജീവിക്കുന്ന ഇയാള്‍ക്കിപ്പോള്‍ ദാഹിച്ചാല്‍ ഒരുഗ്ലാസ് വെള്ളം പോലും കുടിക്കാന്‍ സാധിക്കാത്ത നിലയിലാണ്. മുഖം മൂടി ധരിക്കാതെ പുറത്തിറങ്ങാന്‍ പോലും സാധിക്കില്ല.
ഒറ്റപ്പെട്ട് ജീവിക്കുന്ന ഈ വയോധികന് ശസ്ത്രക്രിയക്ക് പണമില്ലാത്തതിനാല്‍ പ്ലാസ്റ്റിക്ക് സര്‍ജറി ചെയ്യാനും കഴിഞ്ഞിട്ടില്ല. പുത്തൂര്‍കുന്നിലെ ചെറിയ വീട്ടില്‍ അന്യരുടെ ദയയില്‍ മാത്രമാണിപ്പോള്‍ ജീവിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."