HOME
DETAILS

മനുഷ്യാവകാശങ്ങളും ഭരണകൂടങ്ങളും

  
backup
December 10 2021 | 02:12 AM

846532-4563-15

ഇ.കെ ദിനേശൻ

ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടി ഒരു വർഷത്തിന് ശേഷമാണ് ഐക്യരാഷ്ട്രസഭ മനുഷ്യാവകാശദിനം പ്രഖ്യാപിക്കുന്നത്. 1948 ഡിസംബർ 10ന്റെ പ്രഖ്യാപനം ലോകത്തെമ്പാടുമുള്ള മനുഷ്യരുടെ സ്വാഭാവിക സാമൂഹിക ജീവിതത്തിൽ നീതി ഉറപ്പാക്കുന്നതിനു വേണ്ടിയാണ്. എന്നാൽ പിന്നീട് ലോകം കണ്ടത് നിരവധിയായ പൗരാവകാശലംഘനങ്ങളും വംശീയവും മതപരവുമായ കൊടും ക്രൂരതകളുമാണ്. ചിലത് രാഷ്ട്രങ്ങൾക്കുള്ളിൽ നിന്ന് രൂപപ്പെട്ട് സ്വന്തം ജനതക്കെതിരേ ഉപയോഗിച്ച് മനുഷ്യരെ തകർക്കുകയോ ഉൻമൂലനം ചെയ്യുകയോ ചെയ്തു. മറ്റൊന്ന് രാജ്യങ്ങൾ തമ്മിലുള്ള അധിനിവേശ സ്വഭാവത്താൽ മനുഷ്യരെ കൂട്ടമായി കൊന്നൊടുക്കി. ഇത്തരം മനുഷ്യത്വ വിരുദ്ധതയെ നിർമിച്ചെടുക്കുന്നതിൽ അധികാരത്തിനുള്ള പങ്ക് ചെറുതല്ല. ചില ദേശങ്ങളിൽ അത് രാഷ്ട്രീയ അധികാരമായി വളർന്നപ്പോൾ മറ്റ് ചിലയിടങ്ങളിൽ സൈന്യാധിപത്യത്തിന്റെ ശക്തിയിൽ വികാസം പ്രാപിച്ചു.


ജനസംഖ്യാനുപാതികമായി ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യ തന്നെയാണ് ഇക്കാലത്ത് മനുഷ്യാവകാശ ലംഘനത്തിന്റെ കാര്യത്തിൽ വളർന്നു വലുതാവുന്നത്. സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യൻ ജനാധിപത്യത്തിന് ഏറ്റ പ്രഹരമായിരുന്നു 1975ൽ ഇന്ദിരാഗാന്ധി നടപ്പാക്കിയ അടിയന്തരാവസ്ഥ. അന്ന് നടന്ന ഭരണകൂട ഇടപെടൽ ഇന്ദിരാഗാന്ധിയുടെ അധികാര തുടർച്ചയുടെ ആവശ്യമായിരുന്നു. അതോടു കൂടി, ആഘോഷിക്കപ്പെട്ട ഇന്ത്യൻ ജനാധിപത്യത്തിന്റെ ആന്തരിക സത്ത ഭരണകൂടത്തിന്റെ നീതിനിഷേധ താൽപ്പര്യങ്ങളെ വകവച്ചുകൊടുക്കുന്നതാണെന്ന് ലോകം കണ്ടു. അന്നത്തെ മനുഷ്യാവകാശ ലംഘനത്തിന്റെ ഇരകളായത് രാഷ്ട്രീയപ്രതിയോഗികളും ജനാധിപത്യവാദികളുമായിരുന്നു. അതിന്റെ ഭാഗമായി സിവിൽസമൂഹത്തിൽ നിന്നുണ്ടായ ഇടപെടൽ ജനാധിപത്യ നീതിബോധത്തിന്റെ ഭാഗമാണ്. കാരണം, ഭരണകൂട തീരുമാനങ്ങൾ രാഷ്ട്രീയ ഇടപെടലിനപ്പുറം ജനസഞ്ചയത്തിന്റെ ജനാധിപത്യബോധത്തെ ആഴത്തിൽ സ്വാധീനിക്കുന്നുണ്ട് എന്നതാണ്.


ഇന്ത്യൻ ജനാധിപത്യത്തിന്റെ രാഷ്ട്രീയ നൈതികതക്ക് ബഹുസ്വരതയിലൂടെ മാത്രമേ വളർച്ച നേടാൻ കഴിയൂ. അവിടെ മനുഷ്യ വൈജാത്യങ്ങളെ അതിന്റെ അടിസ്ഥാന സാംസ്‌കാരികതയിലൂടെ മാത്രമേ സമീപിക്കാനും കഴിയൂ. ഇത് വ്യക്തികളുടെ സാമൂഹികവും രാഷ്ട്രീയവുമായ അധികാരത്തെ വകവെച്ചുകൊടുക്കുന്നതാണ്. ഇത്തരം സാമൂഹിക വൈരുധ്യങ്ങളെ നിരീക്ഷിച്ചുകൊണ്ടു തന്നെയാണ് മനുഷ്യാവകാശ തത്ത്വങ്ങൾ നിർമിച്ചെടുത്തിട്ടുള്ളത്. അതിൽ വ്യക്തിയുടെ വിശ്വാസം, മതം, ആചാരം, സഞ്ചാരം, ഭക്ഷണം, വസ്ത്രം, പാർപ്പിടം, രാഷ്ട്രീയ നിലപാടിനോടുള്ള വിയോജിപ്പ്, വ്യവസ്ഥിതിയോടുള്ള വിമർശനം, എന്തിനധികം കുറ്റവിധേയനായ വ്യക്തി കുറ്റം തെളിക്കുന്നത് വരെ സാധാരണ മനുഷ്യർ അനുഭവിക്കുന്ന അവകാശങ്ങൾക്ക് അർഹരാണ്. അന്യായമായി ജയിലിൽ അടക്കുന്നത് പോലും മനുഷ്യാവകാശ ലംഘനമായി പരിഗണിക്കപ്പെടുന്നതാണ്. ഇത്തരം യാഥാർഥ്യങ്ങളിൽ നിന്നാണ് നിലവിലെ ഇന്ത്യൻ ഭരണകൂടം എങ്ങനെയാണ് മനുഷ്യാവകാശത്തെ കാണുന്നത് എന്ന് തിരിച്ചറിയേണ്ടത്.


ഭരണകൂടത്തിനെതിരേ ഉയരുന്ന ഏതൊരു ചെറു അനക്കങ്ങളെയും പൊറുപ്പിക്കാൻ അധികാര വ്യവസ്ഥ തയാറാവില്ല. അത്തരം ഇടപെടൽ സിവിൽസമൂഹത്തിൽനിന്ന് ഉണ്ടാകുമ്പോൾ പ്രതിരോധവഴികൾ രൂപപ്പെടുന്നത് വ്യത്യസ്ത രീതിയിലായിരിക്കും. അത്തരത്തിലുള്ള നിരവധി തെളിവുകൾ 2014 നു ശേഷം ഉണ്ടായിട്ടുണ്ട്. പൗരന്മാർ വ്യവസ്ഥിതിക്കെതിരേ ഒറ്റക്കോ, കൂട്ടമായോ ഉയർത്തുന്ന വിമർശനങ്ങളെ വംശീവും മതപരവും ജാതിയവുമായ തലങ്ങളിലാണ് ഇന്ന് ഇന്ത്യൻ ഭരണകൂടം കൈകാര്യം ചെയ്യുന്നത്. ഇത് ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യത്തിന് എതിരാണ്.


സമൂഹത്തിലെ മനുഷ്യാവകാശ പ്രവർത്തകരെ ഭരണകൂടം രാഷ്ടീയ തീവ്രവാദികളായി മുദ്രകുത്തി തടവറയിലേക്ക് തള്ളുന്നത് മോദി ഭരണകൂടത്തിന്റെ പൊതുനിലപാടായി മാറിക്കഴിഞ്ഞു. അതിന്റെ ഒടുവിലത്തെ ഇരയായിരുന്നു 84 വയസായ സ്റ്റാൻ സ്വാമി. ആ മനുഷ്യാവകാശ പ്രവർത്തകന്റെ മരണം ഭരണകൂട കൊലപാതകമാകുന്നത് അതുകൊണ്ടാണ്. മറുഭാഗത്ത് സവർണ ഹിന്ദുത്വത്തിനെതിരായ കീഴ്ജാതി സമൂഹങ്ങളെ പച്ചയിൽ തന്നെ ഉൻമൂലനം ചെയ്യുകയാണ്. 2015നും 2019 നും ഇടയിൽ 7840 യു.എ.പി.എ അറസ്റ്റുകളാണ് രാജ്യത്തുണ്ടായത്. അതിനു ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം 11000 പേരാണ് 2020- 21 വർഷത്തിൽ രാജ്യത്ത് മനുഷ്യാവകാശ ലംഘനങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ടത്. ഈ അറസ്റ്റിൽ പകുതിയോളം പേർ ഉത്തർപ്രദേശിൽ നിന്നാണ് എന്നിടത്താണ് ഭരണകൂടത്തിന്റെ മതപരവും ജാതിയവുമായ ഇരവേട്ടയുടെ രാഷ്ട്രീയ യുക്തിയെ എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയുന്നത്. ഇതിലും ഭീകരമാണ് സിവിൽ സമൂഹത്തിലെ മനുഷ്യാവകാശപ്രവർത്തകർക്ക് നേരെയുള്ള വേട്ട. അതിൽ ഏറ്റവും ക്രൂരവും മനുഷ്യത്വരഹിതവുമായ പകവീട്ടിലായിരുന്നു സഞ്ജീവ് ഭട്ടിന് നേരെ ഭരണകൂടം നേരിട്ടുനിന്ന് നിർവഹിച്ചത്. 22 വർഷം പഴക്കമുള്ള കേസിന് അദ്ദേഹത്തെ അറസ്റ്റ് ചെയ്യാൻ എത്തിയത് ഒരു യൂണിറ്റ് പൊലിസായിരുന്നു. പ്രധാനമന്ത്രിക്കെതിരേ ഐ.പി.എസ് ഓഫിസറായ ഭട്ട് ഉയർത്തിയ ആരോപണം ചെറുതായിരുന്നില്ല. 2002ലെ ഗുജറാത്ത് കലാപത്തിൽ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിക്ക് പങ്കുണ്ടെന്ന് ഭട്ട് സുപ്രിംകോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. അതിനെതിരേയുള്ള പ്രതികാരമാണ് ഈ അറസ്റ്റെന്ന് അന്ന് തന്നെ അദ്ദേഹത്തിന്റെ ഭാര്യ ശ്വേത ഭട്ട് രാജ്യത്തെ നിരവധി ജനാധിപത്യ വേദികളിൽ പറഞ്ഞിട്ടുണ്ട്.


ഇതിൽനിന്ന് വ്യത്യസ്തമായിരുന്നില്ല അർബൻ നക്‌സൽ എന്ന പേരിൽ അറസ്റ്റ് ചെയ്യപ്പെട്ടവരോടുള്ള സമീപനവും.വയോധികരായ സ്റ്റാൻ സ്വാമി മുതൽ വിപ്ലവ കവി വരവരറാവു, റോണാ വിൽസൻ, സുധ ഭരദ്വാജ്, ആനന്ദ് തെൽതുംദേ തുടങ്ങിയവർ അറസ്റ്റ് ചെയ്യപ്പെടുന്നത് ആദിവാസി ഗോത്ര സമൂഹങ്ങളിൽ ഭരണകൂടം നടത്തുന്ന ചൂഷണത്തിനെതിരേ ശബ്ദിച്ചതിനാണ്. പ്രത്യേകിച്ചും ഖനി മാഫികൾക്കെതിരേയുള്ള പ്രതിരോധ പ്രവർത്തനത്തെ അവസാനിപ്പിക്കാനായിരുന്നു അത്. എന്നാൽ യു.പിയിൽ അറസ്റ്റ് ചെയ്യപ്പെട്ട മനുഷ്യവകാശ പ്രവർത്തക്കെതിരേ പ്രധാനമായും രാജ്യദ്രോഹക്കുറ്റമാണ് ചാർത്തിയത്. അതിൽ മലയാളിയായ സിദ്ദീഖ് കാപ്പനും രാജ്യദ്രോഹക്കുറ്റമാണ് ചുമത്തപ്പെട്ടത്ത്. എന്നാൽ ഏതെങ്കിലും തരത്തിൽ പ്രതിഷേധിക്കുന്നവരെ അടിച്ചമർത്താനുള്ളതല്ല രാജ്യദ്രോഹക്കുറ്റമെന്ന് ഡൽഹി കോടതി പറഞ്ഞത്, കാർഷിക സമരത്തിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചതിന് അറസ്റ്റിലായ ഓം പ്രകാശിന് ജാമ്യം നൽകി കൊണ്ടാണ്. ഇങ്ങനെ ഭരണകൂടത്തിന് പൗരസമൂഹത്തിന് നേരെ എങ്ങനെയും പ്രയോഗിക്കാൻ കഴിയുന്ന ഉപകരണമായി ഇത്തരം കരിനിയമങ്ങൾ മാറുമ്പോൾ അതുണ്ടാക്കുന്ന പരുക്ക് ജനാധിപത്യത്തിന് ഏൽപ്പിക്കുന്ന ആഘാതങ്ങൾ ചെറുതല്ല.


ഭരണകൂടത്തിനെതിരേയുള്ള പ്രതിഷേധങ്ങൾ അടിച്ചമർത്തുമ്പോൾ പരിഷ്‌കൃത ലോകത്ത് നടക്കുന്നത് മനുഷ്യാവകാശ ലംഘനങ്ങൾ മാത്രമല്ല ജനാധിപത്യത്തിന്റെ തകർച്ച കൂടിയാണ്. ഇത് വ്യക്തി കേന്ദ്രീകൃത അധികാരഘടനയിൽനിന്ന് വ്യവസ്ഥിതിയുടെ ഭാഗമാക്കി മാറ്റാൻ ഇന്നത്തെ ഇന്ത്യൻ ഭരണകൂടത്തിന് സാധിക്കുന്നത് നിസ്സാരമായി കാണേണ്ട വിഷയമല്ല.


ഒരു ബഹുസ്വര സമൂഹത്തെ ചലനാത്മകമാക്കുന്നത് ആ സമൂഹത്തിൽ നടക്കുന്ന രാഷ്ട്രീയമായ നിലപാടുകളുടെ കൂടി ഭാഗമായിട്ടായിരിക്കും. ആ അർഥത്തിൽ ഇന്ത്യയിലെ മത, ജാതി യാഥാർഥ്യങ്ങളെ ഭരണകൂടം പരിഗണിക്കേണ്ടത് ഭരണഘടനാപരമായ ഉത്തരവാദിത്വമാണ്.
ഈയൊരു പശ്ചാത്തലത്തിലാണ് മനുഷ്യാവകാശങ്ങളെ ഭരണകൂടം റദ്ദ് ചെയ്യുന്നതിന്റെ നിരവധി അനുഭവങ്ങൾ ഇന്ത്യയിൽ ഉണ്ടാകുന്നതിനെ തിരിച്ചറിയേണ്ടത്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് യു.എ.പി.എ നിയമ പരിധിക്കുള്ളിൽ പൗരന് നഷ്ടമാകുന്ന സാമാന്യ നീതിയാണ്. ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിൽ പോലും അതിന്റെ 'നിഷ്കളങ്കമായ' ഇടപെടൽ നാം കണ്ടു. അലൻ, താഹ കേസിൽ രണ്ട് പേർക്കും ജാമ്യം കിട്ടിയപ്പോൾ തകർന്നത് ഭരണകൂടത്തിന്റെ മനുഷ്യാവകാശ നിഷേധം തന്നെയാണ്. എന്നാൽ ഇതെങ്ങനെ ഇടതുപക്ഷരാഷ്ട്രീയബോധത്തിൽ സംഭവിക്കുന്നു എന്നിടത്താണ് സിവിൽ സമൂഹത്തെ ഭയപ്പെടുത്തി നിർത്തുക എന്നത് ഏത് അധികാര രാഷ്ട്രീയത്തിന്റെയും പൊതുസ്വഭാവമായി കാണേണ്ടിവരുന്നത്. അതിനെതിരേയുള്ള പ്രതിരോധങ്ങൾ ജനാധിപത്യ സമൂഹത്തിൽ വികാസം പ്രാപിക്കുമ്പോൾ മാത്രമാണ് മനുഷ്യാവകാശങ്ങളെ സംരക്ഷിക്കാൻ കഴിയൂ.


നിലവിലെ ഇന്ത്യൻ സാഹചര്യത്തിൽ ഭരണകൂടത്തിന്റെ മനുഷ്യാവകാശ ലംഘനങ്ങൾ ജനങ്ങളുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ടു കിടക്കുകയാണ്. ഒരു വർഷക്കാലം നീണ്ടുനിന്ന കാർഷിക സമരം ഒരു ജനതയുടെ എല്ലാതരത്തിലുള്ള ജനാധിപത്യ അവകാശങ്ങളുടെയും നിഷേധത്തിനെതിരായ പോരാട്ടമായിരുന്നു. ആ സമരത്തോടെ ഭരണകൂടം സ്വീകരിച്ച നിലപാട് പൗരാവകാശലംഘനമായിരുന്നു. 700 ഓളം കർഷകർ മരണപ്പെട്ടതും ഭരണകൂടത്തിന്റെ നടത്തിപ്പുകാർ തന്നെ നേരിട്ട് ജനങ്ങളെ കൊന്നുതള്ളിയതും നാം കണ്ടതാണ്. ഇത് ഫാസിസത്തിന്റെ ഭരണ രീതിയാണ്. ജനതയുടെ മൗലികാവകാശങ്ങളെ നിരാകരിച്ചുകൊണ്ട് ഇന്ത്യയെപ്പോലുള്ള രാജ്യത്ത് ഒരു ഭരണാധികാരിക്കും രാഷ്ട്രീയാധികാരത്തിൽ അധികകാലം മുന്നോട്ടു പോകാൻ കഴിയില്ല. അതിന്റെ തെളിവാണ് കർഷക സമരത്തിന്റെ വിജയം. ലോക മനുഷ്യാവകാശ ദിനത്തിന് ഇന്ത്യ നൽക്കുന്ന സന്ദേശം മനുഷ്യത്വ വിരുദ്ധമായ ഒരു ഭരണകൂടത്തിനും ജനകീയ പ്രതിഷേധങ്ങളെ മറികടന്ന് അധികകാലം മുന്നോട്ടുപോകാൻ കഴിയില്ല എന്നതാണ്. രാജ്യത്തെ അടിസ്ഥാന ജനസമൂഹം നേടിയ ഈ വിജയം മോദി ഭരണകൂടത്തിന് ഏൽപ്പിച്ച ആഘാതം ചെറുതല്ല. അതിൽ നിന്നുള്ള സമരത്തുടർച്ചക്ക് ഇന്ത്യൻ രാഷ്ട്രീയസമൂഹം നേതൃത്വം നൽകേണ്ടതുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുടുംബസമേതം പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തി; രാഹുൽ നാളെയെത്തും

Kerala
  •  2 months ago
No Image

എട്ടാമത് ദുബൈ ഫിറ്റ്നസ് ചലഞ്ചിന് ഒക്ടോബർ 26-ന് തുടക്കം കുറിക്കും

uae
  •  2 months ago
No Image

പൊതുമാപ്പ് 31ന് അവസാനിക്കും; ഇനിയും കാത്തിരിക്കരുതെന്ന് ജി.ഡി.ആർ.എഫ്.എ

uae
  •  2 months ago
No Image

ബഹ്റൈനിൽ കണ്ണൂർ സ്വദേശി ഹ്യദയാഘാതത്തെ തുടർന്ന് മരിച്ചു

bahrain
  •  2 months ago
No Image

ദാന ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് രണ്ട് ദിവസങ്ങളിലെ ആറ് ട്രെയിനുകൾ റദ്ദാക്കി

National
  •  2 months ago
No Image

താല്‍ക്കാലിക തൊഴില്‍ വിസകള്‍ നല്‍കുന്നത് പുനരാംരംഭിക്കാൻ ഒരുങ്ങി കുവൈത്ത്

Kuwait
  •  2 months ago
No Image

ആ പണിയിലും പണി; ഒമാൻ സ്വദേശിവത്കരണം ശക്തമാക്കുന്നു

oman
  •  2 months ago
No Image

ബിഎസ്എന്‍എല്ലിന് പുതിയ ലോഗോ; ' ഇന്ത്യ' മാറ്റി 'ഭാരത്' ആക്കി

latest
  •  2 months ago
No Image

ദുബൈ; അന്താരാഷ്ട്ര ഭക്ഷ്യസുരക്ഷ സമ്മേളനത്തിന് ആരംഭം

uae
  •  2 months ago
No Image

കല കുവൈത്ത് മെഗാ സാംസ്‌കാരിക മേള ദ്യുതി 2024 ഒക്ടോബർ 25ന്,മുഖ്യാതിഥി മുരുകൻ കട്ടാക്കട

Kuwait
  •  2 months ago