ഇന്ത്യൻ ജനതക്ക് തിരിച്ചറിവ് നൽകിയ കർഷക സമരം
ഒടുവിൽ കർഷകർ ഉയർത്തിയ എല്ലാ ആവശ്യങ്ങളും കേന്ദ്ര സർക്കാർ അംഗീകരിച്ചു. മൂന്ന് കർഷക വിരുദ്ധ നിയമങ്ങളും പാർലമെന്റിൽ പിൻവലിച്ചിട്ടും സമരം അവസാനിപ്പിക്കാൻ സംയുക്ത കിസാൻ സഭ തയാറായിരുന്നില്ല. വിവാദ നിയമം പിൻവലിക്കുന്നതോടൊപ്പം കർഷകർ ആവശ്യപ്പെട്ട പ്രധാന ആവശ്യങ്ങൾക്ക് നേരെ സർക്കാർ മൗനം പാലിച്ചതിൽ പ്രതിഷേധിച്ചായിരുന്നു സമരത്തിൽ നിന്നു പിന്മാറാതിരുന്നത്. ആവശ്യങ്ങൾ മുഴുവൻ അംഗീകരിക്കുന്നത് വരെ പ്രക്ഷോഭത്തിൽനിന്ന് ഒരു ഇഞ്ചു പോലും പിന്നോട്ട് പോകില്ലെന്ന കർഷകരുടെ ഉറച്ച നിലപാട് കേന്ദ്ര സർക്കാരിനെ സമ്മർദത്തിലാക്കി. ഒടുവിൽ ആഭ്യന്തര മന്ത്രാലയം രേഖാമൂലമുള്ള ഉറപ്പ് നൽകേണ്ടിവന്നു കർഷക സമരം അവസാനിപ്പിക്കാൻ. നാളെ തങ്ങളുടെ വിജയം ആഘോഷിച്ചതിന് ശേഷമായിരിക്കും കർഷകർ സമര ഭൂമി വിടുക.
യു.പി ഉൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിൽ അടുത്ത വർഷം ഏത് സമയത്തും നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാം. അത്തരമൊരവസരത്തിൽ കർഷക സമരം ഏത് വിധേനയും അവസാനിപ്പിക്കുക എന്നത് സർക്കാരിന് അത്യന്താപേക്ഷിതമായിരുന്നു. താങ്ങുവിലയിൽ നിയമ പരിരക്ഷ വേണമെന്നതുൾപ്പെടെയുള്ള ആവശ്യങ്ങളിൽ സർക്കാർ തീരുമാനമെടുക്കാത്തതിനെ തുടർന്നായിരുന്നു കർഷകർ സമരഭൂമിയിൽ ഉറച്ചുനിന്നത്. മലിനീകരണ നിയന്ത്രണ നിയമത്തിൽ കർഷകർക്കെതിരേ ക്രിമിനൽ കുറ്റം ചുമത്താനുള്ള വ്യവസ്ഥയും പിഴയും ഒഴിവാക്കണമെന്നതും അവരുടെ പ്രധാന ആവശ്യമായിരുന്നു. കർഷകർ വൈക്കോൽ കത്തിച്ചിട്ടാണ് ഡൽഹിയിൽ അന്തരീക്ഷ മലിനീകരണമുണ്ടാകുന്നതെന്ന വിചിത്രവാദമായിരുന്നു സർക്കാരിനുണ്ടായിരുന്നത്.
സമരത്തിനിടെ കൊല്ലപ്പെട്ട കർഷകരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുക, കർഷകർക്കെതിരേയുള്ള കേസുകളെല്ലാം പിൻവലിക്കുക, തങ്ങളെ പ്രതികൂലമായി ബാധിക്കുന്ന വൈദ്യുതി ഭേദഗതി ബിൽ പിൻവലിക്കുക എന്നീ ആവശ്യങ്ങളും കർഷകർ ഉന്നയിച്ചിരുന്നു. യു.പിയിലെ ലേഖിംപൂരിൽ കർഷകരെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി ആശിഷ് മിശ്രയുടെ പിതാവും കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുമായ അജയ് മിശ്രയെ പുറത്താക്കുക എന്നതു മറ്റൊരാവശ്യമായിരുന്നു. എന്നാൽ ഇത് സംബന്ധിച്ച കേസ് കോടതിയുടെ പരിഗണനയിലായതിനാൽ പെട്ടെന്ന് തീരുമാനമെടുക്കാൻ കഴിയില്ല എന്ന സർക്കാർ വാദം സംയുക്ത കിസാൻ സഭ അംഗീകരിക്കുകയായിരുന്നു.
അനുഭാവപൂർവം പരിശോധിച്ച് ആവശ്യങ്ങളെല്ലാം അംഗീകരിക്കാമെന്നും മൂന്ന് നിയമങ്ങൾ സർക്കാർ പിൻവലിച്ച സ്ഥിതിക്ക് ഇപ്പോൾ കർഷകർ വീടുകളിലേക്ക് മടങ്ങിപ്പോവുകയാണ് വേണ്ടതെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകളും അവർ വിശ്വാസത്തിലെടുത്തില്ല. മുഴുവൻ ആവശ്യങ്ങളും അംഗീകരിച്ച് രേഖാമൂലമുള്ള ഉറപ്പ് ലഭിക്കാതെ സമരം അവസാനിപ്പിക്കുകയില്ല എന്ന നിലപാടിൽ കർഷകർ ഉറച്ചുനിന്നു. ഈ വാക്കുകൾ കേട്ട് അവർ നേരത്തെ വീടുകളിലേക്ക് മടങ്ങിയിരുന്നെങ്കിൽ താങ്ങുവിലക്ക് നിയമ പരിരക്ഷ വേണമെന്നുള്ള കർഷകരുടെ മർമപ്രധാനമായ ആവശ്യത്തിന്മേൽ ഒരുപക്ഷേ സർക്കാർ മലക്കംമറിയുമായിരുന്നു. മുഴുവൻ ആവശ്യങ്ങളും അംഗീകരിക്കുന്നത് വരെ ഡൽഹി വിട്ടുപോവില്ലെന്ന കർഷകരുടെ ദൃഢനിശ്ചയത്തിന് മുമ്പിൽ സർക്കാർ തന്ത്രം പാളി. ആവശ്യങ്ങളെല്ലാം പൂർത്തീകരിച്ചുകിട്ടാതെ സമരം അവസാനിപ്പിച്ചാൽ നൽകിയ ഉറപ്പുകളെല്ലാം സർക്കാർ ലംഘിക്കുമെന്നും അങ്ങനെ വന്നാൽ ഒരു വർഷം മുമ്പ് തുടങ്ങിയത് പോലെ സർവ സന്നാഹങ്ങളോടും കൂടി രണ്ടാമതൊരു കർഷക സമരം ക്ഷിപ്രസാധ്യമാവില്ലെന്നും നേതൃത്വത്തിന് അറിയാമായിരുന്നു. ഈ തീരുമാനം ഒടുവിൽ വിജയിച്ചു.
സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ ചരിത്രത്തിൽ സ്വർണ ലിപികളാൽ രേഖപ്പെടുത്തേണ്ട മഹത്തായ ഒരു പ്രക്ഷോഭമാണ്, ഒരു വർഷവും പതിനഞ്ച് ദിവസവുമെടുത്ത സഹനസമരത്തിലൂടെ കർഷകർ വിജയിപ്പിച്ചെടുത്തത്. കർഷകരുടെ സമരം വ്യവസ്ഥാപിത രാഷ്ട്രീയപ്പാർട്ടികൾക്ക് വലിയ പാഠമാണ്. ബി.ജെ.പി ഭരണത്തിനെതിരേ പ്രതിപക്ഷ പാർട്ടികൾ നടത്തുന്ന സമരങ്ങളെല്ലാം ദയനീയമായി പരാജയപ്പെട്ടുകൊണ്ടിരുന്ന വേളയിലാണ് തികച്ചും ഗാന്ധിമാർഗം അവലംബിച്ചുള്ള സഹന സമരത്തിന് കർഷകർ സന്നദ്ധമായത്. സമരം ഏതാനും ആഴ്ചകൾക്കുള്ളിൽ കെട്ടടങ്ങിക്കൊള്ളുമെന്ന സർക്കാർ ധാരണയെ തിരുത്തിക്കൊണ്ട് അത് അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റുന്നതിൽ വരെ എത്തി. കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അടക്കമുള്ള ലോകനേതാക്കളുടെ വിമർശനങ്ങൾക്ക് സർക്കാർ പാത്രീഭൂതരായി. ഭീകരവാദികൾ എന്ന് വിളിച്ചാക്ഷേപിച്ചിട്ടും കർഷകർ കുലുങ്ങിയില്ല. ഗാന്ധിജി ഇന്ത്യൻ ജനതക്ക് കാണിച്ചുതന്ന അഹിംസാമാർഗത്തിലുള്ള സമരത്തിന് ഈ സത്യാനന്തര കാലത്തും പ്രസക്തിയുണ്ടെന്നും ഏത് ഭരണകൂടവും അതിന് മുമ്പിൽ പരാജയപ്പെടുമെന്നുള്ള മഹത്തായ സന്ദേശമാണ് ഈ സമരത്തിലൂടെ കർഷകർ ഇന്ത്യൻ ജനതക്ക് നൽകിയത്.
ജനാധിപത്യവും മതേതരത്വവും വീണ്ടെടുക്കാൻ രാഷ്ട്രീയപാർട്ടികളും ജനതയും ത്യാഗപൂർണമായ സമരത്തിന് സന്നദ്ധമാകേണ്ടിയിരിക്കുന്നു എന്ന തിരിച്ചറിവും കർഷകർ നൽകി. കേന്ദ്ര സർക്കാർ ഇതുവരെ നടപ്പാക്കിപ്പോന്ന ജനാധിപത്യവിരുദ്ധ നയങ്ങളെ ചെറുത്തുതോൽപ്പിക്കുന്നതിൽ മുഖ്യധാര രാഷ്ട്രീയ പാർട്ടികളൊക്കെയും അമ്പേ പരാജയമായിരുന്നു. രാഷ്ട്രീയ പാർട്ടികളുടെ ഈ ജഡാവസ്ഥയാണ് മതനിരപേക്ഷതക്കും പൗരത്വത്തിനുമെതിരേയുള്ള നിയമനിർമാണങ്ങൾ അപ്പം ചുട്ടെടുക്കുന്ന ലാഘവത്തോടെ പാർലമെന്റിൽ പാസാക്കാൻ ഭരണകൂടത്തിന് ധൈര്യം നൽകിയത്. ഒരു വിഭാഗത്തിന്റെ പൗരാവകാശങ്ങൾ നിഷേധിക്കുന്ന നിയമങ്ങൾ ഉണ്ടായിട്ടും അതിനെതിരേ പൊതുജനാഭിപ്രായം രൂപീകരിക്കുന്നതിൽ പോലും എന്തുകൊണ്ടാണ് പ്രതിപക്ഷം പരാജയപ്പെട്ടത്? ജനകീയ പ്രശ്നങ്ങൾ ഏറ്റെടുത്ത് സമരം ചെയ്യുന്നതിൽ ഇന്ത്യയിലെ പരമ്പരാഗത രാഷ്ട്രീയ പാർട്ടികൾ പരാജയപ്പെട്ടിടത്താണ് കർഷകർ കേന്ദ്ര സർക്കാരിനെ മുട്ടുകുത്തിച്ചിരിക്കുന്നത്.
പുതിയ കാലത്തെ ട്വിറ്റർ രാഷ്ട്രീയം ജനങ്ങളുടെ കാതലായ പ്രശ്നങ്ങളെ അഭിസംബോധനം ചെയ്യുന്നില്ല. പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ അവയൊക്കെയും വട്ടപ്പൂജ്യമാകുമ്പോൾ കർഷകർ മുമ്പോട്ട് വയ്ക്കുന്നതുപോലുള്ള ബദൽ രാഷ്ട്രീയമായിരിക്കും മേലിൽ ജനമുന്നേറ്റങ്ങൾക്ക് നിദാനമായിത്തീരുക. ഇന്ത്യയിൽ മാറ്റത്തിന് തുടക്കം കുറിക്കുക അത്തരം സഹന സമരങ്ങളായിരിക്കും. അഹിംസാമാർഗത്തിലൂന്നിയുള്ള ത്യാഗനിർഭരമായ സമരത്തിലൂടെ മാത്രമേ ഏതൊരു ജനവിരുദ്ധ സർക്കാരിനേയും മുട്ടുകുത്തിക്കാനാകൂ എന്ന തിരിച്ചറിവാണ് കർഷക സമര വിജയം ഇന്ത്യൻ ജനതക്ക് നൽകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."