പെരിയ ഇരട്ട കൊല: സി.ബി.ഐ അറസ്റ്റ് ചെയ്ത അഞ്ചു പ്രതികള്‍ക്കും ജാമ്യം നിഷേധിച്ചു
കൊച്ചി: പെരിയയിലെ ഇരട്ട കൊലപാതക കേസില്‍ സി.ബി.ഐ അറസ്റ്റ് ചെയ്ത അഞ്ചു പ്രതികള്‍ക്കും എറണാകുളം സി.ജെ.എം കോടതി ജാമ്യം നിഷേധിച്ചു. ജാമ്യം അനുവദിച്ചാല്‍ കേസ് അട്ടിമറിക്കുമെന്നും സാക്ഷികളെ സ്വാധീനിക്കുമെന്നും പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. അറസ്റ്റിലായവരെല്ലാം സി.പി.എം പ്രാദേശിക നേതാക്കളും പാര്‍ട്ടി അനുഭാവികളുമാണ്.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനേയും ശരത്ലാലിനേയും മൃഗീയമായി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ തുടക്കം മുതല്‍ പ്രതികളെ സംരക്ഷിക്കാനും അന്വേഷണം സി.പി.എം ഉന്നതരിലേക്ക് എത്താതിരിക്കാനുമുള്ള എല്ലാ ശ്രമങ്ങളുമാണ് നടന്നത്. ആദ്യം കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് പ്രതികളുടെ രാഷ്ട്രീയ പശ്ചാത്തലം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിക്കാതെ കൊലപാതക കാരണം വ്യക്തിവൈരാഗ്യം എന്നതുമാത്രമായി ചുരുക്കിയായിരുന്നു കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്.
സാക്ഷികളെക്കാള്‍ പ്രതികളെ മാത്രം വിശ്വാസത്തിലെടുത്ത് ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തെ കണക്കിന് വിമര്‍ശിച്ച ഹൈക്കോടതി കുറ്റപത്രം റദ്ദാക്കുകയും സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടുകയുമായിരുന്നു. അന്നുമുതല്‍ സി.ബി.ഐ അന്വേഷണം എങ്ങനെയും അട്ടിമറിക്കാനുള്ള ശ്രമങ്ങളുണ്ടായി എന്നാണ് ആരോപണം.
അന്വേഷണം സി.ബി.ഐക്ക് വിട്ട് സിംഗിള്‍ ബെഞ്ച് ഉത്തരവ് വന്നത് 2019 സെപ്തംബര്‍ 30നാണ്. ഇതിനിടെ അന്വേഷണം സി.ബി.ഐക്ക് വിട്ടതിനെതിരെ ഒക്ടോബര്‍ 26ന് സര്‍ക്കാര്‍ ഡിവിഷന്‍ ബഞ്ചില്‍ അപ്പീല്‍ നല്‍കിയിരുന്നു. സുപ്രിം കോടതി അഭിഭാഷകരടക്കം സര്‍ക്കാരിന് വേണ്ടി ഹാജരായി. ചീഫ് ജസ്റ്റിസ് എസ്.മണികുമാറും ജസ്റ്റിസ് സി.ടി രവികുമാറും അടങ്ങിയ ബഞ്ച് കേസ് വിധി പറയാന്‍ മാറ്റിയെങ്കിലും വാദം പൂര്‍ത്തിയായി ഒമ്പത് മാസം പിന്നിട്ടിട്ടും സര്‍ക്കാരിന്റെ അപ്പീല്‍ ഹര്‍ജിയില്‍ കോടതി വിധി പറഞ്ഞിരുന്നില്ല.
കേസിലെ പ്രധാന പ്രതി പീതാംബരന്റെ അടക്കം ഏഴ് പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് അന്വേഷണവുമായി മുന്നോട്ട് പോകാന്‍ കഴിയുന്നില്ലെന്ന് സി.ബി.ഐയും അറിയിച്ചത്. ഡിവിഷന്‍ ബെഞ്ച് വിധി പറയും വരെ തുടര്‍നടപടികള്‍ സ്വീകരിക്കരുതെന്ന് കോടതി വാക്കാല്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സി.ബി.ഐ അഭിഭാഷകര്‍ പറഞ്ഞു. ഇത്തരമൊരു സാഹചര്യത്തില്‍ കേസില്‍ തങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയുന്നില്ലെന്നാണ് സി.ബി.ഐ കോടതിയെ അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."