എം.പിമാരുടെ സസ്പെൻഷൻ ആശങ്കപ്പെടുത്തുന്നത്
പാർലമെന്റിൽ ശീതകാല സമ്മേളനത്തിന്റെ ആദ്യ ദിവസമായ നവംബർ 29ന് തന്നെ രാജ്യസഭയിൽ 12 അംഗങ്ങളെ സസ്‌പെൻഡ് ചെയ്തു. ശേഷം രാജ്യസഭയുടെ സമ്മേളനങ്ങൾ എല്ലാ ദിവസവും തടസപ്പെട്ടു. സഭയുടെ കഴിഞ്ഞ സമ്മേളനത്തിന്റെ അവസാന ദിവസമുണ്ടായ പ്രശ്‌നങ്ങൾക്ക് ഈ എം.പിമാർ ഉത്തരവാദികളാണെന്ന് ആരോപിച്ചായിരുന്നു അവർക്കെതിരായ നടപടി. രാജ്യസഭയുടെ നടപടിക്രമങ്ങളുടെ ചട്ടം 256 പ്രകാരമാണ് അംഗങ്ങളെ സസ്‌പെൻഡ് ചെയ്യാനുള്ള പ്രമേയം അവതരിപ്പിച്ചത്. സഭയുടെ പ്രവർത്തനങ്ങളെ തുടർച്ചയായും മനഃപൂർവവും തടസപ്പെടുത്തുന്നതിലൂടെ സഭ അധ്യക്ഷപദവിയിലുള്ളവരുടെ അധികാരം അവഗണിക്കുകയോ കൗൺസിൽ ചട്ടങ്ങൾ ദുരുപയോഗം ചെയ്യുകയോ ചെയ്യുന്ന ഒരു അംഗത്തെ സസ്‌പെൻഡ് ചെയ്യാൻ ഈ നിയമം വ്യവസ്ഥ ചെയ്യുന്നു. സഭയുടെ പ്രവർത്തനങ്ങളെ സ്ഥിരവും മനഃപൂർവവുമായ തടസപ്പെടുത്തലാണ് ഇത് പ്രകാരമുള്ള കുറ്റകൃത്യത്തിന്റെ കാതൽ. ഇത്തരം കാര്യങ്ങൾ സംഭവിക്കുമ്പോൾ, ചെയർമാൻ അത്തരമൊരു അംഗത്തിന്റെ പേര് നൽകിയേക്കാം. അതുപ്രകാരം ഉടൻ തന്നെ അദ്ദേഹത്തിന്റെ സസ്‌പെൻഷനുള്ള പ്രമേയം അവതരിപ്പിക്കും. പ്രമേയം സഭ അംഗീകരിച്ചാൽ അംഗത്തെ സസ്‌പെൻഡ് ചെയ്യും. സമ്മേളനത്തിന്റെ ശേഷിക്കുന്ന കാലയളവിൽ കവിയാത്ത ദിവസങ്ങളിലേക്ക് സസ്‌പെൻഷനാകാം. സമ്മേളനത്തിന്റെ അവസാന ദിവസം അംഗത്തെ സസ്‌പെൻഡ് ചെയ്താൽ സസ്‌പെൻഷന്റെ കാലാവധി ഒരു ദിവസം മാത്രമായിരിക്കും. അതിനാൽ, അത്തരമൊരു അംഗത്തെ കൂടുതൽ കാലത്തേക്ക് സസ്‌പെൻഡ് ചെയ്യാൻ ഒരു സർക്കാർ ആഗ്രഹിക്കുന്നുവെങ്കിൽ പോലും നിലവിലെ ചട്ടങ്ങൾ പ്രകാരം അത് സാധ്യമാകില്ല.
കഴിഞ്ഞ സമ്മേളനത്തിലുണ്ടായ ക്രമക്കേടിന്റെ പേരിൽ ഈ അംഗങ്ങളെ ഇപ്പോൾ സസ്‌പെൻഡ് ചെയ്തതാണ് പാർലമെന്റ് നിരീക്ഷകരുടെ ആകാംക്ഷയുണർത്തുന്ന ഒരു വിഷയം. ചട്ടങ്ങൾ പ്രകാരം അത് സാധ്യമാണോ? അതിന് ഉത്തരം കണ്ടെത്താൻ കഴിയുന്ന ഏക സ്രോതസ് സസ്‌പെൻഷൻ പ്രമേയം പാസാക്കാൻ സഭ അവലംബിച്ച ചട്ടം മാത്രമാണ്. ഇത്തരത്തിലുള്ള മുൻകാല നടപടികളൊന്നും നടന്നിട്ടുമില്ല.
സഭയുടെ പ്രവർത്തനങ്ങൾ തടസപ്പെടുത്തുകയും ക്രമക്കേടുണ്ടാക്കുകയും ചെയ്താൽ അംഗങ്ങളെ സസ്‌പെൻഡ് ചെയ്യാൻ എല്ലാ നിയമനിർമാണസഭകൾക്കും അധികാരമുണ്ട്. പക്ഷേ, പക്വതയുള്ള ജനാധിപത്യ രാജ്യങ്ങളിൽ പാർലമെന്റുകളിൽ സസ്‌പെൻഷൻ നിയമം അപൂർവമായി മാത്രമേ പ്രയോഗിക്കാറുള്ളൂ. നിയമനിർമാണസഭകളിൽ, സസ്‌പെൻഷൻ ഗുരുതരമായ ശിക്ഷയായി കണക്കാക്കപ്പെടുന്നു. ഒരു സമ്മേളന കാലാവധി മുഴുവൻ സസ്‌പെൻഷൻ ചെയ്യുന്നത് കടുത്ത ശിക്ഷയാണ്.
കഴിഞ്ഞ സമ്മേളന കാലയളവിൽ നടന്ന പ്രശ്‌നത്തിന്റെ പേരിൽ സസ്‌പെൻഷൻ ചെയ്ത കേസുകൾ ശരിയോ തെറ്റോ എന്ന ചോദ്യം സഭ പ്രമേയം അംഗീകരിച്ച നിമിഷത്തിൽ തന്നെ അനാവശ്യമായി മാറി. സഭ തന്നെ സസ്‌പെൻഷൻ പിൻവലിച്ചില്ലെങ്കിൽ ഇക്കാര്യത്തിൽ ഒന്നും ചെയ്യാനാകില്ല. സഭയുടെ തീരുമാനമാണ് അന്തിമം.അതേസമയം, അക്കാദമിക് താൽപ്പര്യത്തിന്റെ ഒരു ചോദ്യം ഉയർന്നുവരുന്നു, നിലവിലുള്ള നിയമങ്ങൾ അത്തരമൊരു നടപടി അനുവദിക്കുന്നുണ്ടോ എന്നതാണത്. ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താനായി, 256ാം ചട്ടത്തിന്റെ ഒരു ചെറിയ വിഭജനം നമ്മൾ നടത്തേണ്ടതുണ്ട്. അതിൽ പറയുന്നത്, ചെയർമാന്റെ അധികാരം അവഗണിക്കുകയോ സഭാനിയമങ്ങൾ തുടർച്ചയായി ദുരുപയോഗം ചെയ്യുകയോ സഭയുടെ പ്രവർത്തനങ്ങൾ മനഃപൂർവം തടസപ്പെടുത്തുകയോ ചെയ്യുന്ന ഒരു അംഗത്തിന്റെ പേര് ആവശ്യമാണെങ്കിൽ അധ്യക്ഷന് നൽകാം എന്നാണ്. തുടർന്നുള്ള കാര്യങ്ങൾ വളരെ പ്രധാനമാണ്. അത്തരത്തിലുള്ള ഒരു അംഗത്തിന്റെ പേരു നൽകിയ ശേഷം സസ്‌പെൻഷനെക്കുറിച്ചുള്ള ചോദ്യം ഒരു പ്രമേയത്തിലൂടെ ചെയർമാൻ സഭയുടെ മുമ്പാകെ വയ്ക്കുന്നു. മുൻ സമ്മേളനത്തിൽ പ്രശ്‌നം സൃഷ്ടിച്ചതിന് അടുത്ത സെഷനിൽ ഒരു അംഗത്തെ സസ്‌പെൻഡ് ചെയ്യാൻ കഴിയുമോ എന്ന ചോദ്യത്തിന്റെ പശ്ചാത്തലത്തിൽ ഈ നിയമത്തിന്റെ രണ്ടാം ഉപ ചട്ടം വളരെ പ്രാധാന്യമർഹിക്കുന്നു. നീട്ടിവയ്ക്കൽ അനുവദനീയമല്ല എന്ന് ഈ ഉപചട്ടത്തിൽ വ്യക്തമായി പറയുന്നു. സസ്‌പെൻഷന്റെ കാര്യം പിന്നീടുള്ള കാലയളവിലേക്ക് മാറ്റിവയ്ക്കാൻ കഴിയില്ല എന്നാണ് ഇതിനർഥം. ആ സമയത്ത് തന്നെ തീരുമാനം എടുക്കേണ്ട ആവശ്യവുമുണ്ട്.
നിയമത്തിന്റെ സ്‌കീം തികച്ചും വ്യക്തമാണ്. സഭയുടെ നിയമങ്ങൾ ദുരുപയോഗം ചെയ്ത് മനഃപൂർവം സഭയുടെ പ്രവർത്തനങ്ങളെ തടസപ്പെടുത്തുന്ന ഒരു അംഗത്തെ വേഗത്തിൽ ശിക്ഷിക്കേണ്ടതുണ്ട്. മാറ്റിവയ്ക്കൽ ഒട്ടും അനുവദനീയമല്ല. അതിനാൽ, അക്കാദമിക് വീക്ഷണകോണിൽ, അംഗങ്ങളെ ഇപ്പോൾ സസ്‌പെൻഡ് ചെയ്ത ചട്ടം യഥാർഥത്തിൽ അനുവദിക്കുന്നില്ല എന്ന് പറയാം. എന്നാൽ, ഈ കാര്യങ്ങളിൽ സഭയുടെ തീരുമാനം പരമോന്നതമാണ്. നിയമങ്ങൾ വ്യാഖ്യാനിക്കാൻ അധ്യക്ഷന് സമ്പൂർണ അധികാരമുണ്ട്. സഭയ്ക്ക് ആഭ്യന്തര കാര്യങ്ങൾ നിയന്ത്രിക്കാൻ സമ്പൂർണ അധികാരമുണ്ടെന്ന് ജുഡീഷ്യറി പലതവണ വ്യക്തമാക്കിയിട്ടുണ്ട്. ഒരു അംഗത്തെ സസ്‌പെൻഡ് ചെയ്തത് അത്തരമൊരു കാര്യമാണ്. ഭരണഘടനാ വിരുദ്ധമായ ഒരു പ്രവൃത്തി സഭ ചെയ്യുമ്പോൾ മാത്രമേ ജുഡീഷ്യറി ഇടപെടുകയുള്ളൂ.
എന്നാൽ, എം.പിമാരെ ഒരു സമ്മേളന കാലാവധി മുഴുവനായി സസ്‌പെൻഡ് ചെയ്യാനുള്ള സംശയാസ്പദമായ നടപടിക്രമം അവലംബിക്കുന്നത് ഉപബോധതലത്തിൽ ജനാധിപത്യ ചിന്താഗതിക്കാരായ പൗരന്മാരെ അസ്വസ്ഥരാക്കുന്നത് തുടരും. തടസങ്ങൾക്കുള്ള പരിഹാരം സസ്‌പെൻഷനിൽ അല്ല നിലകൊള്ളുന്നത്. മുൻകാല അനുഭവങ്ങളിൽ നിന്ന് നാം പഠിക്കേണ്ട പാഠം അതാണ്.
(ലോക്സഭ മുൻ സെക്രട്ടറി ജനറലായ ലേഖകൻ ദി ഇന്ത്യൻ എക്സ്പ്രസിൽ എഴുതിയത്)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."