വഖ്ഫ് നിയമനം, പൊലിസ് അതിക്രമം, വിഭാഗീയത സി.പി.എം ജില്ലാ സമ്മേളനങ്ങളിൽ ചർച്ച ചൂടുപിടിക്കും
സുനി അൽഹാദി
കൊച്ചി
വഖ്ഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിടാനുള്ള നീക്കം, പൊലിസ് അതിക്രമങ്ങൾ, പാർട്ടി ഏരിയാ സമ്മേളനങ്ങളിലെ വിഭാഗീയ പ്രവർത്തനങ്ങൾ തുടങ്ങി ചൂടേറിയ വിഷയങ്ങൾക്കിടെയാണ് ഇത്തവണ സി.പി.എം ജില്ലാ സമ്മേളനങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുന്നത്. പാർട്ടി കോൺഗ്രസ് നടക്കുന്ന കണ്ണൂരിൽ ഇന്നലെ സമ്മേളനത്തിന് തുടക്കമായി.
സംസ്ഥാന സമ്മേളനം നടക്കുന്ന എറണാകുളത്ത് ജില്ലാ സമ്മേളനം 14ന് ആരംഭിക്കും. മറ്റു ജില്ലകളിലും സമ്മേളനത്തിന് ഒരുക്കം നടക്കുകയാണ്.
വഖ്ഫ് നിയമന വിവാദം കത്തിനിൽക്കെയാണ് ഇത്തവണ ജില്ലാ സമ്മേളനങ്ങൾക്ക് തുടക്കമാകുന്നത്.
നേരത്തെ തന്നെ സംവരണമുൾപ്പെടെയുള്ള വിവിധ വിഷയങ്ങളിൽ സി.പി.എം ന്യൂനപക്ഷ വിരുദ്ധ നിലപാട് സ്വീകരിക്കുന്നു എന്ന ആക്ഷേപം ശക്തമായിരുന്നു. സാമ്പത്തിക സംവരണമുൾപ്പെടെയുള്ള വിഷയങ്ങളിൽ പാർട്ടി പ്രതിരോധത്തിലാകുകയുമുണ്ടായി. അതിനിടെയാണ് വഖ്ഫ് നിയമന ചർച്ചയാകുന്നത്.
ഇതുൾപ്പെടെയുള്ള വിഷയങ്ങളിൽ പാർട്ടി മുസ് ലിം വിരുദ്ധ നിലപാട് സ്വീകരിക്കുന്നു എന്ന വിമർശനം സാമൂഹിക മാധ്യമങ്ങളിലുൾപ്പെടെ ശക്തവുമാണ്. ഈ സാഹചര്യത്തിൽ ചേരുന്ന സമ്മേളനങ്ങളിൽ മുഖ്യ ചർച്ചാവിഷയമായി ഇതു മാറും.
ഇതിനകം നടന്ന ഏരിയാ സമ്മേളനങ്ങളിൽ മുഖ്യ ചർച്ചാ വിഷയമായത് പൊലിസ് അതിക്രമങ്ങളാണ്. സംസ്ഥാനത്ത് ഇക്കഴിഞ്ഞ മാസങ്ങളിൽ ഒട്ടനവധി പൊലിസ് അതിക്രമങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
സി.പി.എം ഇക്കാര്യത്തിൽ പ്രതിരോധത്തിലാകുകയുമുണ്ടായി. മാത്രമല്ല, ഭരണമുന്നണിയിലെ രണ്ടാം കക്ഷിയായ സി.പി.ഐ ഇക്കാര്യത്തിൽ പരസ്യ വിയോജിപ്പ് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. പൊലിസിൽ സംഘ്പരിവാർ വിഭാഗം ശക്തമാണെന്ന സൂചനകളും പുറത്തുവന്നിട്ടുണ്ട്. പൊലിസിനെ നിയന്ത്രിക്കാൻ സർക്കാരിനാവുന്നില്ലെന്ന വിമർശനം ഏരിയാ സമ്മേളനങ്ങളിൽ ഉയർന്നിരുന്നു. ജില്ലാ സമ്മേളനങ്ങളിൽ ഇക്കാര്യവും ചൂടേറിയ ചർച്ചയാകും.
ഇതിനൊക്കെ പുറമെയാണ് വിഭാഗീയ പ്രവർത്തനങ്ങൾ. പല ഏരിയാ സമ്മേളനങ്ങളിലും പരസ്യമായ ഏറ്റുമുട്ടലിലേക്ക് വിഭാഗീയത വളർന്നു.
ആലപ്പുഴയിൽ വിഭാഗീയത കാറും ബൈക്കും കത്തിക്കലിലാണ് എത്തിയതെങ്കിൽ തിരുവനന്തപുരത്ത് ബ്രാഞ്ച് സെക്രട്ടറിമാർ റോഡിൽ ഏറ്റുമുട്ടുന്നതിൽ വരെയെത്തി.
പാലക്കാട് ജില്ലയിൽ എം.എൽ.എ ഏരിയാ കമ്മിറ്റിയിൽനിന്ന് പുറത്തായി.
പത്തനംതിട്ടയിൽ മന്ത്രിക്കെതിരേ രൂക്ഷ വിമർശമുയർന്നു. കോഴിക്കോട്ടും മലപ്പുറത്തുമൊക്കെ വിഭാഗീയ പ്രവർത്തനം വ്യാപകമായി തലപൊക്കി. ഈ വിഷയങ്ങളൊക്കെ ജില്ലാ സമ്മേളനങ്ങളിലേക്കെത്തുന്നതോടെ ചൂടേറിയ ചർച്ചയ്ക്ക് അരങ്ങൊരുങ്ങുമെന്നുറപ്പാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."