കെ റെയിൽ വിരുദ്ധ പ്രതിഷേധങ്ങളെ കർശനമായി നേരിട്ട് പൊലിസ് പ്രക്ഷോഭകർക്കെതിരേ വിവിധ ജില്ലകളിൽ കേസ്
തിരുവനന്തപുരം
കെ റെയിലിനെതിരായ പ്രതിഷേധങ്ങളെ കർശനമായി നേരിട്ട് കേരളാ പൊലിസ്. കണ്ണൂർ, കോഴിക്കോട്, കോട്ടയം, പത്തനംതിട്ട, ആലപ്പുഴം, കൊല്ലം ജില്ലകളിലായി നൂറുകണക്കിന് പ്രക്ഷോഭകർക്കെതിരേ കേസെടുത്തു. പലയിടങ്ങളിലും വ്യത്യസ്ത വകപ്പുകളാണ് പ്രതിഷേധക്കാർക്കെതിരേ പൊലിസ് ചുമത്തുന്നത്.
കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത്. ജില്ലയിൽ ആകെ 50ലേറെ പേർക്കെതിരേയാണ് കേസെടുത്തത്. കോർപറേഷൻ ഓഫിസ്, കാട്ടിലപ്പീടിക, വടകര, മൂടാടി എന്നിവിടങ്ങളിൽ സമരം ചെയ്തവർക്കെതിരേ പകർച്ചവ്യാധി നിയമ പ്രകാരം ഉൾപ്പെടെ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. വൻ ജനക്കൂട്ടത്തെ സംഘടിപ്പിച്ച് ഭരണകക്ഷിയായ സി.പി.എം സമ്മേളനം നടത്തുന്ന സമയത്തു തന്നെ പ്രക്ഷോഭകർക്കെതിരേ പകർച്ചവ്യാധി നിയമപ്രകാരം കേസെടുക്കുന്നത് വിവാദമായിട്ടുണ്ട്.
കണ്ണൂരിൽ പത്തിലേറെ പേർക്കെതിരേയാണ് കേസുള്ളത്. ജില്ലയിൽ ആറുമാസം വരെ തടവു ലഭിക്കാവുന്ന വകുപ്പുകളാണ് പ്രക്ഷോഭകർക്കെതിരേ ചുമത്തിയത്. ആലപ്പുഴയിലെ നൂറനാട് പടനിലത്ത് 20 പേർക്കെതിരേയും കോട്ടയത്തെ കൊല്ലാട്, പനച്ചിക്കാട്, വെള്ളുത്തുരുത്തി, നട്ടാശ്ശേരി എന്നിവിടങ്ങളിൽ നടന്ന പ്രതിഷേധങ്ങളിൽ പങ്കെടുത്ത 30ഓളം പേർക്കെതിരേയും പത്തനംതിട്ടയിലെ കുന്നന്താനത് 13 പേർക്കെതിരേയും കേസുണ്ട്. കൊല്ലം ചാത്തന്നൂരിൽ പത്തിലേറെ പേരെ കരുതൽ തടങ്കലിലും വച്ചു.
അതിർത്തിക്കല്ലിടാൻ എത്തുന്ന ഉദ്യോഗസ്ഥരെ നാട്ടുകാർ തടയുന്നത് വ്യാപകമായതോടെയാണ് പൊലിസ് ബലപ്രയോഗവും കേസ് നടപടികളും ശക്തമാക്കിയത്. നാട്ടുകാരുടെ എതിർപ്പു മൂലം ചില സ്ഥലങ്ങളിൽ ഉദ്യോഗസ്ഥർ കല്ലിടാതെ മടങ്ങുന്നുമുണ്ട്. പദ്ധതിയുടെ സാമൂഹികാഘാത പഠനം പൂർത്തിയാക്കുന്നതിനു മുമ്പുതന്നെ ഭൂമിയിൽ കല്ലിടുന്ന നടപടിയാണ് കൂടുതൽ പ്രതിഷേധം വരുത്തിവയ്ക്കുന്നത്. പ്രതിഷേധങ്ങൾക്കിടെയും ഒരു മാസം കൊണ്ട് 20ലേറെ വില്ലേജുകളിലെ കല്ലിടൽ കെ റെയിൽ കോർപറേഷൻ പൂർത്തിയാക്കിയിട്ടുണ്ട്.
പ്രതിപക്ഷം കൂടി സമരം പ്രഖ്യാപിച്ച സാഹചര്യത്തിൽ കർശനമായി നേരിടണമെന്ന നിർദേശമാണ് പൊലിസിനു ലഭിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."