'പൊതുസ്ഥലത്ത് നിസ്‌കാരം അനുവദിക്കില്ല' ഹിന്ദുത്വ ശക്തികളുടെ വഴിയേ ഹരിയാന മുഖ്യമന്ത്രി
ന്യൂഡൽഹി
ഗുരുഗ്രാമിൽ മുസ്‌ലിംകൾ തുറസായ സ്ഥലത്ത് നിസ്‌കരിക്കരുതെന്ന് ഹരിയാന മുഖ്യമന്ത്രി എം.എൽ ഖട്ടാർ. വെള്ളിയാഴ്ച മുസ് ലിംകൾക്ക് പൊതുസ്ഥലത്ത് ജുമുഅ നിസ്‌കരിക്കാൻ നേരത്തെ സർക്കാർ അനുമതി നൽകിയിരുന്നു. നിസ്‌കാര സ്ഥലത്ത് സംഘ്പരിവാർ നിരന്തരം പ്രശ്‌നമുണ്ടാക്കുന്നത് ചൂണ്ടിക്കാട്ടിയാണ് ഹരിയാന മുഖ്യമന്ത്രിയുടെ പുതിയ പ്രസ്താവന. ഇതോടെ നേരത്തെ പലയിടത്തും മുസ് ലിംകൾക്ക് നിസ്‌കരിക്കാൻ സർക്കാർ നൽകിയിരുന്ന അനുമതി റദ്ദാക്കും.
2018 ൽ ഹിന്ദുത്വ ശക്തികൾ സംഘർഷമുണ്ടാക്കിയതിനെ തുടർന്നാണ് ചില പ്രത്യേക സ്ഥലങ്ങളിൽ നിസ്‌കരിക്കാൻ സർക്കാർ അനുമതി നൽകിയിരുന്നത്. ഗുരുഗ്രാം നഗരസഭ ഇരു കക്ഷികളുമായി സൗഹാർദത്തോടെ ചർച്ച നടത്തി പരിഹാരം ഉണ്ടാക്കണമെന്ന് മുഖ്യമന്ത്രി നിർദേശം നൽകി. ആരാധനാലയങ്ങളിൽ പ്രാർഥിക്കുന്നതിന് തടസമില്ലെന്നും ആരാധനാലയം അതിനു വേണ്ടി നിർമിക്കപ്പെട്ടവയാണെന്നും ഇക്കാര്യം പൊലിസുമായി സംസാരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തുറസായ സ്ഥലങ്ങളിൽ പരസ്യമായി ആരാധന നടത്തുന്നത് അംഗീകരിക്കാനാകില്ലെന്നാണ് ഖട്ടാറിൻ്റെ നിലപാട്. ഒഴിഞ്ഞ വഖ്ഫ് ഭൂമിയിൽ പള്ളികൾ നിർമിക്കാൻ നഗരസഭ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ നിയന്ത്രണത്തിലുള്ള ഭൂമിയിൽ ജുമുഅ നിസ്‌കരിക്കുന്നത് ഹിന്ദുത്വ ശക്തികളുടെ പ്രതിഷേധത്തിനു ഇടയാക്കിയിരുന്നു. ഏതാനും ആഴ്ചകളായി ജുമുഅ നിസ്‌കാരം പൊലിസ് കാവലിലാണ് ഗുരുഗ്രാമിൽ നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."