HOME
DETAILS

ഡൽഹിയിൽ കണ്ണുംനട്ട് മമതാ ബാനർജി

  
backup
December 14 2021 | 04:12 AM

785245563254132

പ്രതിച്ഛായ
ജേക്കബ് ജോർജ്
7012000311

മേഘാലയ മുൻ മുഖ്യമന്ത്രി മുകുൾ സാഗ്മയും 11 എം.എൽ.എമാരും കോൺഗ്രസ് വിട്ട് തൃണമൂൽ കോൺഗ്രസിൽ ചേർന്നത് കഴിഞ്ഞ മാസമാണ്. അസമിൽ പ്രമുഖ കോൺഗ്രസ് നേതാവ് സുഷ്മിതാ ദേവ് നേതൃത്വത്തെ ഞെട്ടിച്ചുകൊണ്ടാണ് പാർട്ടി വിട്ട് തൃണമൂൽ കോൺഗ്രസിൽ ചേർന്നത്. ത്രിപുരയിൽ ഭരണകക്ഷിയായ ബി.ജെ.പിയോടും പ്രധാന പ്രതിപക്ഷ കക്ഷിയായ സി.പി.എമ്മിനോടും പൊരുതാൻ തന്നെയാണ് തൃണമൂൽ ഇറങ്ങിത്തിരിച്ചിരിക്കുന്നത്. ഉത്തർപ്രദേശ്, ഗോവ, പഞ്ചാബ് എന്നിങ്ങനെ പല സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ തൃണമൂൽ കോൺഗ്രസ് ഊർജിതമായി രംഗത്തിറങ്ങിക്കഴിഞ്ഞു. മാർച്ചിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ പരമാവധി നേട്ടം ഉറപ്പിക്കുക എന്നതു തന്നെയാണ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ ലക്ഷ്യം. മറ്റു കക്ഷികളിലെ പ്രധാന നേതാക്കന്മാരെ ആകർഷിച്ചുകൊണ്ടാണു തുടക്കം. പ്രമുഖ പ്രാദേശിക കക്ഷികളുമായി കൂട്ടുകെട്ടുണ്ടാക്കാനാണ് അടുത്ത ശ്രമം.ഡൽഹി പിടിക്കുക തന്നെ ലക്ഷ്യം.


കീർത്തി ആസാദ്, അശോക് തൻവാർ തുടങ്ങി പല കോൺഗ്രസ് നേതാക്കളെയും അടർത്തിയെടുക്കാൻ തൃണമൂൽ കോൺഗ്രസിനു കഴിഞ്ഞു. 2009-2014 കാലത്ത് ഹരിയാനയിലെ സിർസ മണ്ഡലത്തെ ലോക്‌സഭയിൽ പ്രതിനിധീകരിച്ചിരുന്ന അശോക് തൻവാർ രാഹുൽ ഗാന്ധിയോട് വലിയ അടുപ്പത്തിലുമായിരുന്നു. ജെ.ഡി(യു) എം.പി പവാൻ വർമ്മയും തൃണമൂൽ കോൺഗ്രസിൽ ചേർന്നിട്ടുണ്ട്. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പൗരത്വ നിയമത്തിനു പിന്തുണ നൽകുന്നതിൽ പ്രതിഷേധിച്ചാണ് പവാൻ വർമ്മ ജെ.ഡി(യു) വിട്ടത്.


ഗോവ സംസ്ഥാനമാണ് മമതയുടെ ആദ്യ ലക്ഷം. സെപ്റ്റംബറിൽ പാർട്ടിയിൽ ചേർന്ന മുൻ ഗോവ മുഖ്യമന്ത്രി ലൂയിസിനോ ഫലെയ്‌റോ ആണ് ഗോവയിൽ മമത ഇറക്കുന്ന തുറുപ്പു ചീട്ട്. ഒപ്പം ഒമ്പത് പ്രമുഖ നേതാക്കന്മാരും മമതയോടു ചേർന്നു. എല്ലാം ഇക്കഴിഞ്ഞ സെപ്റ്റംബറിൽ. പ്രമുഖ ടെന്നീസ് താരം ലിയാണ്ടർ പെയ്സ് തൃണമൂൽ കോൺഗ്രസിൽ ചേർന്നതും വലിയൊരു നേട്ടമായാണ് പാർട്ടി നേതൃത്വം കണക്കാക്കുന്നത്. ഗോവയിലെ പൊതുസമൂഹത്തിന്റെ ശ്രദ്ധയാകർഷിക്കാൻ കഴിയുന്ന ഒരു സാഹചര്യമുണ്ടാക്കുകയാണ് മമതയുടെ ലക്ഷ്യം. ഗോവ ഫോർവേർഡ് പാർട്ടി (ജി.എഫ്.പി) വർക്കിങ്ങ് പ്രസിഡൻ്റും പാർട്ടിയിലെ രണ്ടാമനുമായ കിരൺ കണ്ഡോൽക്കറും പാർട്ടി വിട്ട് തൃണമൂലിൽ ചേർന്നിരിക്കുന്നു.


കരുത്തുറ്റ ഒരു നേതാവിനു മാത്രമേ ഒരു പാർട്ടിക്കു കരുത്തു പകരാനാവൂ. പശ്ചിമ ബംഗാളിൽ ഇക്കഴിഞ്ഞ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ മമതാ ബാനർജി ബി.ജെ.പിയുടെ മേൽ നേടിയ ഗംഭീര വിജയം ചില്ലറ കരുത്തൊന്നുമല്ല മമതയ്ക്കു നൽകിയത്. രാജ്യം ഭരിക്കുന്ന ബി.ജെ.പി എല്ലാ സന്നാഹങ്ങളുമായാണ് ബംഗാളിൽ മമതയോട് അങ്കം കുറിച്ചത്. നിയമസഭയിലേയ്ക്കുള്ള പോരാട്ടത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നേതൃത്വം നൽകി. പക്ഷേ ദീദിയുടെ പടയോട്ടത്തിനു മുന്നിൽ ബി.ജെ.പിക്കു പിടിച്ചുനിൽക്കാനായില്ല. ബംഗാൾ തെരഞ്ഞെടുപ്പു പകർന്നുനൽകിയ കരുത്താണ് മമതയുടെ ധൈര്യം. ഭരണത്തുടർച്ചയുടെ തേരിലേറിയാണ് മമതയുടെ വരവ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഉത്തർപ്രദേശിലും പിടിമുറുക്കാൻ ശ്രമം തുടങ്ങിക്കഴിഞ്ഞു അവർ.
അടുത്ത മാർച്ചിൽ ഉത്തർപ്രദേശിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ ആരു ജയിക്കും എന്ന ചോദ്യം ഇപ്പോൾത്തന്നെ ഉയർന്നുകഴിഞ്ഞു. യു.പി പിടിച്ചാൽ ഡൽഹി പടിക്കാം എന്നതു തന്നെയാണ് ദേശീയ രാഷ്ട്രീയത്തിലെ സൂത്രവാക്യം എന്ന് രാഷ്ട്രീയകക്ഷികൾക്കൊക്കെ അറിയാം. 403 സീറ്റുള്ള നിയമസഭ പിടിച്ചെടുക്കുക എന്നത് ഏതൊരു പാർട്ടിക്കും കനത്ത വെല്ലുവിളി തന്നെയാണ്. രണ്ടാം വട്ടവും രാജ്യം ഭരിക്കുന്ന നരേന്ദ്രമോദി ഉത്തർപ്രദേശ് കേന്ദ്രീകരിച്ചു പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു. ഒരു വർഷത്തോളം നീണ്ട കർഷക സമരം രാഷ്ട്രീയ സാധ്യതകളെ ബാധിക്കുമെന്നു പേടിച്ചാണ് എല്ലാവരുടെയും കണക്കു കൂട്ടൽ തെറ്റിച്ചുകൊണ്ടു മൂന്നു വിവാദ കാർഷിക നിയമങ്ങളും നിരുപാധികം പിൻവലിച്ച് മോദി പ്രസ്താവന നടത്തിയത്. എന്തു വിട്ടുവീഴ്ച ചെയ്തും കർഷക സമരം അവസാനിപ്പിക്കുക എന്നതു തന്നെയായി കേന്ദ്രത്തിന്റെ ലക്ഷ്യം. സമരം നിർത്തി കർഷകർ നാട്ടിലേയ്ക്കു മടങ്ങിയിരിക്കുന്നു.
എങ്കിലും കർഷക സമരം യു.പി കർഷകരുടെയിടയിലുണ്ടാക്കിയ രാഷ്ട്രീയ മാറ്റം ബി.ജെ.പിക്കു കണ്ടില്ലെന്നു നടിക്കാനാവില്ല. പ്രത്യേകിച്ച് ലേഖിംപൂർ ഖേരിയിൽ കേന്ദ്ര ആഭ്യന്തര വകുപ്പു സഹമന്ത്രി അജയ് കുമാർ മിശ്രയുടെ മകൻ ആശിഷ് മിശ്രയുടെ നേതൃത്വത്തിലുള്ള സംഘം പ്രക്ഷോഭകർക്കു നേരെ വാഹനങ്ങൾ ഓടിച്ചുകയറ്റി മൂന്നു കർഷകരെ കൊലപ്പെടുത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിൽ, കർഷക സമരത്തിന്റെ സ്വാധീനം യു.പിയിലെ കർഷകരിലും എത്തിയിട്ടുണ്ടെന്ന കാര്യത്തിൽ സംശയമില്ല.


ഇവിടെ സ്വാഭാവികമായി ഈ സാഹചര്യങ്ങളൊക്കെ ഉപയോഗിച്ചു വളരേണ്ടിയിരുന്നത് കോൺഗ്രസാണ്. പക്ഷേ കോൺഗ്രസിന് അതിനു കഴിഞ്ഞിട്ടില്ല. മുൻ മുഖ്യമന്ത്രി മായാവതിക്കും പുതിയൊരു രാഷ്ട്രീയ പ്രസക്തിയുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ മൂന്നു തെരഞ്ഞെടുപ്പുകളിൽ വലിയ വിജയം നേടാൻ കഴിഞ്ഞിട്ടുള്ളത് ബി.ജെ.പിക്കു മാത്രമാണ്. 2014, 2019 എന്നീ ലോക്‌സഭാ തെരഞ്ഞെടുപ്പുകളും 2017 ലെ നിയമസഭാ തെരഞ്ഞെടുപ്പും ബി.ജെ.പി സ്വന്തമാക്കി. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തെപ്പറ്റി ജനങ്ങൾക്ക് അതൃപ്തിയുണ്ടെങ്കിലും വ്യാപകമായ പ്രചാരണത്തിലൂടെയും മോദിയുടെ നേതൃത്തിലൂടെയും അതു മറികടക്കാനാവുമെന്ന് ബി.ജെ.പി കരുതുന്നു.


ബി.ജെ.പിക്കെതിരേ ഉയർന്നുനിൽക്കാൻ ശേഷിയുള്ള പാർട്ടിയെന്ന നിലയ്ക്ക് സമാജ് വാദി പാർട്ടി (എസ്.പി) ശക്തി നേടിക്കൊണ്ടിരിക്കുകയാണ്. ചെറിയ കക്ഷികളെ ചേർത്തുപിടിച്ചു മുന്നണിയുണ്ടാക്കാനുള്ള തീവ്രശ്രമത്തിലാണ് പാർട്ടി നേതാവ് അഖിലേഷ് യാദവ്. 2017 നിയമസഭാ തെരഞ്ഞെടുപ്പുമായി തട്ടിച്ചുനോക്കിയാൽ സമാജ് വാദി പാർട്ടിയുടെ ജനപിന്തുണ ഏറെ കൂടിയിട്ടുണ്ട്.എന്നാൽ എന്തുകൊണ്ട് എസ്.പിക്ക് കോൺഗ്രസുമായോ ബഹുജൻ സമാജ് പാർട്ടിയുമായോ (ബി.എസ്.പി) കൂട്ടുകെട്ടുണ്ടാക്കാനാവുന്നില്ലെന്ന ചോദ്യം ഉയരുന്നു. അതിനുള്ള സാധ്യതകൾ എന്നേ അസ്തമിച്ചു കഴിഞ്ഞു എന്നു പറയുന്നതാണെളുപ്പം. 2017 നിയമസഭാ തെരഞ്ഞെടുപ്പിൽ എസ്.പി - കോൺഗ്രസ് സഖ്യം നേടിയത് വെറും 54 സീറ്റ്. 47 എസ്.പിക്കും ഏഴു സീറ്റ് കോൺഗ്രസിനും. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എസ്.പി - ബി.എസ്.പി കൂട്ടുകെട്ടും തകർച്ച നേരിടുകയായിരുന്നു. എസ്.പിക്കു കിട്ടിയത് വെറും അഞ്ചു സീറ്റ്. ബി.എസ്.പിക്ക് പത്തും. ഇനി ഇത്തരത്തിലൊരു പരീക്ഷണത്തിന് എസ്.പി തയാറാവാൻ സാധ്യതയില്ല തന്നെ. അപ്പോൾപ്പിന്നെ കോൺഗ്രസിന്റെ സ്ഥിതിയെന്താവും? ബി.എസ്.പി എന്തു ചെയ്യും? യു.പിയിലെ സാധാരണ ജനങ്ങൾക്കിടയിൽ ഈ രണ്ടു കക്ഷികളുടെയും പ്രസക്തി കുറഞ്ഞുകൊണ്ടിരിക്കുന്നു. കരുത്തുള്ള പാർട്ടിയെന്ന പേര് ബി.ജെ.പിക്കും എസ്.പിക്കുമാണുള്ളത്. ഈ രണ്ടു കക്ഷികൾ നയിക്കുന്ന മുന്നണികൾ തമ്മിൽ നേരിട്ടുള്ള മത്സരത്തിനാണ് സാധ്യത തെളിയുന്നത്. ഇവിടെയാണ് മമതയുടെ പ്രതിഛായ പ്രസക്തമാവുന്നത്. സ്വന്തം സംസ്ഥാനത്ത് നരേന്ദ്രമോദിയെ മലർത്തിയടിച്ച മമതയുടെ പ്രതിഛായ മുമ്പ് പാർട്ടി വിട്ടു പോയവരൊക്കെ മമതയെ തേടി വന്നുകൊണ്ടിരിക്കുന്നു. കോൺഗ്രസ് ഉൾപ്പെടെ മറ്റു കക്ഷികളിൽനിന്നു പ്രമുഖ നേതാക്കളെ ആകർഷിക്കാനും മമതയ്ക്കു കഴിയുന്നു. മേഘാലയയിൽ 12 കോൺഗ്രസ് എം.എൽ.എമാരാണ് കഴിഞ്ഞ നവംബറിൽ പാർട്ടി വിട്ട് തൃണമൂൽ കോൺഗ്രസിൽ ചേർന്നത്. ആകെ 17 എൽ.എൽ.എമാരായിരുന്നു കോൺഗ്രസിനുണ്ടായിരുന്നത്. മുൻ മുഖ്യമന്ത്രി മുകുൾ സാഗ്മയാണ് കാലുമാറ്റത്തിനു നേതൃത്വം കൊടുത്തത്. മമതയ്ക്കുവേണ്ടി തെരഞ്ഞെടുപ്പു വിദഗ്ധൻ പ്രകാന്ത് കിഷോർ ഇടപെട്ടതിനെ തുടർന്നാണ് കോൺഗ്രസിൽ പിളർപ്പുണ്ടായത്. പലതവണ ഡൽഹിയിലെത്തി കോൺഗ്രസ് ഹൈക്കമാൻഡുമായി സംസാരിച്ചിട്ടും അനക്കമൊന്നും കാണാഞ്ഞതുകൊണ്ടാണ് പാർട്ടി വിട്ട് മമതയോടു ചേർന്നതെന്ന് സാഗ്മ പറയുന്നു. ദേശീയതലത്തിൽ ബി.ജെ.പിക്കെതിരേ ഒരു മുന്നണി കെട്ടിപ്പടുക്കാൻ മമതയ്‌ക്കേ കഴിയൂ എന്ന പ്രശാന്ത് കിഷോറിന്റെ വാക്കുകളിൽ സാഗ്മ അർഥം കണ്ടത് ഈ പശ്ചാത്തലത്തിലാണ്.


ബി.ജെ.പിക്കെതിരേ വിവിധ കക്ഷികളുടെ ഒരു മുന്നണിയുണ്ടാക്കാൻ ആർക്കു കഴിയുമെന്ന ചോദ്യം ഡൽഹിയിൽ ഉയർന്നുകഴിഞ്ഞു. 2004ലും 2009ലും രാജ്യം ഭരിച്ച യു.പി.എ മുന്നണി ഇപ്പോൾ നിലവിലില്ലെന്നു തന്നെ പ്രഖ്യാപിച്ചിരിക്കുകയാണ് മമതാ ബാനർജി. ഇപ്പോഴും രാജ്യമാകെ നോക്കിയാൽ ബി.ജെ.പി കഴിഞ്ഞാൽ ഏറ്റവും വലിയ പാർട്ടി കോൺഗ്രസ് തന്നെയാണ്. കോൺഗ്രസിനു സ്വാധീനമുള്ള സംസ്ഥാനങ്ങളുമേറെ. കോൺഗ്രസിന്റെ ദൗർബല്യം ഹൈക്കമാൻഡിന്റെ ദൗർബല്യം തന്നെയാണ്. പക്ഷേ ഹൈക്കമാൻഡിന് ആര് പുതിയൊരു ബലം നൽകും? കഴിഞ്ഞ ദിവസം ജെയ്പൂരിൽ ഒരു പടുകൂറ്റൻ റാലി നടത്തി കരുത്തു തെളിയിക്കുകയും ചെയ്തു കോൺഗ്രസ്.


2018ലെ മേഘാലയ നിയമസഭാ തെരഞ്ഞെടുപ്പിൽ ആകെയുള്ള 60 സീറ്റിൽ 21 സീറ്റുമായി കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായതാണ്. കോൺറാഡ് നഗ്മയുടെ നേതൃത്വത്തിലുള്ള നാഷണൽ പീപ്പിൾസ് പാർട്ടി (എൻ.പി.പി.) 18 സീറ്റുമായി രണ്ടാം സ്ഥാനത്തെത്തി. ബി.ജെ.പിക്കു കിട്ടിയത് വെറും രണ്ടു സീറ്റ്. പക്ഷേ ബി.ജെ.പിയുടെ പിന്തുണയുള്ള വടക്കുകിഴക്കൻ ജനാധിപത്യ മുന്നണിയുടെ സഹായത്തോടെ മന്ത്രിസഭയുണ്ടാക്കിയത് എൻ.പി.പി. ഡൽഹിയിൽ ഹൈക്കമാൻഡ് കണ്ണു തുറന്നു വന്നപ്പോഴേയ്ക്ക് ബി.ജെ.പി അവിടെ സർക്കാർ രൂപീകരിച്ചുകഴിഞ്ഞു.
അതുകൊണ്ടാണ് ബി.ജെ.പിയെ നേരിടാൻ താൻ മാത്രമേയുള്ളു എന്ന പ്രതിഛായയുമായി മമതാ ബാനർജി ഡൽഹി ലക്ഷ്യമാക്കി ചരടുവലിക്കാൻ തുടങ്ങുന്നത്. കോൺഗ്രസിനെ കുറേകൂടി ദുർബലപ്പെടുത്തിയാലേ യാത്ര എളുപ്പമാവൂ എന്നു മമതയ്ക്കറിയാം. അതിനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. കൂടുതൽ കളികൾ യു.പിയിൽ കാണാം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  23 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  23 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  23 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  23 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  23 days ago
No Image

മുനമ്പം; ജുഡീഷ്യല്‍ കമ്മീഷനോട് വിയോജിച്ച് പ്രതിപക്ഷം; സര്‍ക്കാര്‍ സംഘപരിവാറിന് അവസരമൊരുക്കി കൊടുന്നു: വിഡി സതീശന്‍

Kerala
  •  23 days ago
No Image

മഹാരാഷ്ട്രയില്‍ കുതിരക്കച്ചവട ഭീതിയില്‍ കോണ്‍ഗ്രസ്; എം.എല്‍.എമാരെ സംരക്ഷിക്കാന്‍ അണിയറ നീക്കങ്ങള്‍

National
  •  23 days ago
No Image

ദുബൈ; 2024 സെപ്റ്റംബർ 1-ന് ശേഷം റെസിഡൻസി വിസ ലംഘനങ്ങൾ നടത്തിയിട്ടുള്ളവർക്ക് പൊതുമാപ്പ് ആനുകൂല്യം ലഭിക്കില്ലെന്ന് അധികൃതർ

uae
  •  23 days ago
No Image

വിദേശികള്‍ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് ഫീസില്‍ ഇളവ് അനുവദിക്കാന്‍ കുവൈത്ത് 

latest
  •  23 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഔദ്യോഗിക പരിപാടികള്‍ ഡിസംബര്‍ രണ്ടിന് അല്‍ഐനില്‍

uae
  •  23 days ago