ജെന്‍ഡര്‍ ന്യുട്രല്‍ ഡ്രസ് കോഡ്: ചോദ്യങ്ങള്‍ നിരത്തി സത്താര്‍ പന്തല്ലൂര്‍
കോഴിക്കോട്: ജെന്‍ഡര്‍ ന്യൂട്രല്‍ എന്ന ആശയം ബാലുശ്ശേരി ഹയര്‍ സെക്കന്‍ഡറയില്‍ നടപ്പാക്കിയതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളില്‍ പ്രതികരിച്ച് എസ്.കെ.എസ്.എഫ് സംസ്ഥാന സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍. നിരവധി ചോദ്യങ്ങള്‍ നിരത്തിയാണ് ഫേസ്ബുക്കില്‍ സത്താര്‍ പന്തല്ലൂരിന്റെ പ്രതികരണം. സ്‌കൂളിലെ യൂണിഫോമില്‍ മാത്രം ചര്‍ച്ച ചെയ്ത് ചുരുക്കേണ്ട ഒന്നല്ല ജെന്‍ഡര്‍ ന്യൂട്രല്‍ എന്ന ആശയമെന്നും ചില ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടേണ്ടതുണ്ടെന്നും അദ്ദേഹം കുറിച്ചു...
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം...
ജെന്റര്‍ ന്യൂട്രല്‍ എന്ന ആശയം ബാലുശ്ശേരി ഹയര്‍ സെക്കന്ററി സ്‌കൂളിലെ യൂണിഫോമില്‍ മാത്രം ചര്‍ച്ച ചെയ്ത് ചുരുക്കേണ്ട ഒന്നല്ല. ലിംഗസമത്വം സാധ്യമാകാന്‍ ആണും പെണ്ണും ഒരേ വസ്ത്രം ധരിക്കണമെന്നാണ് പറയുന്നത്. ഇതിന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ പിന്തുണയും പ്രോത്സാഹനവുമുണ്ട്. ഇവിടെ ചില ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടേണ്ടതുണ്ട്.
-മനുഷ്യനിലെ ജൈവികമായ വ്യത്യാസങ്ങളെ വസ്ത്രം കൊണ്ട് മൂടിവെക്കാന്‍ കഴിയുമോ ?
-ഒരേ പോലെ വസ്ത്രം ധരിച്ചാല്‍ തുല്യത കിട്ടുമെന്ന് പറയുന്നതിന്റെ അടിസ്ഥാനം എന്താണ് ?
-എന്തിനും ഏതിനും ശാസ്ത്രീയ പഠനത്തെ അവലംബിക്കുന്നവര്‍ ഇക്കാര്യത്തില്‍ വല്ല പഠനവും നടത്തിയിട്ടുണ്ടോ ? സര്‍വ്വേ നടത്തിയിട്ടുണ്ടോ ? ഉണ്ടെങ്കില്‍ അത് പുറത്ത് വിടുമോ ?
-സ്ത്രീ, പുരുഷന്‍മാര്‍ക്കിടയില്‍ ആത്യന്തികമായി വേണ്ടത് തുല്യതയാണെന്ന് ആരാണ് കണ്ടെത്തിയത് ?
-ആണിന്റെയും പെണ്ണിന്റെയും ജീവശാസ്ത്രപരവും മനഃശാസ്ത്ര പരവുമായ വ്യത്യാസങ്ങളെ കണ്ടറിഞ്ഞു സമാധാനമുള്ള കുടുംബ വിവാഹ ജീവിതത്തിനു സഹായകമാവുന്ന 'ലിംഗ നീതി' എന്ന ആശയത്തില്‍ അധിഷ്ഠിതമായി ജീവിക്കുന്ന ഇവിടുത്തെ പാരമ്പര്യ സമൂഹങ്ങളെ ലിംഗ സമത്വ വാദത്തിലേക്ക് പരിവര്‍ത്തനം നടത്തണം എന്ന അത്യാഗ്രഹം ഏത് സ്റ്റഡി ക്ലാസില്‍ നിന്ന് ഉരുത്തിരിഞ്ഞതാണ്?
-എടാ, എടീ എന്ന് വേര്‍തിരിച്ച് വിളിക്കുന്നത്, വെവ്വേറെ ഹോസ്റ്റലുകളും, ബാത്ത് റൂമുകളും സംവിധാനിക്കുന്നത് ഒക്കെ ഇവര്‍ പറയുന്ന അര്‍ത്ഥത്തില്‍ 'തുല്യത'ക്കെതിരല്ലേ ? പശ്ചാത്യന്‍ രാജ്യങ്ങളിലെ ഇത്തരം സംവിധാനങ്ങളുടെ ഗുണദോഷങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ ?
-gender sexuality വെളിപ്പെടുത്താത്ത ഒരു സമൂഹത്തെ സൃഷ്ടിക്കുന്നതിന്റെ നേട്ടം എന്താണ് ?
-പശ്ചാത്യ രാജ്യങ്ങളില്‍ അരാജകത്വം മാത്രം സമ്മാനിച്ച ഇത്തരം അര്‍ത്ഥ ശൂന്യമായ ആശയങ്ങളെ ഒളിച്ചു കടത്താനുള്ള ശ്രമങ്ങളെ ആശയപരമായിത്തന്നെ പ്രതിരോധിക്കണം.
സ്വിറ്റ്‌സര്‍ലാന്റിലെ ആരോഗ്യ വകുപ്പ് 13 17 വയസ്സിനിടയില്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ക്കിടയില്‍ 2008 മുതല്‍ 2018 വരെ നടത്തിയ പഠനത്തില്‍ അവര്‍ക്ക് gender dysphoria (ഒരു വ്യക്തിക്ക് അവരുടെ ജൈവിക ലൈംഗികതയും അവരുടെ ലിംഗ സ്വത്വവും തമ്മിലുള്ള പൊരുത്തക്കേട് കാരണം ഉണ്ടായേക്കാവുന്ന അസ്വസ്ഥതയാണ് ജെന്‍ഡര്‍ ഡിസ്‌ഫോറിയ. ഈ അസ്വാസ്ഥ്യമോ അസംതൃപ്തിയോ വളരെ തീവ്രമായിരിക്കാം, അത് വിഷാദത്തിലേക്കും ഉത്കണ്ഠയിലേക്കും നയിക്കുകയും ദൈനംദിന ജീവിതത്തില്‍ ഹാനികരമായ സ്വാധീനം ചെലുത്തുകയും ചെയ്യും) 1500 ശതമാനം വര്‍ധിച്ചുവെന്നാണ് പഠനത്തില്‍ തെളിയിച്ചത്. ഇവിടേക്കാണോ കേരളത്തേയും എത്തിക്കുന്നത് ?
യാതൊരു പഠനമോ അന്വേഷണമോ ഇല്ലാതെ പുരോഗമന പരമെന്ന പേരില്‍ ഓരോ ആശയങ്ങളെ ഒളിച്ച് കടത്താനുള്ള ശ്രമങ്ങള്‍ അനുവദിക്കില്ല. അത് തിരിച്ചറിയാന്‍ പ്രബുദ്ധരായ മലയാളിക്ക് കഴിയും. ജെന്റര്‍ ന്യൂട്രല്‍ ഡ്രസ്സ് എന്നത് കംഫര്‍ട്ട് ഡ്രസ്സ് എന്ന് മാറ്റിപ്പറയുമ്പോഴേക്കും മറന്ന് പോകുന്നതല്ല അത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."