ആഗോളസമ്പത്ത്: അമേരിക്കൻ ആധിപത്യം തകരുന്നോ?
പ്രൊഫ. കെ. അരവിന്ദാക്ഷൻ
പ്രശസ്ത കൺസൽട്ടൻസി സ്ഥാപനമായ മക്കിൻസി ആൻഡ് കമ്പനിയുടെ ഗവേഷണ വിഭാഗത്തിന്റേതായൊരു റിപ്പോർട്ടിലെ വിവരങ്ങൾ സമീപകാലത്ത് മാധ്യമ ശ്രദ്ധ നേടുകയുണ്ടായി. ഗവേഷണ വിധേയമാക്കപ്പെട്ട വിഷയം ആഗോളവരുമാനത്തിന്റെ 60 ശതമാനം വരുന്ന 10 രാജ്യങ്ങളുടെ ദേശീയ ബാലൻസ് ഷീറ്റുകളായിരുന്നു. ഈ ഗവേഷണ റിപ്പോർട്ടിന്റെ കാതലായ കണ്ടെത്തൽ ആഗോളതലത്തിൽ സമ്പത്തിന്റെ വർധന പിന്നിട്ട രണ്ടു ദശകങ്ങൾക്കിടയിൽ മൂന്നിരട്ടി കണ്ട് ഉയർന്നിരിക്കുന്നു എന്നായിരുന്നു. ഈ കണ്ടെത്തലിനേക്കാൾ പ്രധാനം സ്വത്ത് സമ്പാദനത്തിൽ ചൈന അമേരിക്കയെ പിന്നണിയിലാക്കിയിരിക്കുന്നു എന്നാണ്. ആഗോളസ്വത്തിൽ 2000-2020 കാലയളവിലുണ്ടായിരുന്ന കുതിച്ചുചാട്ടം 156 ട്രില്യൻ ഡോളറിൽനിന്ന് 516 ട്രില്യനിലേക്കാണ്. ഈ വർധനവിന്റെ മൂന്നിലൊരു ഭാഗവും ചൈനയുടേതുമായിരുന്നു. അതായത് വെറും 7 ട്രില്യൻ ഡോളറിൽനിന്ന് 120 ട്രില്യൻ ഡോളറിലേക്ക്. ചൈനയാണെങ്കിൽ ലോക വ്യാപാര സംഘട (ഡബ്ല്യു.ടി.ഒ) അംഗമാകുന്നത് 2019ൽ മാത്രമായിരുന്നു എന്നതും ഈ അവസരത്തിൽ പ്രസക്തമാണ്. ചൈനക്ക് ആഗോള വ്യാപാരമേഖലയിലും ഇപ്പോൾ പ്രാധാന്യവും പദവിയും ഉയർന്നിരിക്കുന്നു എന്നതാണ് ഇതിന്റെ അർഥം.
അമേരിക്കയുടെ കാര്യമെടുത്താൽ സ്വത്തുവകകളിൽ രേഖപ്പെടുത്തിയ നിസാരമായ വർധനവിന്റെ ഫലമായി ഈ കാലയളവിൽ ഇരട്ടി വർധനവുമാത്രമാണ് നേടാനായത്. അതായത് 2000നും 2020നും ഇടയ്ക്ക് 90 ട്രില്യൻ ഡോളറിലേക്കുണ്ടായ ഉയർച്ച മാത്രം. യു.എസും ചൈനയും തമ്മിൽ ആഗോളതലത്തിൽ ഏറ്റവും സമ്പന്നമായ രണ്ട് രാഷ്ട്രങ്ങളെന്ന നിലയിൽ മറ്റൊരു വിധത്തിലും താരതമ്യപ്പെടുത്താവുന്നതാണ്. ഈ രണ്ട് സമ്പന്ന സമ്പദ്‌വ്യവസ്ഥകളിലും മൂന്നിൽ രണ്ടുഭാഗം സമ്പത്തും കേന്ദ്രീകരിച്ചിരിക്കുന്നത് സമ്പദ‌്‌വ്യവസ്ഥയിലെ 10 ശതമാനം വരുന്ന കുടുംബങ്ങളിലാണ്. ഇവയുടെ ഓഹരിയാണെങ്കിൽ ക്രമേണ വർധിച്ചുവരുന്നതായും കണ്ടെത്തിയിരിക്കുന്നു. ആഗോളതലത്തിൽ നോക്കിയാൽ സ്വത്തു കേന്ദ്രീകരിച്ചിരിക്കുന്നതാണെങ്കിൽ റിയൽ എസ്‌റ്റേറ്റിന്റെ രൂപത്തിലുമാണ്- 68 ശതമാനം. ശേഷിക്കുന്നതാണെങ്കിൽ ആന്തരഘടന, യന്ത്രോപകരണങ്ങൾ തുടങ്ങിയവയുടെ രൂപത്തിലുമാണ്. ബൗദ്ധിക സ്വത്തവകാശം പേറ്റന്റുകൾ എന്നിങ്ങനെയുള്ളവ നിസാരമായ തോതിൽ മാത്രമാണ് സ്വത്തിന്റെ ഭാഗമായി കാണപ്പെടുന്നത്.
സാധാരണ ഗതിയിൽ ധനകാര്യ സ്രോതസുകൾ സ്വത്തിന്റെ ഭാഗമായി കണക്കാക്കാറില്ല, കാരണം ഇത്തരം ആസ്തികളോടൊപ്പം ബാധ്യതകളും സ്വാഭാവികമായും ഉണ്ടായിരിക്കും. ആഗോളസമ്പത്തിൽ കാണപ്പെടുന്ന വൻതോതിലുള്ള ഈ പെരുപ്പത്തിന് ഒരു മറുവശമുണ്ടെന്നത് അവഗണിക്കാൻ പാടില്ല. രണ്ടു ദശകക്കാലത്തിനിടയിൽ നടന്നിരിക്കുന്ന ഈ ആസ്തി വർധനവിന് ആനുപാതികമായിട്ടല്ല, ജി.ഡി.പിയിലുണ്ടായിരുന്ന വർധനവ് എന്നതാണിത്. മാത്രമല്ല, ഈ രണ്ട് ദശവർഷക്കാലയളവിൽ പ്രോപ്പർട്ടി നിലവാരം കുതിച്ചുയരുക എന്നതുമാത്രമാണുണ്ടായത്. ഈ വില വർധനവാണെങ്കിലോ, വരുമാനവുമായി തുലനം ചെയ്യുമ്പോൾ 50 ശതമാനത്തിലേറെയുമാണ്. സ്വാഭാവികമായും ഭീമമായതോതിലുള്ള ഈ അന്തരം വർധിച്ചുവരുന്ന സ്വത്ത് എത്രനാൾ ഇതേ നിലയിൽ തന്നെ തുടർന്നും നിലനിൽക്കുമെന്നതുമായി ബന്ധപ്പെട്ടുള്ള ആശങ്കകൾക്കും ഇടം നൽകുന്നുണ്ട്. ഇതിൽ പരിഹാരം കണ്ടെത്തൽ എളുപ്പമല്ല.
കുതിച്ചുയരുന്ന റിയൽ എസ്റ്റേറ്റ് മൂല്യം സ്വന്തം കിടപ്പാടം എന്ന സ്വപ്‌നം സാക്ഷാത്കരിക്കപ്പെടാനുള്ള സാധ്യതകളും വിരളമാക്കുന്നു. ഇത്തരം സാഹചര്യങ്ങൾ ഏറെക്കാലം തുടരാനിടയായാൽ ഒരു "ഹൗസിങ് കുമിള''യുടെ പൊട്ടിത്തെറി 2008ലേതിനു സമാനമായ മാതൃകയിലുണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനുമാവില്ല എന്നാണ് നിരീക്ഷകർ പറയുന്നത്. ചൈനയെ സംബന്ധിച്ചിടത്തോളം വൻകിട നിർമാണ കമ്പനിയായ എവർഗ്രാൻഡെ ഗ്രൂപ്പ് ചെന്നുപെട്ടിരിക്കുന്ന ഗുരുതരമായ കടബാധ്യതാപ്രതിസന്ധിയിലുടേതുപോലെ സമ്പദ്‌വ്യവസ്ഥയിലാകെ തകർച്ചയുടെ ഒരു പരമ്പര തന്നെയും ഉണ്ടാവാനിടയുണ്ട്.
എന്താണിതിൽനിന്നെല്ലാമുള്ള രക്ഷാമാർഗം? ആഗോളതലത്തിൽ കുമിഞ്ഞു കൂടിക്കൊണ്ടിരിക്കുന്ന സമ്പത്ത് ആഗോള ജി.ഡി.പി വർധനവിലേക്ക് സഹായകമായ വിധത്തിൽ നിക്ഷേപ മേഖലയിൽ വിനിയോഗിക്കുക എന്നതു മാത്രമാണിത്. ഇപ്പോൾ കാണപ്പെടുന്ന ഈ രജതരേഖ ഒരു പേടിസ്വപ്‌നമായി രൂപപ്പെടാതിരിക്കണമെങ്കിൽ ലോകരാജ്യങ്ങളെല്ലാം ഒറ്റക്കെട്ടായി നിലകൊള്ളുകയും ജനോപകാരപ്രദമായ സ്വത്തുവിനിയോഗ മാർഗങ്ങൾ ആവിഷ്‌കരിച്ച് സമയബന്ധിതമായി നടപ്പാക്കുകയും വേണം. ഇതിനു ബദൽ മാർഗമൊന്നും ഇല്ല തന്നെ.
ചൈനയെ സംബന്ധിച്ചിടത്തോളം ഇപ്പോൾ തന്നെ ലഭ്യമാകുന്ന വിവരം നൽകുന്ന സൂചനകൾ ശുഭോദർക്കമാണ്. 2021 ഒക്ടോബറിൽ പ്രതീക്ഷിച്ചതിനു വിപരീതമായി ചില്ലറ വിൽപന ഉയരുകയും പ്രോപ്പർട്ടി കൈമാറ്റങ്ങൾ ത്വരിതപ്പെടുകയും ചെയ്തിട്ടുള്ളതായിട്ടാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. മാത്രമല്ല, വ്യാവസായികോൽപാദനത്തിൽ ഒരു വർഷത്തേക്കാൾ 3.5 ശതമാനം വർധന രേഖപ്പെടുത്തുകയുമുണ്ടായി. നിശ്ചിത ആസ്തിനിക്ഷേപത്തിന്റെ നേരത്തെയുണ്ടായിരുന്ന മരവിപ്പിനു പകരം 6.1 ശതമാനം ഉയർച്ചയും കാണാൻ കഴിഞ്ഞു. താമസിയാതെ ഇതിൽ ഇനിയും വർധനവുണ്ടാകുമെന്നാണ് പ്രവചനവും. തൊഴിൽരഹിതരുടെ നിരക്കിൽ 4.9 ശതമാനം വർധനവെന്നത് അതേപടി തുടരുന്നുണ്ടെന്നതും ആശ്വാസത്തിനിട നൽകുന്നുണ്ട്.
അതേസമയം, നവംബർ 26 ന് പുറത്തുവരുന്ന വിവരമനുസരിച്ച് ആഗോള ഓഹരി വിപണികളിൽ മാത്രമല്ല, ഏഷ്യൻ വിപണികളിലും വൻതോതിൽ തകർച്ച നേരിട്ടുതുടങ്ങിയിട്ടുണ്ടെന്നാണ് അറിയുന്നത്. യൂറോപ്യൻ രാജ്യങ്ങളിൽ കൊവിഡിന്റെ പുതിയ തരംഗം പൊട്ടിപ്പുറപ്പെടുന്നു എന്നതുകൂടാതെ ദക്ഷിണാഫ്രിക്കയിൽ നിലവിലുള്ള പ്രതിരോധ വാക്‌സിനുകൾ നിയന്ത്രിക്കാൻ കഴിയാത്തതിൽ ഗുരുതുര സ്വഭാവമുള്ള കൊവിഡിന്റെ പുതിയൊരു വകഭേദംകൂടി വന്നുചേർന്നിരിക്കുന്നു എന്ന റിപ്പോർട്ടുകൾക്കിടയിലാണ് ലോകമെമ്പാടുമുള്ള ഓഹരി വിപണി ഒരു തകർച്ചയിലേക്ക് അതിവേഗം നീങ്ങിക്കൊണ്ടിരിക്കുന്നത്. ഒമിക്രോൺ എന്ന പേരിലുള്ള കൊവിഡിന്റെ പുതിയ വകഭേദം കൂടുതൽ സങ്കീർണഫലങ്ങൾക്കിടയാക്കുമെന്നത് ആശങ്കപ്പെടുത്തുന്നു. ഇത്തരം പുതിയ സംഭവവികാസങ്ങൾ ചൈനീസ് സമ്പദ്‌വ്യവസ്ഥയ്ക്ക് താൽകാലികമായി ലഭ്യമായിരിക്കുന്ന ഈ അനുകൂല കാലാവസ്ഥയിൽ ഏതുനിമിഷത്തിലുള്ള മാറ്റമാണ് വരുത്തുക എന്നത് ഉറപ്പിക്കാൻ കഴിയുന്നതുമല്ല. എന്തും സംഭവിക്കാമെന്നൊരു സ്ഥിതിവിശേഷമാണ് ഇപ്പോഴുള്ളതെന്നു മാത്രമേ നമുക്ക് കരുതാൻ നിർവാഹമുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."