കടുവയ്ക്കുള്ള കത്തി നാട്ടുകാർക്കു നേരേ
കുറുക്കൻമൂല (മാനന്തവാടി)
പ്രദേശത്ത് ഭീതിവിതക്കുന്ന കടുവയെ പിടിക്കാൻ സാധിക്കാത്ത വനംവകുപ്പിന്റെ പരാക്രമം നാട്ടുകാർക്കുനേരേ. കഴിഞ്ഞ മൂന്നാഴ്ചയായി കുറുക്കൻമൂല, പയ്യമ്പള്ളി, പുതിയിടം പ്രദേശങ്ങളിൽ 17 വളർത്തു മൃഗങ്ങളെ കൊന്ന് കടുവ സൈ്വര്യജീവിതം തകർക്കുന്നതിനിടെയാണ് പ്രതിഷേധിച്ച ജനങ്ങൾക്കു നേരെ വനംവകുപ്പ് ഉദ്യോഗസ്ഥൻ കത്തിവീശിയത്. കടുവയെ കണ്ടെത്താൻ പോലും കഴിയാത്ത വനംവകുപ്പിന്റെ നടപടിയിൽ നാട്ടുകാർക്ക് അമർഷം ശക്തമാണ്.
വെള്ളിയാഴ്ച രാത്രി പുതിയിടത്തെ മനോജിന്റെ വാഹനത്തിനു മുന്നിലൂടെ കടുവ റോഡ് മുറിച്ചു കടന്നിരുന്നു. ഇന്നലെ രാവിലെ സ്ഥലത്തെത്തിയ ഉന്നത ഉദ്യോഗസ്ഥരെ ഈ വിഷയം ധരിപ്പിക്കാൻ പുതിയിടം ഡിവിഷൻ കൗൺസിലർ വിപിൻ വേണുഗോപാലും നാട്ടുകാരുമെത്തി. വിപിൻ വേണുഗോപാൽ വയനാട് വൈൽഡ് ലൈഫ് വാർഡൻ നരേന്ദ്രനാഥ്, ഡോ. അരുൺ സക്കറിയ എന്നിവരുമായി സംസാരിച്ച് വിഷയം ധരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥർ ചെവികൊടുത്തില്ല. കഴിഞ്ഞ ദിവസം ഇതേസ്ഥലത്ത് തിരച്ചിൽ നടത്തിയാതാണെന്നും കടുവയെ കണ്ടെത്താനായില്ലെന്നും പറഞ്ഞ് പോകാൻ ഉദ്യോഗസ്ഥർ ശ്രമിച്ചു. ഇതോടെ നാട്ടുകാർ പ്രതിഷേധിച്ചു. പിന്നാലെ നാട്ടുകാരും വനപാലകരും തമ്മിൽ സംഘർഷമായി. സംസാരിക്കുന്നതിനിടെ ജനപ്രതിനിധിയെ വനപാലകർ മർദിച്ചെന്ന് നാട്ടുകാർ പറയുന്നു. ഇത് ഇരു വിഭാഗവും തമ്മിൽ വാക്കേറ്റത്തിനും കൈയ്യാങ്കളിക്കും ഇടയാക്കി.
അതിനിടയിലാണ് ഒരു വനംവകുപ്പ് ഉദ്യോഗസ്ഥൻ അരയിൽനിന്ന് കത്തി എടുക്കാൻ ശ്രമിക്കുകയും മറ്റൊരു വനപാലകൻ തടയുകയും ചെയ്തത്. ജനപ്രതിനിധിയെ കൈയേറ്റം ചെയ്ത സംഭവത്തിൽ വനപാലകർ മാപ്പ് പറയണമെന്ന ആവശ്യമുമായി നാട്ടുകാർ രംഗത്തെത്തി. വനംവകുപ്പിന്റെ വാഹനങ്ങൾ തടഞ്ഞും റോഡിൽ മാർഗതടസം സൃഷ്ടിച്ചും നാട്ടുകാർ നിലയുറപ്പിച്ചു.
പൊലിസ് സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്. പിന്നീട് കാട്ടിക്കുളം ഫോറസ്റ്റ് സ്റ്റേഷനിൽ ഉന്നത വനപാലകരും പൊലിസും രാഷ്ട്രീയ നേതാക്കളും ചർച്ച നടത്തുകയും കുറ്റക്കാർക്കെതിരേ നടപടി സ്വീകരിക്കാൻ തീരുമാനിക്കുകയും ചെയ്തതോടെയാണ് സംഭവങ്ങൾക്ക് വിരാമമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."